Site iconSite icon Janayugom Online

ക്ഷേത്രത്തിലെ ഉരുളികള്‍ മോഷ്ടിച്ചു; ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

പടിയൂര്‍ വൈക്കം ക്ഷേത്രത്തില്‍ നിന്ന് വിലപിടിപ്പുള്ള ഉരുളികള്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. ക്ഷേത്രവാതില്‍ പൊളിച്ചായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായതെന്ന് കാട്ടൂര്‍ പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആക്രി എടുക്കാന്‍ വരുന്ന ബംഗാള്‍ സ്വദേശികള്‍ ആണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ വിവരശേഖരണം നടത്തിയപ്പോള്‍ ഇവര്‍ വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്നവരാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ പോകാന്‍ സാധ്യതയുള്ള വഴികളില്‍ പൊലീസ് നിരീക്ഷണം നടത്തി മതിലകം പള്ളിവളവിലൂടെ പടിയൂര്‍ ഭാഗത്തേക്ക് മറ്റൊരു മോഷണ ഉദ്ദേശവുമായി പോകുകയായിരുന്ന ഇവരെ വേഷം മാറി പൊലീസ് പിന്തുടര്‍ന്ന് വളവനങ്ങാടി സെന്ററില്‍ വച്ച് വളഞ്ഞു പിടിക്കുകയായിരുന്നു.

അവര്‍ക്ക് പിന്തുണ നല്‍കി കളവ് മുതലുകള്‍ വില്‍ക്കാന്‍ സഹായിക്കുന്ന രണ്ടു പേരെ കൂടി അസ്മാബി കോളജിനു സമീപത്ത് നിന്നും പിടികൂടി. ഇവര്‍ വിറ്റ തൊണ്ടി മുതലുകള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. തൃശൂര്‍ റൂറല്‍ പൊലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ഇന്‍പെക്ടര്‍ ബൈജു ഇ.ആര്‍.ആണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ ബാബു, സനദ്, രാധാകൃഷ്ണന്‍, എഎസ്‌ഐ അസാദ്, ധനേഷ്, നിബിന്‍, ബിന്നല്‍, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു

Exit mobile version