ആലപ്പുഴയുടെ മണ്ണിൽ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം കുതിച്ചുയർന്നു. നിലവിലെ ചാമ്പ്യന്മാരായ മലപ്പുറം 1450 പോയിന്റോടെയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. 1412 പോയിന്റുമായി കണ്ണൂർ രണ്ടാമതും 1353 പോയിന്റുനേടി കോഴിക്കോട് മൂന്നാമതുമായി. തൃശൂർ (1336), പാലക്കാട് (1335), എറണാകുളം (1300), കോട്ടയം (1294), തിരുവനന്തപുരം (1269), കാസർകോട് (1264), കൊല്ലം (1237), ആലപ്പുഴ (1233), വയനാട് (1231), പത്തനംതിട്ട (1203), ഇടുക്കി (1194) എന്നിങ്ങനെയാണ് മറ്റ് ജില്ലകൾ.
സ്കൂളുകളിൽ 140 പോയിന്റോടെ കാസർകോട് കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസ് ഒന്നാമതായി. 131 പോയിന്റോടെ വയനാട് ദ്വാരക എസ്എച്ച്എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് എച്ച്എസ്എസ് 126 പോയിന്റോടെ മൂന്നാമതുമായി. തൃശൂർ പനങ്ങാട് എച്ച്എസ്എസ് (123), കോട്ടയം ഇരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്എസ്എസ് (113), തിരുവനന്തപുരം ആറ്റിങ്ങൽ ഗവ ഗേൾസ് എച്ച്എസ്എസ് (106), ഇടുക്കി ഇരട്ടയാർ എസ്‌ടിഎച്ച്എസ്എസ് (105), പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് (104), പത്തനംതിട്ട കോന്നി ഗവൺമെന്റ് എച്ച്എസ്എസ് (99), മലപ്പുറം മഞ്ചേരി എച്ച്എംവൈ എച്ച്എസ്എസ് (97) എന്നിങ്ങനെയാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ. ശാസ്ത്രമേളയിൽ ആദ്യ നാല് സ്ഥാനക്കാർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. 121 പോയിന്റോടെ കണ്ണൂർ ഒന്നാമതായി. ഒരു പോയിന്റുമാത്രം പിന്നിൽ പാലക്കാട് (120) മത്സരംതീർത്തു. 119 പോയിന്റുമായി കോഴിക്കോട് മൂന്നാമതും തൃശൂർ നാലാമതുമായി. 117 പോയിന്റോടെ കോട്ടയമാണ് അഞ്ചാമത്. സാമൂഹ്യശാസ്ത്രമേളയിൽ മലപ്പുറം (144) ഒന്നാമതായി. കോഴിക്കോട് (130), വയനാട് (124), കോട്ടയം (124), എറണാകുളം (122) എന്നിങ്ങനെയാണ് ആദ്യ അഞ്ച് സ്ഥാനക്കാർ. ഗണിതശാസ്ത്രമേളയിൽ മലപ്പുറം (278), കണ്ണൂർ (266), കൊല്ലം (248), പാലക്കാട് (245), കോഴിക്കോട് (245) എന്നിവർ ആദ്യ സ്ഥാനങ്ങളിലെത്തി. ഐടി മേള തൃശൂർ പിടിച്ചെടുത്തു. 140 പോയിന്റാണ് നേട്ടം. 126 പോയിന്റുമായി മലപ്പുറം രണ്ടാമതായി. കണ്ണൂർ (123) മൂന്നാമതും കോഴിക്കോട് (120) നാലാമതും തിരുവനന്തപുരം (103) അഞ്ചാമതുമായി. പ്രവൃത്തി പരിചയമേളയിൽ മലപ്പുറം 793 പോയിന്റുമായി തിളങ്ങി. കണ്ണൂർ 778 പോയിന്റുമായി രണ്ടാമതും 751 പോയിന്റുമായി പാലക്കാട് മൂന്നാമതും ഫിനിഷ് ചെയ്തു. കോഴിക്കോട് (739), തൃശൂർ (731) ജില്ലകൾ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
സംസ്ഥാനസ്കൂൾ ശാസ്ത്രോത്സവത്തിന്റെ സമാപന സമ്മേളനം ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ് എസിൽ ഫിഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവ അവലോകനവും വിജയികളെ പ്രഖ്യാപിക്കലും ശാസ്ത്രമേള ജനറൽ കൺവീനറും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുമായ സി എ സന്തോഷ് നിർവഹിച്ചു. ശാസ്ത്രോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്കായി ഇത്തവണ ആദ്യമായി ഏർപ്പെടുത്തിയ എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി മന്ത്രി സജി ചെറിയാൻ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി അഡീഷണൽ ഡയറക്ടർ സി എ സന്തോഷിന് കൈമാറി. കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ ജില്ലകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യമൂന്നു സ്ഥാനക്കാർക്ക് മന്ത്രി സജി ചെറിയാൻ ട്രോഫികൾ സമ്മാനിച്ചു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി തുടങ്ങിയവർ പങ്കെടുത്തു.