സ്നേഹത്തിനു വേണ്ടി തല്ല് കൂടിയിട്ടേയില്ല, തേടി പോയിട്ടില്ല, മത്സരിച്ചിട്ടില്ല, വന്നു ചേർന്നതാണെല്ലാം..
മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെപ്പോലും എന്റെ സുഹൃത്തുക്കളായി കാണാനായിരുന്നു ഇഷ്ടം.
ചെറിയ ഒരിടവേളക്ക് ശേഷം വീണ്ടും കോളേജിലേക്ക് എത്തിയപ്പോഴാണ് കുട്ടികൾ സ്നേഹം കൊണ്ടെന്റെ കണ്ണ് നനച്ചത്. എന്തിനായിരുന്നു ആ ഇടവേളയെന്ന് ഞാൻ സ്വയം ചോദിച്ചുപോയി .ഉച്ചക്ക് പ്ലസ് ടു ക്ലാസിലേക്ക് ഇംഗ്ലീഷ് പാഠപുസ്തകവുമായി കയറുമ്പോൾ അവിടെ അടിപിടിയായിരുന്നു.
എന്നെക്കാൾ രണ്ടിരട്ടി വലിപ്പമുള്ള സഹദും, റൈഹാനും രണ്ടു ബെഞ്ച് അകലത്തിൽ നിന്നാണ് ചാടി അടിച്ചത്. കൗതുകം തോന്നിയെങ്കിലും ക്ലാസ്സിൽ നിന്ന് രണ്ടിനേം പുറത്താക്കി..പ്രിൻസിപ്പൽ വന്നു അവരെ കൊണ്ടുപോയി. വഴക്ക് കേട്ടിട്ടും നല്ലോണം പൊട്ടീട്ടും അവര് ചിരിയോടെ വന്നു ക്ലാസിലിരുന്നത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി.
ഞാനല്പം തമാശ കലർത്തി ചോദിച്ചു.
“എന്തോരു അടിയാടെ, നീയെവിടുന്നാ ചാടിയടി പഠിച്ചേ? ”
“മിസ്സേ ഓൻ കളരിയാ”
അടി കിട്ടിയവരിൽ ഒരുവൻ മറുപടി തന്നു.
“അപ്പൊ നീയോ? ”
“ഓൻ കരാട്ടെ ”
മൂന്നാം ബെഞ്ചിലെ മൂന്നാമത്തവന്റെ മറുപടി.
അത് കേട്ട് ഞാൻ ചോദിച്ചു.
“അപ്പൊ മാഷ് ഓഫീസിൽ
കൊണ്ടു പോയി തന്നത് നാടൻ തല്ലായിരുന്നോ? ”
“അല്ല മിസ്സേ കരാട്ടെയും കളരിയും കൂടി മാഷെക്കൊണ്ട് അസ്സല് കോൽക്കളി കളിപ്പിച്ചു ”
ഞങ്ങള് കുറേ ചിരിച്ചു.
ഉറക്കം തൂങ്ങിപ്പിള്ളേര് പോലും ഉറക്കെ ചിരി തുടങ്ങി.
ക്ലാസ് ഏകദേശം കൈവിട്ടുപോകുന്നുണ്ടെന്ന് തോന്നിയപ്പോൾ പുസ്തകം തുറക്കാൻ ആംഗ്യം കാണിച്ചു.
റീഷ്മയും, അക്ഷരയും പെട്ടന്ന് ഓടി വരുന്ന പോലെ.കള്ളിക്കള്ളി യൂണിഫോമിട്ട് ഞങ്ങളങ്ങനെ പ്ലസ്ടു ലൈഫ് അടിച്ച് പൊളിച്ചിരുന്നു.
ഏതോ സിനിമ കണ്ട് നായികയുടെ ഫുൾസ്ലീവ് ചുരിദാറിൽ അഭിരമിച്ച് വർഷാവസാനം വാശിപിടിച്ച് യൂണിഫോം അടിപ്പിച്ച പതിനേഴുകാരി വിജിഷ ഇടക്കൊക്കെ അടുത്ത് വരാറുണ്ട്.
