Site iconSite icon Janayugom Online

ഇടതുപക്ഷം വെളിച്ചവും വലതുപക്ഷം ഇരുട്ടുമാണ്: ബിനോയ് വിശ്വം

ഇടതുപക്ഷവും വലതുപക്ഷവും തമ്മിൽ വ്യത്യാസമില്ലെന്ന് പറയുന്ന ഒരു കൂട്ടരുണ്ട്. എന്നാൽ അവർ മനസിലാക്കേണ്ട ഒരു വസ്തുത, ഇടതുപക്ഷം വെളിച്ചവും വലതുപക്ഷം ഇരുട്ടുമാണെന്നതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എല്ലാം സാധാരണക്കാരായ മനുഷ്യർക്കാണ്. പക്ഷെ വലതു പക്ഷത്തിൻ്റേത് കോർപറേറ്റുകൾക്കും അംബാനി മാർക്കും അഡാനിമാർക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ ബിനോയ് വിശ്വം. സാധാരണക്കാരുടെയും പാവങ്ങളുടെയും വെളിച്ചമാവുക എന്നതാണ് ലക്ഷ്യം. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് ഇടതുപക്ഷത്തിന്റെ പ്രവർത്തനം. ജനങ്ങൾ ആണോ കോർപ്പറേറ്റുകൾ ആണോ വേണ്ടത് എന്ന് ചോദിച്ചാൽ ജനങ്ങൾക്കാണ് ഇടതുപക്ഷം ഒന്നാം സ്ഥാനം നൽകുക. എന്നാൽ വലതുപക്ഷം കോർപ്പറേറ്റുകൾക്ക് ആണ് ഒന്നാം സ്ഥാനം നൽകുക. നമ്മുടെ ബജറ്റിൽ സാമൂഹിക വികസനത്തിനും ക്ഷേമത്തിനും ആണ് പ്രാധാന്യം കൊടുത്തത്. എന്നാൽ ബിജെപിയുടെ കേന്ദ്രബജറ്റ് കോർപറേറ്റുകൾക്കു വേണ്ടി ഉള്ളതായിരുന്നു.
കോൺഗ്രസുകാർക്ക് മഹാത്മാഗാന്ധിയെ ഇപ്പോൾ അറിയില്ല. കേന്ദ്രത്തിലെ ബിജെപി മഹാത്മാഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതി തകർക്കുകയാണ്. അതിന്റെ പേരുമാറ്റി. ഒരു റാംജി എന്ന് തുടക്കത്തിലും അവസാനത്തിലും ചേർത്തിരിക്കുന്നു. ഇതേത് റാം ആണ്. ഗാസിജിയുടെ റാം അല്ല ഗോഡ് സെയുടെ റാം ആണ്. അതിൽ സംശയം വേണ്ട.
എൽഡിഎഫിന്റെ വികസന മുന്നേറ്റത്തെ തടയാൻ ഒരു ശക്തിക്കും കഴിയില്ല. ഇതിനെ തടയാൻ ബിജെപിക്കോ കോൺഗ്രസിനോ ഒറ്റക്കൊറ്റക്ക് ഒരുമിച്ചു കഴിയില്ല. കാരണം ഇത് ജനങ്ങളുടെ മുന്നേറ്റമാണ്. അവർക്ക് വേണ്ടിയുള്ള സർക്കാരാണ്. വയലാറിന്റെ കവിതയിലെ പോലെ ദ്വിഗ് വിജയത്തിനായി ഈ കുതിരകളെ കെട്ടഴിച്ച് വിട്ടിരിക്കുന്നത് സിപിഐ (എം) പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയനാണ്. കോൺഗ്രസിനെയും ബിജെപിയയെയും രണ്ടായി കാണരുത്. അവർ രണ്ടല്ല. ഒന്നാണ് അവർ, അത് മുമ്പ് വടകരയിലും ബേപ്പൂരും തെളിയിച്ചതാണ്. 40 മണ്ഡലങ്ങളിൽ അവർ പരസ്പരം വോട്ടു കൈമാറാൻ തീരുമാനിക്കുകയും ബിജെപി അത് കൃത്യമായി ചെയ്യുകയും എന്നാൽ കോൺഗ്രസ് വാക്കു പാലിക്കാതിരിക്കുക ചെയ്തുവെന്ന് അന്ന് അതിനെ നേതൃത്വം നൽകിയ ബിജെപി നേതാവ് ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്. എൽഡിഎഫിന് ഭരണത്തിൽ മൂന്നാമൂഴം ഉറപ്പായും ഉണ്ടാകും അതിനായി ഒന്നായി പോരാടും. ഒരൊറ്റ ജനത ഒരേയൊരു ഇന്ത്യ എന്ന മുദ്രാവാക്യം മുഴക്കുന്ന ബിജെപി, കേരളത്തെ പക്ഷേ ഇന്ത്യയുടെ ഭാഗമായി, ഒന്നായി കാണുന്നില്ല. കേരളത്തെ എല്ലാ മേഖലയിലും അവഗണിക്കുകയാണ്. കേരളത്തിന് അർഹമായ ഫണ്ടുകളും പദ്ധതികളും തരാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്. ഇടതുമുന്നണി ഒരു കാലത്തും പാവങ്ങളെ കൈവിടില്ല. കർഷകരും തൊഴിലാളികളും ആണ് ഇടതുമുന്നണിയുടെ അടിസ്ഥാനവർഗ്ഗം. അവർക്ക് വേണ്ടിയാണ്, അവരുടെ ജീവിത പുരോഗതിക്കാണ് നാം പോരാട്ടം നടത്തുന്നത്. പത്തുകൊല്ലമായി കേരളത്തിൽ പവർ കട്ടില്ല. വീട്ടിൽ മാത്രമല്ല വ്യവസായങ്ങളിലും പവർകട്ട് ഇല്ല. ഇതാണ് കേരളത്തിലെ ഇടതു പക്ഷ സർക്കാരിന്റെ പത്തു വർഷത്തെ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ട നിരവധി മാറ്റങ്ങളിൽ ഒന്ന്. മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ അനുഭവമായിരിക്കും കോൺഗ്രസ്സും ബിജെപിയും ഒരുമിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നാൽ ഉണ്ടാകുക. ജനങ്ങളുടെ കൊടുങ്കാറ്റും പേമാരിയും ഇടതിനൊപ്പം ചേർന്നു വരുമ്പോൾ പിടിച്ചുനിൽക്കാൻ അവർക്ക് കഴിയില്ലെന്നും ബിനോയ് വിശ്വം കൂട്ടി ചേർത്തു.

Exit mobile version