Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ സതീശവധം കഥകളി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ വിജയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ അടിയുടെ പൊടിപൂരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയാണ് കലഹം മൂക്കുന്നത്. നിലമ്പൂരില്‍ തോറ്റാലും ജയിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ത്തന്നെ സതീശന്‍ പ്രഖ്യാപിച്ചിരുന്നു. പി വി അന്‍വറെ പുകച്ചുചാടിച്ചതിന് ന്യായീകരണം കൂടിയായിരുന്നു ഈ വിശദീകരണം. എന്നാല്‍ അന്നൊന്നും ഇതേക്കുറിച്ച് മിണ്ടാട്ടമില്ലാതിരുന്ന നേതാക്കളാണ് ഇപ്പോള്‍ സതീശനെതിരെ കുതിര കയറുന്നത്. സതീശനെതിരെ കടുത്ത നിലപാടിലാണിപ്പോള്‍ പ്രവര്‍ത്തകസമിതി അംഗമായ രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവായ കെ മുരളീധരനുമടക്കമുള്ളവര്‍. സതീശന്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അജാതശത്രുവായി മാറുമെന്ന് സതീശന്‍ വിരുദ്ധ ക്യാമ്പ് ഭയപ്പെടുന്നു. തന്റെ മുഖ്യമന്ത്രിപദ മോഹവും അതോടെ വാടിക്കരിയുമെന്ന ആശങ്കയും രമേശ് ചെന്നിത്തലയ്ക്കുണ്ട്.

പിണറായിസത്തിനും സതീശനിസത്തിനുമെതിരായ വിധിയെഴുത്തായിരിക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് പി വി അന്‍വര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിലമ്പൂരില്‍ തോറ്റാലും ജയിച്ചാലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്ന് സതീശന്‍ പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ ഈ വ്യാഖ്യാനം തെറ്റെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഖണ്ഡിതമായ അഭിപ്രായം. തെരഞ്ഞെടുപ്പ് ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ല. അതുകൊണ്ടാണ് സതീശനിസം എന്നൊന്നില്ലെന്നും വിജയിക്കുകയാണെങ്കില്‍ സതീശന് മാത്രം അവകാശപ്പെട്ടതല്ലെന്നും താന്‍ പറയുന്നതെന്നും രമേശ് വിശദീകരിക്കുന്നു.
ഒമ്പത് വര്‍ഷമായി ഭരണത്തിലില്ലാത്ത കോണ്‍ഗ്രസില്‍ എന്തു സതീശനിസമാണെന്ന് കെ മുരളീധരനും പുച്ഛിച്ചു തള്ളുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനും യുഡിഎഫും ജയിച്ചു വന്നാല്‍ സതീശന്‍ തന്നെ തഴയുമോ എന്ന കടുത്ത ഭയത്തില്‍ നിന്നാണ് മുരളീധരന്‍ സതീശവധം കഥകളി കെട്ടിയാടുന്നതെന്നും വ്യക്തം. ഒരുകാര്യം ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ തോറ്റാലും ജയിച്ചാലും കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍ ഇപ്പോഴേ പ്രവചിക്കാനാവും. തോറ്റാല്‍ സതീശന്റെ തന്ത്രരാഹിത്യമാണ് കാരണമെന്ന് എതിര്‍ചേരി വിളിച്ചുകൂവും. അല്ലെങ്കില്‍ അതിന്റെ ക്രെഡിറ്റ് സതീശന്‍ ഏറ്റെടുക്കുന്നതിനെതിരെയായിരിക്കും പോര്‍മുഖം തുറക്കുക.
ഇതിനിടെ ശശിതരൂര്‍ സംസ്ഥാന നേതൃത്വത്തിനും ഹെെക്കമാന്‍ഡിനും വഴങ്ങാതെ വെല്ലുവിളികള്‍ നിരന്തരം തുടരുന്നതും കോണ്‍ഗ്രസിനെ പ്രതിസന്ധിയുടെ ആഴക്കയങ്ങളിലാഴ്ത്തി. 

പോളിങ് ദിനത്തില്‍ത്തന്നെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച തരൂര്‍ ഇന്നലെ കോണ്‍ഗ്രസ് ഹെെക്കമാന്‍ഡിന്റെ അനുമതി വാങ്ങാതെതന്നെ കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി ഡെലിഗേഷനെ നയിച്ചു വിമാനം കയറി. നിലമ്പൂരിലെ പ്രചരണ യോഗങ്ങളിലേക്ക് എത്തിനോക്കുകപോലും ചെയ്യാതെ നേതൃത്വത്തെ പോളിങ് ദിനത്തില്‍ തന്നെ വെല്ലുവിളിച്ച തരൂര്‍ തന്റെ വഴി ബിജെപിയിലേക്കാണെന്ന് പറയാതെ പറയുന്നു. തന്നെ പ്രചരണത്തിന് ക്ഷണിച്ചില്ലെന്ന തരൂരിന്റെ വാദത്തെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രേഖാസഹിതം തള്ളുന്നു. താരപ്രചാരകരായി തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ എട്ടാം പേരുകാരനാണ് തരൂര്‍. എന്നിട്ടും തന്നെ ക്ഷണിച്ചില്ലെന്ന് തരൂര്‍ കള്ളം പറയുന്നതിനെ മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രാജ്മോഹന്‍ ഉണ്ണിത്താനും കടുത്ത ഭാഷയിലാണ് പരിഹസിച്ചത്.
നിലമ്പൂരില്‍ നടക്കുന്നത് സംബന്ധമാണോ ക്ഷണിക്കാനെന്ന ഉണ്ണിത്താന്റെ ചോദ്യവും ‘നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്’ എന്ന ഓര്‍മ്മപ്പെടുത്തലും കോണ്‍ഗ്രസ് കൊണ്ടാടുന്നതും തരൂരിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെന്നും വ്യക്തമാക്കുന്നു.

Exit mobile version