Site iconSite icon Janayugom Online

കേരളപ്പിറവിദിനത്തിൽ ഹരിത പ്രഖ്യാപനങ്ങളുമായി സംസ്ഥാനം

ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായുള്ള മാതൃകാ ഹരിത പ്രഖ്യാപനങ്ങൾ സംസ്ഥാനത്ത് നടന്നു. കേരളപ്പിറവി ദിനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹരിത ടൗണുകൾ, ഹരിത മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ, ഹരിത ടൂറിസം കേന്ദ്രങ്ങൾ, ഹരിത വിദ്യാലയങ്ങൾ, ഹരിത സ്ഥാപനങ്ങൾ, ഹരിത കലാലയങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ തുടങ്ങിയവയാണ് ഹരിത പദവിയിലേക്ക് എത്തിയത്.
കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷനിലെ ഹരിത പ്രഖ്യാപനങ്ങളും സാക്ഷ്യപത്ര വിതരണവും മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. അലയമണ്‍ ഗ്രാമപഞ്ചായത്തില്‍ മന്ത്രി ജെ ചിഞ്ചുറാണിയും ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും പ്രഖ്യാപനം നിര്‍വഹിച്ചു. വിവിധയിടങ്ങളില്‍ നടന്ന പ്രഖ്യാപന ചടങ്ങിൽ എംഎൽഎ മാർ, ജനപ്രതിനിധികൾ തുടങ്ങിയവരും നേതൃത്വം നൽകി. 

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ എന്നിവ മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ വ്യാപാരി വ്യവസായി സംഘടനകൾ, ഗ്രന്ഥശാലകൾ, രാഷ്ട്രീയ പാർട്ടികൾ, തൊഴിലാളി സംഘടനകൾ, യുവജനപ്രസ്ഥാനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, മറ്റ് സന്നദ്ധസംഘടനകൾ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 50,766 അയൽക്കൂട്ടങ്ങളെയാണ് ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിച്ചത്. 18,232 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും, 903 ടൗണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിച്ചു. 6952 വിദ്യാലയങ്ങളാണ് ഹരിത വിദ്യാലയ പദവിയിലെത്തിയത്. 537 പൊതുസ്ഥലങ്ങളെയും 458 കലാലയങ്ങളെയും ഹരിതമായി പ്രഖ്യാപിച്ചു. 68 വിനോദസഞ്ചാര കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളായും പ്രഖ്യാപിച്ചു. 2025 മാർച്ച് 30 വരെയാണ് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുക. 

Exit mobile version