ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് നൽകിയതിനെ സ്വാഗതം ചെയ്ത് ജില്ലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ. ഇനി പേടിക്കാതെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാം. ഉത്തരവ് വൈകുമെന്നതിനാൽ ജില്ലാ പെർമിറ്റ് സംസ്ഥാന പെർമിറ്റുകളായി പരിഗണിക്കും. പുതിയ പെർമിറ്റുകൾ സംസ്ഥാന പെർമിറ്റുകളായിട്ടാകും നൽകുന്നത്. പെർമിറ്റിൽ വന്ന മാറ്റം ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമാണ്. ദൂരയാത്രകൾക്ക് ടാക്സി വിളിക്കാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. അവർ ഞങ്ങളെ വിളിയ്ക്കുമ്പോൾ പൊലീസ് പിടിയ്ക്കുമോയെന്ന ഭയത്താൽ ഞങ്ങൾ പോകാറില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ചുരുക്കം ചില ഡ്രൈവർമാർ റിസ്ക് എടുത്തും പോകാറുണ്ട്. പ്രവാസികൾ കൂടുതലുള്ള ജില്ലയിൽ എറണാകുളം, തിരുവനന്തപുരം എയർപോർട്ടുകളിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുന്നവരുണ്ട്. ഇങ്ങനെയുള്ളവർക്ക് ഇനി ഭയക്കാതെ യാത്ര ചെയ്യാം. ജില്ലയ്ക്ക് പുറത്ത് 20 കിലോമീറ്റർ അധികമായി വാഹനം ഓടിയാൽ ഇൻഷുറൻസ് ക്ലെയിം മുൻപ് കിട്ടില്ലായിരുന്നു. ഇപ്പോൾ ആ പേടി വേണ്ട. അത്യാവശ്യഘട്ടങ്ങളിൽ ഓട്ടോറിക്ഷയുമായി പോകേണ്ടി വരാറുണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ സമ്മതിക്കുന്നു. എന്നാൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ലായിരുന്നു. മറ്റ് ജില്ലകളിലേക്ക് സ്വന്തം റിസ്കിലാണ് ഓട്ടോ ഡ്രൈവർമാർ സവാരി പോയിരുന്നത്. അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസും ലഭിക്കില്ല. സംസ്ഥാന പെർമിറ്റ് സ്വാഗതാർഹമാണെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് യു പറഞ്ഞു.