സംസ്ഥാന സ്കൂള്‍ കായിക മേളയിലെ ആദ്യദിനത്തില്‍ തിരുവനന്തപുരത്തിന്റെ സമഗ്രാധിപത്യം. മേളയുടെ പ്രധാന ഇനമായ അത്‌ലറ്റിക്സ് ഇന്ന് ആരംഭിക്കാനിരിക്കെ തിരുവനന്തപുരം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 77 സ്വര്‍ണവും 57 വെള്ളിയും 79 വെങ്കലവുമടക്കം 663 പോയിന്റുമായാണ് ആതിഥേയര്‍ കുതിപ്പ് തുടരുന്നത്. ഇതില്‍ 143 പോയിന്റ് നീന്തല്‍ മത്സരത്തില്‍ നിന്നാണ് സ്വന്തമാക്കിയത്. ആദ്യദിനം പൂര്‍ത്തിയായ 24 മത്സരങ്ങളില്‍ 17 സ്വര്‍ണവും തലസ്ഥാനത്തിനാണ്. രണ്ടാം സ്ഥാനത്തുള്ള കണ്ണൂരിന് 387 പോയിന്റാണുള്ളത്. കോഴിക്കോടും (324) തൃശൂരും (321) എറണാകുളവുമാണ് (279) പോയിന്റ് പട്ടികയില്‍ തൊട്ടു പിന്നില്‍. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ ഏഴ് മണി മുതലാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ ആരംഭിക്കുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 3,000 മീറ്റര്‍ സീനിയര്‍, ജൂനിയര്‍ മത്സരങ്ങളോടെ ട്രാക്ക് ഉണരും. അതേസമയം അതിശക്തമായ മഴ അത്‌ലറ്റിക്‌സിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് താരങ്ങളും പരിശീലകരും സംഘാടകരും.
സംസ്ഥാന സ്കൂള്‍ കായികമേള; ആദ്യദിനം തിരുവനന്തപുരത്തിന്റെ കുതിപ്പ്

