Site iconSite icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് ദുരിതാശ്വാസ ഫണ്ട് വിവാദത്തില്‍ മുഖം രക്ഷിക്കാന്‍ നടപടി; 11 മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്‍ഡ് ചെയ്തു

വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖം രക്ഷിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. 11 നിയോജക മണ്ഡലം പ്രസിഡന്റുമാരെ സസ്പെന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, കഴക്കൂട്ടം, കാട്ടാക്കട, കോവളം, വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റുമാര്‍ക്കെതിരെയാണ് നടപടി. സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയവരെ സസ്പെന്‍ഡ് ചെയ്യുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പ്.

വയനാട് ദുരിതബാധിതര്‍ക്ക് 30 വീട് വച്ച് നല്‍കുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. രണ്ടര ലക്ഷം രൂപ സമാഹരിക്കാനാണ് ഓരോ മണ്ഡലം കമ്മിറ്റിക്കും നിര്‍ദേശം നല്‍കിയിരുന്നത്. 50,000 രൂപയെങ്കിലും സമാഹരിക്കാത്ത മണ്ഡലങ്ങളിലെ പ്രസിഡന്റുമാര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിക്കുന്നു. ആലപ്പുഴയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് നേതൃത്വ ക്യാമ്പിലാണ് ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പരാതി ഉയര്‍ന്നത്.

ബിരിയാണി ചലഞ്ചും പായസ ചലഞ്ചുമുള്‍പ്പെടെ നടത്തി സമാഹരിച്ച പണത്തെക്കുറിച്ചുള്ള കണക്കുകള്‍ പുറത്തുവിടാത്തതിനെക്കുറിച്ച് പ്രതിനിധികള്‍ ചോദിച്ചു. തുടര്‍ന്ന്, 88 ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടില്‍ വന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കുകയും ചെയ്തു. ഡിവൈഎഫ്ഐ 20 കോടി രൂപയും എഐവൈഎഫ് ഒരു കോടി രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Exit mobile version