Site icon Janayugom Online

മരണാനന്തരം.…

പ്രത്യേകിച്ച് വാർത്തകളൊന്നുമില്ലാത്ത ദിവസമാണ്. വലിയ രാഷ്ട്രീയ പ്രശ്നങ്ങളോ സംഘർഷങ്ങളോ ഒന്നും എവിടെയുമില്ല.
“എവിടുന്നും ആരും ഒന്നും അയച്ചില്ലെടേ.. ” പതിവുപോലെ വായനിറയെ മുറുക്കാനും നിറച്ച് പത്രാധിപർ ബാബു സാറിന്റെ ചോദ്യം. ഇല്ലെന്ന് തലയാട്ടിയപ്പോൾ “രാധാകൃഷ്ണന്റെ ഐ എൻ എസ് പിയിലെ പൊട്ടിത്തെറികൾ പോലുമില്ലാത്ത ദിവസം” എന്നും പറഞ്ഞ് ബാബു സാർ മുറ്റത്തേക്കിറങ്ങി. വാർത്തകൾ ഒന്നുമില്ലാത്ത നട്ടം തിരിയുന്ന ദിവസങ്ങളിൽ മലപ്പുറത്തെ റിപ്പോർട്ടർ രാധാകൃഷ്ണനാണ് ആശ്വാസമാകാറുള്ളത്. ഏതെങ്കിലും പാർട്ടിയിലെ പൊട്ടിത്തെറികൾ കുറേ ഭാവന കലർത്തി രാധാകൃഷ്ണൻ മുന്നിലെത്തിക്കും. ഇന്ന് രാധാകൃഷ്ണൻ പോലും നിസ്സഹായനായ ദിവസമാണ്. തലസ്ഥാനത്തു നിന്നും വന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ലീഡാക്കാൻ തീരുമാനിച്ച് യോഗം പിരിഞ്ഞു.

മുറ്റത്തേക്കിറങ്ങി ഒരു സിഗരറ്റിന് തീ പകർന്നപ്പോൾ ചീഫ് സബ് എഡിറ്റർ ശിവാനന്ദൻ അരികിലേക്കുവന്നു. കൊല്ലാക്കൊലയുടെ സമയമാണിനി. കഴിഞ്ഞ സൺഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ച വയൽവരമ്പിലെ കാക്ക എന്ന അയാളുടെ കവിതയെക്കുറിച്ചുള്ള വിവരണത്തിൽ മനംമടുത്ത് ഒരു വിധം രക്ഷപ്പെട്ട് അകത്തേക്ക് കയറിയപ്പോൾ റിസപ്ഷനിലെ ടി വിയിൽ ഡൽഹി നിറഞ്ഞു നിൽക്കുന്നു. ഡൽഹിയിൽ ദിവസങ്ങളായി നടക്കുന്ന തൊഴിലാളികളുടെ പ്രക്ഷോഭം വലിയ വാർത്തയല്ലാതായി മാറിയതായിരുന്നു. അതിനിടയിലാണ് സമരപ്പന്തലിലേക്ക് ഒരു ട്രക്ക് ഇടിച്ചു കയറിയത്. ആറു പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് എന്നെല്ലാം ചാനലിൽ വന്നു കൊണ്ടിരുന്നു. വരണ്ടു കിടക്കുന്ന ദിവസത്തെ സജീവമാക്കിയാണ് ഡൽഹിയിൽ ആ ട്രക്ക് ഇരമ്പിയെത്തിയത്.

പെട്ടന്നാണ് മൊബൈൽ ശബ്ദിച്ചത്. ചെന്നൈയിലുള്ള സുഹൃത്ത് ചന്ദ്രബാബുവാണ്.
