Site iconSite icon Janayugom Online

സംസ്ഥാന തല ശാസ്ത്രോത്സവം ആലപ്പുഴയിൽ നവംബർ 15 മുതൽ

സമ്പന്നമായ ശാസ്ത്രധാരകളുള്ള കേരളത്തിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല കേരള സ്കൂൾ ശാസ്ത്രോൽസവം ആലപ്പുഴയിൽ നടക്കും. ഇതിന്റെ സംഘാടക സമിതിയോഗം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 

വിദ്യാർത്ഥികൾക്ക് ശാസ്ത്രരംഗങ്ങളിൽ തങ്ങളുടെ കഴിവുകളും സൃഷ്ടിപരതയും തെളിയിക്കാനുള്ള ശക്തമായ വേദിയാണ് ശാസ്ത്രോൽസവം വഴി പൊതു വിദ്യാഭാസ വകുപ്പ് നൽകുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നമ്മുടെ കുട്ടികൾക്ക് കൃത്യമായ മാർഗനിർദേശങ്ങളും മികച്ച വേദികളും നൽകുമ്പോൾ അവരുടെ കഴിവുകൾക്ക് രാജ്യാന്തര തലത്തിലും പ്രാധാന്യം ലഭിക്കുന്നുണ്ട്. ശാസ്ത്രരംഗങ്ങളിൽ മികച്ച കഴിവുകൾ ഉണ്ടെന്ന് തെളിയിക്കുന്ന വിദ്യാർത്ഥികൾ, നമ്മുടെ ഭാവിയുടെ ശാസ്ത്രജ്ഞന്മാരും ഗവേഷകരുമാണെന്ന് അദ്ദേഹം പറഞ്ഞു. 

ഈ വർഷത്തെ സംസ്ഥാന തല ശാസ്ത്രോൽസവം അഞ്ച് ദിവസമായിട്ടാണ് നടത്തുന്നത്. നവംബർ 15 മുതൽ 19 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള കേരള സ്കൂൾ ശാസ്ത്രോത്സവത്തിൻറെ ആതിഥേയത്വം ആലപ്പുഴയ്ക്കാണ് ലഭിച്ചിട്ടു ള്ളത്. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ. റ്റി. മേള, കൂടാതെ വൊക്കേഷണൽ എക്സ്പോ ആന്റ് കരിയർ ഫെസ്റ്റ് എന്നിങ്ങനെ 7 വിഭാഗത്തിൽപ്പെട്ട മേളകൾ നടക്കുന്നുണ്ട്. പതിനായിരത്തിൽപ്പരം കുട്ടികൾ പങ്കെടുക്കുന്ന ഈ ശാസ്ത്രോത്സവം, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേള എന്നതിൽ നമ്മുടെ അഭിമാനവും പ്രതീക്ഷയും കൂടിയാണെന്ന് മന്ത്രി പറഞ്ഞു. ഫിഷറീസ് ‑സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം എൽ എമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ദലീമ, യു പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗീസ്, മുനിസിപ്പൽ ചെയർമാൻ കെ കെ ജയമ്മ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാജഹാൻ, സി. പി. എം. ജില്ല സെക്രട്ടറി ആർ നാസർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എ എം നസീർ, വിദ്യാഭ്യാസ ഉപഡയറക്ടർ എസ് ശ്രീലത എന്നിവർ സംസാരിച്ചു. ഗവർണർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, വിദ്യാഭ്യാസ മന്ത്രി, ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, എം. എൽ. എമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.

Exit mobile version