Site iconSite icon Janayugom Online

യുപിയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു

യുപിയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ തീപൊള്ളലേറ്റ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് സംഭവം.45‑കാരിയായ സ്ത്രീയും അവരുടെ 20 വയസ്സുള്ള മകളുമാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചത്. ഉള്ളില്‍ ആളുണ്ടായിരിക്കെ പൊലീസ് കുടിലിന് തീയിട്ടതായി കുടുംബം ആരോപിച്ചു.

ഇരുവരും സ്വയം തീകൊളുത്തി മരിച്ചതാണെന്ന് പൊലീസ് അവകാശപ്പെട്ടെങ്കിലും കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരെയാണ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.കൊലപാതക ശ്രമം, സ്വയം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കാണ്‍പുരിലെ മദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്.

തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തിയിരുന്നു. ബുള്‍ഡോസറുമായി രാവിലെ എത്തിയ ഉദ്യോഗസ്ഥര്‍ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി ഒരു തരത്തിലുള്ള നോട്ടീസും നല്‍കിയിരുന്നില്ലെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. ‘ആളുകള്‍ അകത്തുള്ളപ്പോള്‍ തന്നെ അവര്‍ കുടിലുകള്‍ക്ക് തീയിട്ടു.

ഞങ്ങള്‍ ഓടി രക്ഷപ്പെട്ടതാണ്. അവര്‍ ഞങ്ങളുടെ ക്ഷേത്രവും തകര്‍ത്തു. ജില്ലാ മജിസ്‌ട്രേറ്റ് പോലും ഒന്നും ചെയ്തില്ല. എല്ലാവരും ഓടി. എന്റെ അമ്മയെ ആര്‍ക്കും രക്ഷിക്കാനായില്ല’ ശിവറാം ദീക്ഷിത് എന്നയാള്‍ പറഞ്ഞു. ഇയാളുടെ അമ്മയും സഹോദരിയുമാണ് മരിച്ചത്. പ്രമീള ദീക്ഷിതും മകള്‍ നേഹയും സ്വയം തീ കൊളുത്തി മരിച്ചതാണെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞിരുന്നത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ഗൗതം, പ്രമീളയുടെ ഭര്‍ത്താവ് ഗെന്ദന്‍ ലാല്‍ എന്നിവര്‍ക്ക് പൊള്ളലേറ്റതായും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

മരണത്തെ തുടര്‍ന്ന് ഗ്രാമവാസികളും പോലീസും തമ്മില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പൊലീസിന് നേരെ ഗ്രാമവാസികള്‍ കല്ലുകളും മറ്റും എറിഞ്ഞു, ഇതോടെ പോലീസ് സ്ഥലം വിട്ടു.സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജ്ഞാനേശ്വര്‍ പ്രസാദിനെതിരെ അടക്കം കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

നാട്ടുകാര്‍ പ്രതിഷേധം വ്യാപിപ്പിച്ചതോടെ അഡീഷണല്‍ ഡിജിപി അലോക് സിങും ഡിവിഷണല്‍ കമ്മീഷണര്‍ രാജ് ശേഖറും സ്ഥലം സന്ദര്‍ശിച്ചു. അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Eng­lish Summary:
State ter­ror and bull­doz­er pol­i­tics again in UP; Two women die in fire while evac­u­at­ing house, police lie unravels

you may also like this video:

Exit mobile version