“ശിവാ.. നീയറിഞ്ഞോ ഡൽഹിയിൽ സമരപ്പന്തലിലേക്ക് ട്രക്ക് ഇടിച്ചു കയറി.. ”
“അറിഞ്ഞു. ഇപ്പോൾ ടി വിയിൽ കണ്ടതേയുള്ളു.. ”
ചന്ദ്രബാബു സംസാരം തുടർന്നു. അവന്റെ വാക്കുകൾ ഇടറി. ട്രക്ക് ഇടിച്ചു കയറി മരിച്ചതിൽ ഒരാൾ ഞങ്ങളുടെ സുഹൃത്ത് മനുശങ്കറാണെന്ന വിവരം എന്നെ ഞെട്ടിച്ചു. കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. മൊബൈലിൽ ചന്ദ്രബാബുവിന്റെ ഇടറിയ ശബ്ദം നിലച്ചപ്പോൾ ഞാൻ മുകളിലേക്ക് കയറി. ഡൽഹിയിൽ മരണപ്പെട്ടവരിൽ ഒരാൾ മലയാളിയാണെന്ന് വ്യക്തമായതോടെ യൂണിറ്റ് ഒന്നടങ്കം ജാഗരൂരുപരായിരിക്കുന്നു. ഇതുവരെ ഒന്നാം പേജിലേക്ക് കണ്ടുവെച്ചിരുന്ന വാർത്തകൾ പലതും ഉൾപ്പേജുകളിലേക്ക് തള്ളപ്പെടുകയാണ്. റീഡിംഗ് റൂമിലെ ടെലിവിഷനിൽ ഒരു ഇംഗ്ലീഷ് ചാനൽ ഡൽഹി സംഭവത്തിന്റെ ആഴങ്ങളിൽ ലൈവിലാണ്. പൊലീസ് ജീപ്പുകൾ ചീറിപ്പായുന്നു. തെരുവുകളിൽ വിലാപങ്ങൾ. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും പ്രസ്താവനകൾ. റിമോർട്ടിൽ വിരലമർന്നു. മലയാളം ചാനലിൽ മരിച്ച മലയാളിയെക്കുറിച്ചുള്ള വിവരങ്ങളാണ്. ക്യാമറ ഞങ്ങളുടെ നാട്ടിൻ പുറത്തേക്കാണ് കടന്നുചെല്ലുന്നത്. ഉസ്മാൻക്കായുടെ കടയും, കാട്ടുപടരുകൾ നിറഞ്ഞ ഇടവഴിയുമെല്ലാം ടി വി സ്ക്രീനിൽ. റോഡരികിലെല്ലാം ആൾക്കൂട്ടം. പലരും എന്തൊക്കെയോ പ്രതികരിക്കുന്നുണ്ട്.

“ശിവേട്ടാ.. സംഭവം സത്യമാണ്… മരിച്ചത് ഒരു മനുശങ്കറാണ്.. ശിവേട്ടന്റെ നാട്ടുകാരനാണ്.. ഡൽഹിയിലെ സുഹൃത്തുക്കൾ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.. ” ഡൽഹി റിപ്പോർട്ടർ സത്യനാഥൻ ഒറ്റ ശ്വാസത്തിനാണ് പറഞ്ഞു തീർത്തത്. ദുഖത്തിന്റെ ആഴങ്ങളിലേക്കോ ഓർമ്മകളുടെ ഇടവഴിയിലേക്കോ കടന്നുപോകാനുള്ള സമയമല്ല ഇത്. എനിക്ക് മുമ്പിൽ ഡൽഹിയിലെ തെരുവിൽ പടർന്ന ചോരയുണ്ട്. മനുശങ്കറിന്റെ ജീവിതമുണ്ട്. ഫോണെടുത്ത് വീട്ടിലെ നമ്പർ ഡയൽ ചെയ്തു. ആരും ഫോണെടുക്കുന്നില്ല. അമ്മ വിവരമറിഞ്ഞ് അയൽവീട്ടിലേക്ക് പോയിട്ടുണ്ടാവും. മനുശങ്കറിനെപ്പറ്റി എഴുതാൻ ഒരുപാടുണ്ട്. തന്നെപ്പറ്റി ഒന്നുമോർക്കാതെ മറ്റുള്ളവർക്കായി ഇറങ്ങിപ്പോകുന്ന മനുഷ്യൻ. കഴിഞ്ഞ തവണ കണ്ടപ്പോഴും കല്ല്യാണക്കാര്യത്തെപ്പറ്റി ഓർമ്മിപ്പിച്ചു നോക്കി. “വരട്ടെ.. സമയമാവട്ടെ.. ” — ഇതായിരുന്നു മറുപടി.
