കേരള പൊലീസ് അക്കാദമിയിൽ ആരംഭിച്ച സംസ്ഥാന പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെയും ഫിസിക്കൽ ട്രെയിനിംഗ് നഴ്സറിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഈ സംവിധാനങ്ങളെല്ലാം ഫലപ്രദമായും ജനോപകാരപ്രദമായും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെയും വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം, കേരളീയ സമൂഹത്തിലെ നിയമബോധത്തോടുള്ള മാനസിക പരിവർത്തനം, ക്രൈം ഡാറ്റാ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, വിരലടയാളം, ഫൊറൻസിക്, ഡോഗ് സ്ക്വാഡ് നേട്ടങ്ങൾ, ജനമൈത്രി, സോഷ്യൽ പൊലീസിങ്ങ് മുന്നേറ്റങ്ങൾ, ലഹരിവ്യാപനത്തിൽ പൊലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, സോഷ്യൽ മീഡിയ ക്രൈം അവലോകനം എന്നിവയെല്ലാം ബന്ധപ്പെട്ട് ശാസ്ത്രീയ അപഗ്രഥനവും, വിലയിരുത്തലും ഗവേഷണ കേന്ദ്രത്തിൽ സാധ്യമാകും.
കേരളത്തിലും പുറത്തുമുള്ള സർവ്വകലാശാലകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയ്ക്കായുള്ള വിഭവശേഖരണം, ഗവേഷണ സഹായം എന്നിവയും പൊലീസ് ഗവേഷണ കേന്ദ്രം ഒരുക്കും. ജനനന്മയ്ക്കും പൊലീസ് വികസനത്തിനുമുതകും വിധം ആധുനിക ടെക്നോളജിയും മറ്റു ശാസ്ത്രീയ സങ്കേതങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ ഗവേഷണ കേന്ദ്രത്തിന്റെ ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചെലവഴിച്ച് കോസ്റ്റ്ഫോർഡ് നേതൃത്വത്തിൽ പണി കഴിപ്പിച്ച 2000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് ഗവേഷണ കേന്ദ്രം.
ശാസ്ത്രീയ കായിക പരിശീലനത്തിന് കേരളപൊലീസ് അക്കാദമിയിൽ നൂതന സംവിധാനം ഒരുക്കുന്നതാണ് ഫിസിക്കൽ ട്രെയിനിംഗ് (പിടി) നഴ്സറി . ഒരേ സമയത്ത് കൂടുതൽ പേരെ പരിശീലിപ്പിക്കാനും, കായികക്ഷമതാ ഗ്രാഫ് പടിപടിയായി ഉയർത്താനും കഴിയുന്ന പി ടി നഴ്സറി സംവിധാനം കേരളത്തിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്.
ഹിൽ ട്രാക്ക്, ബാറ്റിൽ റോപ്പ്, ബെൽ റണ്ണിംഗ്, ബോക്സ് ടൈപ്പ് പുൾ അപ്പ്, തുടങ്ങി പന്ത്രണ്ടിന ട്രെയിനിംഗ് സ്റ്റേഷനുകളാണ് പൊലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ളത്. ഓൺലൈനായി നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപി ഷൈക് ദർവേഫ് സാഹിബ്, ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
English summary;State Police Research Center and Physical Training Nursery System in Kerala
you may also like this video;