അവളായിരുന്നു അന്ന് ക്ലാസ് ലീഡർ. സിജോസാറിന്റെ പൊളിച്ചടുക്കണ ഇംഗ്ലീഷ് ക്ലാസാണ് വലിയ നഷ്ടം. ഓരോ പാഠം തീരുമ്പോഴും വാക്കുകളും അർത്ഥങ്ങളും പഠിക്കുകയും, തെറ്റിയാൽ മുട്ടനടി വാങ്ങുന്നതും ശീലമായിരുന്നു.
റീഷ്മയും, അക്ഷരയും എന്റെ അടുത്താണ് ഇരിക്കാറുള്ളത്.
വൈകീട്ട് നാലര വരെ എട്ട് പീരിയഡ് ആണ് ക്ലാസ്.
ആറ് വിഷയങ്ങളായതിനാൽ ഒരു വിഷയം രണ്ട് പീരിയഡ് എന്നും ഉണ്ടാവും.
സ്റ്റാറ്റി ഞങ്ങൾക്ക് ഇഷ്ടമായിരുന്നില്ല. ഉച്ചക്കായതിനാൽ ഉറക്കം ഫ്രീ. ഉടായിപ്പുകളായ ഞങ്ങൾ ക്ലാസിൽ നിന്നിറങ്ങാൻ പഠിച്ചപണി പത്തൊൻപതും നോക്കി. ഉച്ചച്ചോറുണ്ണുന്നതിനൊപ്
വയറുവേദന?
വേണ്ട, ഈ പെൺകുട്ടികളുടെ സ്‌ഥിരം തരികിടയാണത്. മെൻസസ് ആണെന്ന് കരുതി സാറ്മാര് കൂടുതൽ ചോദിക്കില്ല.
ലീവ് ആണേൽ വയറുവേദന. അത് വേണ്ട..
പറയുന്ന കള്ളം വിലപ്പോവാത്ത സാഹചര്യത്തിൽ സത്യത്തെപ്പോലും പേടിക്കണം. അവ കള്ളങ്ങളായി രൂപാന്തരപ്പെട്ട് ഒറ്റിക്കൊടുക്കും.
ഈ വിഷയം ക്ലാസിൽ ലീക്ക് ആയാൽ പെട്ടു.
ചാരപ്രവർത്തനത്തിന്റെ ചെറിയൊരു ഭാഗം ചിലർ പഠിക്കുന്നത് സ്കൂളുകളിൽ നിന്നാണ്..
ഒരുപാട് ആലോചിച്ചു.ഒടുവിൽ ഒന്നിച്ചൊരു തീരുമാനം പാസാക്കി. അക്ഷരയെ പനിപ്പിച്ച് കിടത്തുക.അവളെ വീട്ടിലാക്കാൻ ഞാനും റീഷ്മയും പുറത്തു ചാടുക.സ്റ്റാറ്റിക്ലാസിനോട് ഒരു ദിവസത്തേക്കെങ്കിലും വിട പറയുക..ആഗ്രഹങ്ങൾക്ക് അതിർവരമ്പുകളില്ല എന്നത് ശരിയാണ്. വരമ്പുകളില്ലാത്ത ആഗ്രഹലോകത്ത് സ്വാതന്ത്ര്യത്തിന്റെ പതാക പാറിക്കളിച്ചു. ഇന്നത്തെ കൊറോണയും, ഒമിക്രോണുമൊന്നും ഇല്ലാത്ത കാലം. പനി അനുഗ്രഹമായി തോന്നുന്ന കലാലയജീവിതം.
ഉത്സാഹവതിയായ അക്ഷര അവശക്കോലം വരുത്താൻ കിണഞ്ഞു പരിശ്രമിച്ചു.ഞാനും റീഷ്മയും മേക്കപ്പ് ആർട്ടിസ്റ്റുകളായി തിളങ്ങി.
മുടി വാരിവലിച്ചിട്ടും, കണ്ണില് ചോക്കപ്പൊടി തേച്ചും, ചുണ്ട് കടിച്ച് ചോപ്പിച്ചും, ക്ഷീണം വരുത്തിയും അക്ഷര അസ്സലൊരു നാടകനടിയായി.