“ഇവനൊരു പോക്കുപോയാൽ പിന്നെ കുറേക്കാലം കഴിഞ്ഞാ മോനെ കാണുക.. ഇവനും വേണ്ടേ ഒരു ജീവിതം” — കാണുമ്പോഴെല്ലാം മനുശങ്കറിന്റെ അമ്മയ്ക്ക് പറയാനുണ്ടാവുക ഇതു മാത്രമായിരുന്നു. അപ്പോൾ അമ്മയെ ചേർത്തുപിടിച്ച് മനുശങ്കർ പറയും ” വേണം അമ്മേ… വരട്ടെ സമയമാവട്ടെ.. ”
അവന്റെ സമയം വന്നെത്തിയിരിക്കുന്നു. അവൻ യാത്രപോലും പറയാതെ പോയി.. കമ്പ്യൂട്ടറിന് മുന്നിലിരിക്കുമ്പോൾ ഡൽഹിയിൽ നിന്നും സത്യനാഥന്റെ വാർത്തകൾ മെയിലിലെത്തി. ഭക്ഷണം കഴിച്ച് സമരഭടൻമാർ നേരം പോക്കിന് കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണത്രെ ട്രക്ക് ഇരമ്പിയെത്തിയത്. അത് ഒരു അപകടമായിരുന്നില്ല. ബോധപൂർവ്വം നടത്തിയ കൂട്ടക്കൊലയായിരുന്നുവെന്ന് വാർത്തയിൽ പറയുന്നു. കേന്ദ്ര മന്ത്രിയുടെ ബന്ധുവിന്റെ നേതൃത്വത്തിലാണ് ട്രക്ക് ഇടിച്ചു കയറിയതെന്ന് വ്യക്തമാണ്. നാലുപേരാണ് ട്രക്കിനടിയിൽ പെട്ട് മരിച്ചത്. ഇതോടെ തൊഴിലാളികൾ ട്രക്കിലുണ്ടായിരുന്നവർക്ക് നേരെ തിരിഞ്ഞപ്പോൾ പൊലീസ് വെടിയുതിർത്തു. രണ്ടുപേർ വെടിവെയ്പ്പിലും കൊല്ലപ്പെട്ടു. “ഡൽഹിയിൽ തൊഴിലാളി വേട്ട.. തൊഴിലാളികളെ മന്ത്രി ബന്ധു ട്രക്ക് കയറ്റിക്കൊന്നു” എന്ന് തലക്കെട്ടും നൽകി കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുമ്പോഴാണ് ബാബു സാറ് അരികിലേക്ക് വന്നത്.“ശിവാ.. തലക്കെട്ടിൽ ചെറിയൊരു മാറ്റം വേണം.. ”
ബാബു സാറ് തലയും ചൊറിഞ്ഞ് പിന്നിൽ നിൽക്കുന്നു. “ഡൽഹിയിൽ സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടു.. അതുമതി തലക്കെട്ട്.. വാർത്തയും ചെറുതായൊന്ന് എഡിറ്റ് ചെയ്യണം.. ”
“സാർ.. സത്യം പക്ഷെ.. ”
“സത്യം എന്തെങ്കിലുമാവട്ടെ.. ഡൽഹിയിലെ കാര്യം നമ്മളിവിടെ എന്തുകൊടുത്താലെന്താ… പക്ഷെ നമ്മൾ ആരെയും പിണക്കാൻ പോവണ്ട എന്നാണ് ആന്റണി സാറിന്റെ നിലപാട്… മുതലാളിയുടെ നിർദ്ദേശം അനുസരിക്കുക.. വേറെന്ത് ചെയ്യാനാണ്”
ബാബു സാറിന്റെ നിർദ്ദേശപ്രകാരം പിഷാരടിച്ചേട്ടൻ വാർത്തകൾ എന്തൊക്കെയോ കീറി മുറിക്കാൻ തുടങ്ങി. നാട്ടിൽ നിന്നും മനുശങ്കറിനെപ്പറ്റിയുടെ കണ്ണീർക്കഥ പീറ്റർ പൊലിപ്പിച്ച് തന്നിട്ടുണ്ട്. അത് നന്നായി കൊടുക്കാനാണ് ബാബുസാറിന്റെ നിർദ്ദേശം.
