Site iconSite icon Janayugom Online

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; വരവറിയിച്ച് പാലക്കാട്

sportssports

കൗമാര കായികോത്സവത്തിന്റെ ഒന്നാം ദിനം സ്വന്തമാക്കി പാലക്കാട് കുതിപ്പ് തുടങ്ങി. കഴിഞ്ഞ തവണ തലസ്ഥാനത്ത് എതിരാളികളെ നൂറിലേറെ പോയിന്റുകള്‍ക്ക് പിന്നിലാക്കി കായിക കിരീടം ചൂടിയ പാലക്കാട് എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തന്നെയാണ് തുടങ്ങിയത്.
കുന്നംകുളം ഗവ. വിഎച്ച്എസ് മൈതാനത്ത് ആദ്യ ദിനത്തില്‍ 19 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 50 പോയിന്റുമായി പാലക്കാട് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ഒന്നാമത് എത്തിക്കഴിഞ്ഞു. ഏഴ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 14 മെഡലുകളാണ് ആദ്യദിനം പാലക്കാട് നേടിയത്. തൊട്ടുപിന്നിലുള്ള മലപ്പുറത്തിന് നാല് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ 11 മെഡലുകളുണ്ട്. 37 പോയിന്റാണ് മലപ്പുറം ഒന്നാം ദിനം നേടിയത്. മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 17 പോയിന്റാണ് ഉള്ളത്. രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ ആകെ അഞ്ച് മെഡലുകളാണ് എറണാകുളത്തിന്റെ ആദ്യദിനത്തിലെ സമ്പാദ്യം.

ആതിഥേയ ജില്ലയായ തൃശൂരും അക്കൗണ്ട് തുറന്നിട്ടുണ്ട്. 3000 മീറ്റര്‍ സീനിയര്‍ ഓട്ടത്തില്‍ വെങ്കലം നേടിയ ഏയ്ഞ്ചല്‍ ആന്റണിയാണ് തൃശൂരിന് നേട്ടമുണ്ടാക്കിയത്. സ്കൂളുകളില്‍ കഴിഞ്ഞ തവണ ചാമ്പ്യന്‍പട്ടം നേടിയ മലപ്പുറം ജില്ലയിലെ ഐഡിയല്‍ ഇഎച്ച്എസ്എസ് കടക്കാശേരിയാണ് ആദ്യദിനം മുന്നിലെത്തിയത്. 18 പോയിന്റാണ് ഐഡിയലിനുള്ളത്. ഏറെക്കാലം സ്കൂള്‍തല ചാമ്പ്യന്‍പട്ടം എറണാകുളത്തേയ്ക്ക് എത്തിച്ച മാര്‍ ബേസില്‍ 14 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. കെഎച്ച്എം എച്ച്എസ് ആലത്തിയൂര്‍ എട്ട് പോയിന്റുമായി മൂന്നാമതെത്തി.

മേളയുടെ ആദ്യദിനം രണ്ട് മീറ്റ് റെക്കോഡുകളാണ് പിറന്നത്. 400 മീറ്റര്‍ സീനിയര്‍ ബോയ്സ് ഓട്ട മത്സരത്തില്‍ 48.06 സെക്കന്റില്‍ ഫിനിഷ് ചെയ്ത പാലക്കാട് ജില്ലയില്‍ നിന്നുള്ള സിഎഫ്ഡിവിഎച്ച്എസ്എസ് മാത്തൂരിലെ അഭിരാം പി ആണ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചത്. സീനിയര്‍ വിഭാഗം ഡിസ്‌കസ് ത്രോയില്‍ 57.71 മീറ്റര്‍ ദൂരം താണ്ടി കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ സെര്‍വന്‍ കെ സി പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 2018ല്‍ സെര്‍വന്റെ സഹോദരന്‍ സിദ്ധാര്‍ത്ഥ് കെ സി സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്.

ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ദീര്‍ഘദൂര ഓട്ട മത്സരത്തോടെ ആണ് ഒന്നാം ദിനത്തില്‍ ട്രാക്ക് ഉണര്‍ന്നത്. ഈ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി കണ്ണൂര്‍ ജില്ല സംസ്ഥാന സ്‌കൂള്‍കായികമേളയുടെ ആദ്യദിനത്തിലെ ആദ്യസ്വര്‍ണം സ്വന്തമാക്കി. ഗവ. വിഎച്ച്എസ്എസ് കണ്ണൂരിലെ ഗോപിക ഗോപിയിലൂടെയാണ് കണ്ണൂര്‍, മേളയുടെ ആദ്യസ്വര്‍ണം അക്കൗണ്ടില്‍ എത്തിച്ചത്. 11 മിനിറ്റ് 01.81 സെക്കന്റിലാണ് ഗോപിക ഒന്നാമതായി ഫിനിഷ് ചെയ്തത്.
മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 6.30ന് തന്നെ ട്രാക്കുണരും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തമാണ് ആദ്യ ഇനം. ഉച്ചതിരിഞ്ഞാണ് ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ മത്സരങ്ങള്‍ നടക്കുന്നത്. സബ് ജൂനിയര്‍ ബോയ്സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയിസ്, സീനിയര്‍ ഗേള്‍സ്, സീനിയര്‍ ബോയ്സ് മത്സരങ്ങളാണ് 100 മീറ്ററില്‍ നടക്കുന്നത്. വൈകിട്ട് ആറ് മണിയോടെ നൂറ് മീറ്റര്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും.

Eng­lish Sum­ma­ry: State School Sports Fes­ti­val updates

You may also like this video

Exit mobile version