ചുരിദാർ അലക്ഷ്യമാക്കിയിട്ടും, രണ്ട് കൈപ്പത്തിയും ഉരച്ച് ചൂടാക്കിയും, ഞാനും റീഷ്മയും ആ വർഷത്തെ മികച്ച മേക്കപ്പ് ആർടിസ്റ്റിനുള്ള സമ്മാനം വാങ്ങാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തു.
ക്ലാസ് ലീഡറായ ഞാൻ ഓഫീസിലേക്ക് ഒറ്റ ഓട്ടം, വിത്ത് അഭിനയം പ്ലസ് സങ്കടം മൈനസ് സ്റ്റാറ്റി ക്ലാസ്.
“വാട്ട് ഹാപ്പന്റ് വിജിഷാ? ”
കനപ്പെട്ട ഇംഗ്ലീഷ് ശബ്ദം.
“നത്തിങ് സർ, അക്ഷരയ്ക്ക് ഒട്ടും വയ്യ ”
“എന്താ പ്രോബ്ലം? ”
“അവള് കിടപ്പാണ്, പനിയാ ”
“ഓക്കേ ഞാനിപ്പം വരാം, കോട്ടയക്കാരൻ അച്ചായൻ സ്റ്റൈലിൽ പിന്നെയും എന്തൊക്കെയോ പറഞ്ഞ് സിജോസാർ എന്റെ കൂടെ ക്ലാസ്സിലേക്ക് വന്നു. റീഷ്മ പാക്കിങ് തുടങ്ങീട്ടുണ്ട്. ഹർഷാദും, സാദത്തും എങ്ങനെയോ കാര്യം അറിഞ്ഞിട്ടുണ്ട്.നോക്കി കളിയാക്കാനും ചിരിക്കാനും തുടങ്ങീട്ടുണ്ട്.
പെൺകുട്ടികൾക്കാർക്കും ഇക്കഥ കിട്ടീട്ടില്ല.ഞാനും സിജോസാറും ക്ലാസിലെത്തുമ്പോൾ അക്ഷര വിറച്ചു കിടപ്പാണ്. റീഷ്മ ബാഗ് പാക്കിങ് ആരംഭിച്ചിട്ടുണ്ട്.
എന്റെ പാക്കിങ് നേരത്തെ കഴിഞ്ഞതാണ്. ജനഗണമന തുടങ്ങുന്നതിനു മുൻപ് പാക്കിങ് നടത്തുന്ന ഞങ്ങളോട് ലിസി മിസ്സ് പ്ലസ്ടു കഴിഞ്ഞാൽ അച്ചാർ പാക്കിങ് കമ്പനിയിലേക്ക് റിക്രൂട്ട്മെന്റ് ചെയ്യാമെന്ന് പറയാറുണ്ട്.
“ഞങ്ങള് പൊക്കോളാം വിജിഷയെ കൊണ്ടോവാൻ പറ്റില്ല, അവള് അച്ചാറ് തിന്ന് കമ്പനി മുടിപ്പിക്കു“മെന്ന് കൂട്ടുകാര് തമാശയും പറയും.
ഏതായാലും പെട്ടിയും പാസ്സ്പോട്ടും റെഡിയായി.ടിക്കറ്റ് കൂടി അടിച്ച് കിട്ടിയാൽ ഇന്നത്തെ ഉച്ചനേരം വസന്തമാക്കാനുള്ള റൂട്ട്മാപ്പുകൾ റെഡിയാക്കി വെച്ചു.
മാഷ് അക്ഷരയുടെ അടുത്തെത്തി.
“അക്ഷരാ എന്താ പറ്റിയെ? ”
“മാഷേ പനി (നൂറ്റൊന്ന് ശതമാനം അഭിനയം )
“ഒട്ടും വയ്യെടാ? ”
“ഇല്ല, നല്ല തലവേദന ”
“വീട്ടീ പോണോ? ”
“ആ “(ഇരുനൂറ്റൊന്നു ശതമാനം ക്ഷീണം)
അടുത്ത ചോദ്യത്തിന് കണ്ണിൽ സ്വർണം നല്ലെണ്ണയോഴിച്ച് കാത്തു നിന്നവർ ഞാനും റീഷ്മയും മാത്രം..
