Site icon Janayugom Online

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; തെങ്ങോലയുണ്ടോ… ചവറ്റുകുട്ട റെഡി

തെങ്ങോല കൊണ്ടുള്ള ചവറ്റുകുട്ട നിർമ്മാണം മേള കാണാനെത്തിയ കുട്ടികൾക്ക് കൗതുകമായി. നാളിതുവരെ ഇത്തരം കുട്ടകൾ കാണാത്തവരായിരുന്നു പലരും. ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി എൻഎസ്എസ് വോളണ്ടിയർ അദ്രിക എ കുമാർ താല്പര്യമുള്ള കുട്ടികൾക്ക് ചവറ്റുകുട്ട നിർമ്മാണ പരിശീലനവും നൽകുന്നുണ്ട്.
എക്സ്പോയിലെ നാഷണൽ സർവീസ് സ്കീം പവലിയനിലാണ് പഴമയെ ഓർമ്മപ്പെടുത്തുന്ന ഈ പരിശീലനം ഒരുക്കിയിട്ടുള്ളത്. ഒപ്പം വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം പദ്ധതിയായ സ്നേഹ സഞ്ജീവനിയുടെ ഭാഗമായി സ്റ്റാളിൽ സന്ദർശകരുടെ പ്രമേഹ പരിശോധനയും രക്തസമ്മർദ്ദ പരിശോധനയും നടത്തി. വിവിധ കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനവും നടത്തുന്നുണ്ട്. 

ചെടികളുടെ വിത്തുകൾ കൊണ്ട് ഉണ്ടാക്കിയ സീഡ് ബോൾ സന്ദർശകർക്ക് പ്രിയമുള്ളതായി. സീഡ് ബോൾ എവിടെ ഇട്ടാലും അതിലെ വിത്ത് വീണ് മുളയ്ക്കും. കൂടാതെ സീഡ് പേനയും സ്റ്റാളിൽ ലഭ്യമാണ്. വിഎച്ച്എസ്ഇ എൻഎസ്എസ് വോളണ്ടിയർമാർ ചെയ്ത പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശനവും ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. വർജ്യം പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ സെൽഫി പ്രതിജ്ഞാ ബൂത്തും പോസ്റ്റർ പ്രദർശനവും ഒപ്പ് പതിക്കൽ പ്രചാരണവും എൻഎസ്എസ് സ്റ്റാളിലുണ്ട്. ലഹരിക്കൂത്ത് എന്ന പേരിൽ രാജീവ് പുലവർ സംവിധാനം ചെയ്ത് രഞ്ജിത്ത് പി ആർ, ഗൗതം പി ജി, ദീപക് ടി ആർ എന്നിവർ എൻഎസ്എസ് പവലിയനിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചത് സന്ദർശകർക്ക് ഹൃദ്യമായ അനുഭവവും ബോധവൽക്കരണവുമായി. 

Eng­lish Summary:State School Sci­ence Fair;geen pro­to­col mak­ing garbage bin
You may also like this video

Exit mobile version