സംസ്ഥാനം നേരിടുന്ന മണ്ണെണ്ണ പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടണമെന്ന സംസ്ഥാന പൊതു വിതരണ വകുപ്പിന്റെ സമ്മര്‍ദ്ദം ഫലം കാണുന്നു.
നോണ്‍ സബ്‌സിഡി ഇനത്തില്‍ 22,000 കിലോലിറ്റര്‍ അധികം മണ്ണെണ്ണ അനുവദിക്കാമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പു മന്ത്രി ഹര്‍ദീപ് സിങ് പുരി സംസ്ഥാന ഭക്ഷ്യ — പൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രി ജി ആര്‍ അനിലിനെ അറിയിച്ചു. നേരത്തെ നടത്തിയ കത്തിടപാടുകളുടെ തുടര്‍ച്ചയായി ഡല്‍ഹിയില്‍ നിര്‍മ്മാണ്‍ ഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
സബ്‌സിഡി ഇനത്തിലും മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യേണ്ട സബ്‌സിഡി മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കുന്നത് നയപരമായ തീരുമാനമായതിനാല്‍ ഒരു സംസ്ഥാനത്തിന് മാത്രമായി അനുവദിക്കുക പ്രായോഗികമല്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഓണം പ്രമാണിച്ച് നടത്തിയ പ്രത്യേക അഭ്യര്‍ത്ഥനയിലാണ് മണ്ണെണ്ണ അനുവദിച്ചതെന്നും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
2021 ഏപ്രില്‍ മുതല്‍ 2022 വരെ കേരളത്തിലെ പൊതു വിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത അരിയും ഭക്ഷ്യധാന്യങ്ങളും ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനു ചെലവായ 136 കോടി രൂപാ കുടിശിക അടുത്തമാസം നല്‍കാന്‍ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായിരുന്നു. കേരളത്തിന് ടൈഡ് ഓവര്‍ വിഹിതമായി ലഭിച്ചുകൊണ്ടിരുന്ന 6459.074 മെട്രിക് ടണ്‍ ഗോതമ്പിനു പകരം റാഗി നല്‍കണമെന്ന ആവശ്യം ഗോയലുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി മുന്നോട്ടു വച്ചിരുന്നു. റാഗി അനുവദിച്ചാല്‍ തുടക്കമെന്ന നിലയില്‍ ഒരു പഞ്ചായത്തിലെ ഒരു റേഷന്‍ കടയിലും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ മുഴുവന്‍ റേഷന്‍ കടകള്‍ വഴിയും റാഗി പൊടിച്ച് വിതരണം ചെയ്യും. ഇതിനായി 991 മെട്രിക് ടണ്‍ റാഗിയാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
English Summary: State intervention paid off; 22,000 kiloliters of additional kerosene
You may like this video also