അല്പം ചിന്തിച്ച് മാഷ് മൊഴിഞ്ഞു.
“ആരെയെങ്കിലും കൂടെ വിടണോ? ”
ഞങ്ങൾ ബാഗ് പിടിച്ചു. അക്ഷരയുടെ അക്ഷരങ്ങൾക്ക് ശേഷം എഴുന്നേൽക്കാമെന്നു കരുതി ഇരിപ്പിടത്തിൽ ഒട്ടും സ്വസ്‌ഥമല്ലാതെ ഇരുന്നു.
“വേണ്ട മാഷേ ഞാൻ തനിച്ച് പൊയ്ക്കോളാം ”
അക്ഷരങ്ങൾ ചതിച്ചു.
“ഒറ്റക്ക് പോവാൻ പറ്റുമോ?
വീട്ടിലേക്ക് വിളിക്കണോ? ”
“വേണ്ട, ഞാൻ ഓട്ടോ വിളിച്ച് പൊയ്ക്കോളാം. ”
ഹർഷാദ് ഒരു പേപ്പർ ചുരുട്ടി ഇടതൂർന്ന എന്റെ ചുരുളൻ മുടിയിലേക്ക് അസ്ത്രം വിട്ടു.
എനിക്ക് മനസ് വേദനിച്ചു. ഈ ബുദ്ധി പഠനത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് സ്വയം ചോദിച്ചു.
റീഷ്മയുടെ മുഖം ഭ്രാന്തിയെപ്പോലെയായി.
ഒന്നും വകവെക്കാതെ അക്ഷര ബാഗുമെടുത്ത് വീട്ടിലേക്ക് പോയി.
ക്ലാസിലെ ബാക്കിയുള്ളവർ മൂന്നാൾപ്പടയിലെ ബാക്കി രണ്ടിനെയും കൊല്ലാതെ കൊന്നു.
ഞങ്ങളുടെ മരണത്തിന് ശേഷമാണ് സ്റ്റാറ്റി ടീച്ചർ ക്ലാസിൽ വന്നത്. കാൾ പിയേഴ്‌സന്റെ കോ-എഫിഷ്യന്റ് ഓഫ് കോ-റിലേഷൻ പറയാൻ തുടങ്ങി.കോ ‑റിലേഷൻ ഡയഗ്രംസ് ഒന്ന് വന്നു. രണ്ട് വന്നു മൊത്തം ഏഴെണ്ണം വന്നു. ഒന്നും മനസ്സിലായില്ല.
അന്തമില്ലാത്ത കുറേ വരകൾ രണ്ടതിരുകൾ ഭേദിച്ച് പായും പോലെ. കുറേ കുത്തുകൾ വന്നടിയും പോലെ.
മാഗ്നിറ്റ്യൂഡ് എന്ന് പറഞ്ഞ് ടീച്ചറ് വാര്യബിൾ എക്‌സും, വൈ യും പറഞ്ഞു ബോർഡിലേക്ക് ഓടി. യു ഈക്വൽ ടു എക്സ് മൈനസ് എ ബൈ ബി, വി ഈക്വൽ ടു വാട്ട് വിജിഷ?
ഒന്നാമത്തെ ബെഞ്ചില് ഒന്നാമത് ഇരിക്കണ്ടാരുന്നു എന്ന് തോന്നിപ്പോയ നിമിഷം.വി ഈക്വൽ ടു വിജിഷ ഓൺലി ഇൻ മൈ മൈൻഡ്
വിജിഷ മാത്രം. അവള് കണ്ട സ്വപ്നങ്ങൾ, അവളുടെ ശരികൾ, നഷ്ടപ്പെട്ട ആസ്വാദനങ്ങൾ.
