Site icon Janayugom Online

സംസ്ഥാന കായികോത്സവം: പാലക്കാട് മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ആദ്യദിനത്തിലെ 23 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഒമ്പത് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 67 പോയിന്റോടെ പാലക്കാട് ജില്ല മുന്നിലാണ്. 34 പോയിന്റുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണം, രണ്ട് വെളളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് എറണാകുളത്തിന്റെ നേട്ടം. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയുമായി കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയുമായി തൃശൂരാണ് തൊട്ടുപിന്നില്‍.

മൂന്നു സ്വര്‍ണവും ഒരുവെള്ളിയുമായി കാസര്‍കോട് അഞ്ചാം സ്ഥാനത്ത് ഉണ്ട്.സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബസേല്‍ ആണ് മുന്നില്‍. മൂന്നുസ്വര്‍ണവും രണ്ട് വെള്ളിയും നേടി 21 പോയിന്റുമാണ് നേട്ടം. 16 പോയിന്റുമായി പാലക്കാട് കല്ലടിയും 13 പോയിന്റുമായി പാലക്കാട് പറളിയുമാണ് മൂന്നാം സ്ഥാനത്ത്. പാലക്കാടായിരുന്നു ആദ്യ സ്വർണത്തിന്റെ അവകാശികള്‍. 3,000 മീറ്റർ ഓട്ടമത്സരത്തിലെ സീനിയർ ബോയ്‌സ് വിഭാഗത്തിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദാണ് സ്വർണം നേടിയത്. 3000 മീറ്റർ ഓട്ടമത്സരം സീനിയർ ഗേൾസ് വിഭാഗത്തിൽ കോട്ടയത്തെ ദേവിക ബെന്നും സ്വർണം സ്വന്തമാക്കി. രാവിലെ ഏഴിന് സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് മത്സരം തുടങ്ങിയത്.

ആദ്യ ദിനത്തില്‍ മൂന്ന് മീറ്റ് റെക്കോഡുകളാണ് പിറന്നത്. കാസര്‍കോട് ഇലംപച്ചി ജിസിഎസ്ജിഎച്ച്എസ്എസിലെ അനുപ്രിയ വിഎസ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ റെക്കോഡ് കുറിച്ചു. സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ 43.40 മീ​റ്റ​ർ ദൂ​ര​ത്തേ​ക്ക് ഡി​സ്‌​ക് പാ​യി​ച്ചാ​ണ് കാസര്‍കോട് ചീമേനി എച്ച്എസ്എസിലെ അ​ഖി​ല രാജു റെ​ക്കോ​ഡ് നേടിയത്. ജൂനിയര്‍ ബോയ്സ് പോള്‍വാള്‍ട്ടില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ശിവദേവ് രാജീവ് മീറ്റ് റെക്കോഡോടെ ഒന്നാം സ്ഥാനം നേടി.

ചൊവ്വാഴ്ച്ച വരെ നീളുന്ന കായികമേളയിൽ ആകെ മത്സരരംഗത്തുള്ളത് 2737 താരങ്ങളാണ്. ചന്ദ്രശേഖർ നായർ, യൂണിവേഴ്‌സിറ്റി സ്റ്റേഡിയങ്ങളിൽ രാത്രിയിലും പകലുമായി 98 ഇനങ്ങളിലാണ് മത്സരം. സീനിയർ വിഭാഗങ്ങളുടെ 3000 മീറ്ററാണ് ആദ്യമത്സര ഇനം. എല്ലാ വിഭാഗങ്ങളുടേയും 400 മീറ്റർ ഫൈനൽ മത്സരവും ഇന്നലെ നടന്നു. ഇന്ന് മുതല്‍ രാവിലെ 6.30 മുതൽ രാത്രി 8.30 വരെ മത്സരങ്ങൾ ഉണ്ടാകും.

Eng­lish Sum­ma­ry: State sports fes­ti­val: Palakkad ahead
You may also like this video

Exit mobile version