“എന്താടീ നോക്കിപ്പേടിപ്പിക്കുന്നോ? ”
ടീച്ചറ് വഴക്ക് തുടങ്ങി.എന്റെ മുട്ടിടിച്ചു.ചെവി പൊന്നാക്കി ടീച്ചർ ഇരിക്കാൻ കൽപ്പിച്ചു. നാല് വഴക്ക് കേട്ടാൽ മുഖം വാടി പത്തി താഴ്ത്തുന്ന എന്റെ സ്ത്രീത്വത്തെ ഞാൻ വെറുത്തു.
റീഷ്മയെ തോണ്ടി. അവളെ കുതിരവട്ടത്തിലേക്ക് അയക്കാനുള്ള ഗതിയായിട്ടുണ്ട്.
ഈയിടക്ക് സ്റ്റാറ്റി ടീച്ചറെ ബസിൽ വെച്ച് കണ്ടു. “ടീച്ചറ് ബസ് ചാർജ് കൊടുക്കണ്ടാ“ന്നു ഞാൻ പറഞ്ഞപ്പോ, കാലങ്ങൾക്ക് ശേഷവും
“ആ.. വിജിഷാ ” എന്ന് ടീച്ചർ നീട്ടി വിളിച്ചു.
വി ഈക്വൽ ടു എന്നും എനിക്ക് വിജിഷയാണ്.
അക്ഷരയെ എന്ത് ചെയ്യും എന്ന അന്നത്തെ ചിന്തയെ ഒന്നും ചെയ്യാനായില്ലെന്നു മാത്രമല്ല. പിന്നേം സുഹൃത്താവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഇടക്കിങ്ങനെ എഴുതിയും പറഞ്ഞും അവളെ ഓർമ്മിപ്പിക്കുകയല്ലാതെ എനിക്കൊന്നിനും കഴിഞ്ഞില്ല. ഒട്ടും ശക്തിയില്ലാത്ത ഒരു ജീവിയാണ് മനസിന് കാഠിന്യമില്ലാത്ത മനുഷ്യനെന്ന് ഞാൻ സ്വയമിങ്ങനെ പഠിക്കുന്നു.
കുട്ടികളുടെ ബഹളം കേട്ട് അപ്പുറത്ത് നിന്ന് അറബി മാഷ് വന്ന് പാളി നോക്കി കണ്ണിറുക്കി ചിരിച്ചു.
മിണ്ടാതിരുന്നാൽ അടുത്ത ക്ലാസിൽ ഒരു തരികിട സ്റ്റാറ്റിക്കഥ പറഞ്ഞു തരാമെന്ന് ഞാൻ കുട്ടികൾക്ക് വാക്ക് കൊടുത്തു.
പിറ്റേ ദിവസം അവർക്ക് ഇംഗ്ലീഷ് ഉണ്ടായിരുന്നില്ല.
അടുത്ത ദിവസം ക്ലാസിൽ കയറുന്നതിനു മുൻപേ അവരെന്നെ കഥ പറയാൻ ഓർമ്മിപ്പിച്ചു.
പ്ലസ് ടു കോമേഴ്‌സ് ക്ലാസ്സിൽ അക്ഷരയുടെയും, റീഷ്മയുടെയും, വിജിഷയുടെയും കഥ ഞാൻ പറഞ്ഞു.
കഥയവർക്ക് നന്നായി പിടിച്ചു.
കഥകളങ്ങനെ നിരന്തരം സൃഷ്ടിക്കപ്പെടണം.
കഥ പറയുന്നൊരു ടീച്ചറാവണം.
ഒരുച്ചക്കും ഇംഗ്ലീഷ് ക്ലാസിൽ ആരെയും പനിച്ച് കിടത്തി തരികിട കാണിക്കാൻ അവർക്ക് കഴിയരുതെന്ന് എനിക്ക് നിർബന്ധമുണ്ട്..
സ്നേഹം തേടി പോകേണ്ടതേയില്ലെന്ന് ജീവിതം പഠിപ്പിക്കുന്നു.. അർഹിക്കുന്നത് തേടി വരും.
മുന്നിലിരിക്കുന്ന ഓരോ കുട്ടിയിലൂടെയും ഞാനത് നിരന്തരം അനുഭവിക്കുന്നുണ്ട്..