ലാസ്റ്റ് എഡിഷനും അടിച്ചു കഴിഞ്ഞപ്പോൾ നേരം നന്നായി വൈകിയിരുന്നു. ഭക്ഷണം ഒരു കട്ടൻചായയിൽ ഒതുക്കി ഒരു സിഗരറ്റും കത്തിച്ച് വാടക വീടിന്റെ മുകൾ നിലയിൽ പോയിരുന്നു. ഗ്ലാസിലേക്ക് മദ്യം പകർപ്പോഴേക്കും കറന്റ് പോയി. മെഴുകുതിരി മുറിയിലുണ്ടായിരുന്നെങ്കിലും കത്തിക്കാൻ മിനക്കെട്ടില്ല. മൊബൈൽ ലൈറ്റ് പോലും ഓൺ ചെയ്യാതെ ഇരുട്ടിൽ തനിച്ചിരുന്നു. ഇനി എന്റെ സുഹൃത്തിനെയോർത്ത് എനിക്കൽപ്പം കരയണം. കഴിഞ്ഞ കാലത്തിന്റെ വഴികളിലൂടെ സൈക്കിൾ ചവിട്ടി യാത്ര ചെയ്യണം. പുല്ലാഞ്ഞിക്കടവ് തോട്ടിൽ മുങ്ങാംകുഴിയിടണം.. അവനൊപ്പം തിയേറ്ററിന്റെ ഇരുട്ടിൽ സിനിമ കണ്ട് പൊട്ടിക്കരയണം. “എന്തോന്നാടെ.. ഇത്ര വലുതായിട്ടും സിനിമ കണ്ട് കരയുന്നു.. ” എന്ന അവന്റെ ചിരിച്ചുകൊണ്ടുള്ള വാക്കുകൾ കേൾക്കണം. ഡൽഹിയിലെ തെരുവിൽ നിന്ന് മനുശങ്കർ ഉയർത്തെഴുന്നേറ്റ് എന്റെ മുറിയിലേക്ക് വന്നു. അവന്റെ കൈപിടിച്ച് ഞാൻ യാത്ര ചെയ്യാനൊരുങ്ങവെ മൊബൈൽ ശബ്ദിച്ചു.
“ഹലോ”
മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു. മനുശങ്കറാണ് സംസാരിക്കുന്നത്. ഡൽഹിയിൽ മരിച്ചു വീണ മനുശങ്കർ.
“നീ… നീ… ” ഞാൻ ഞെട്ടിത്തരിച്ച് നിൽക്കെ അവന്റെ ചിരി ശക്തിയായി.
“നിന്റെ പത്രത്തിന്റെ താളിൽ നീയെന്നെ കഥാവശേഷനാക്കി അവതരിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാവുമെന്നെനിക്കറിയാം.. പക്ഷെ ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു.. രസകരമായ ഒരു തമാശ ആസ്വദിച്ചുകൊണ്ട്… ”
പെട്ടന്ന് ഫോൺ കട്ടായി. തിരിച്ചു വിളിക്കാനുള്ള ശ്രമത്തിൽ അവന്റെ മൊബൈൽ സ്വിച്ച് ഓഫ് രേഖപ്പെടുത്തുന്നു. ചെന്നൈയിലുള്ള ചന്ദ്രബാബുവിനെ വിളിച്ചു. അസ്വസ്ഥത വർധിപ്പിച്ചുകൊണ്ട് അവന്റെ മൊബൈലും പ്രതികരിക്കുന്നില്ല. ടോർച്ച് മിന്നിച്ച് പുറത്തേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ടാക്കി നേരെ പത്രമോഫീസിലേക്ക് ചെന്നു.
“സാർ.. എന്തുപറ്റി”
ഓഫീസ് വരാന്തയിൽ എന്തോ വായിച്ചുകൊണ്ടിരുന്ന ജേർണലിസ്റ്റ് ട്രെയിനി സഹദേവൻ അടുത്തേക്ക് വന്നു.
“ഇല്ല.. നമുക്ക് തെറ്റി.. മനുശങ്കർ മരിച്ചിട്ടില്ല.. ”
ഓഫീസിൽ നിന്ന് മടങ്ങാൻ തുടങ്ങിയ സഹപ്രവർത്തകർ ചുറ്റിലും നിറഞ്ഞു. ടിവി സ്ക്രീനിൽ ഇപ്പോഴും എന്റെ നാടും മനുശങ്കറിനെക്കുറിച്ചുള്ള വാർത്തകളുമാണ്. എല്ലാം എന്റെ തോന്നൽ മാത്രമാണെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിക്കുന്നു. ആരോ ഫോൺ വാങ്ങിനോക്കി അതിലേക്ക് അത്തരമൊരു കോൾ ഒന്നും വന്നിട്ടില്ലെന്നും ഉറപ്പിച്ചു. തിരിച്ച് വീട്ടിലെത്തി മദ്യക്കുപ്പിയെടുത്ത് ഗ്ലാസിലേക്ക് കമഴ്ത്തി. ലഹരിയുടെ ആഴങ്ങളിലേക്ക് പതിക്കവെ ഫോൺ വീണ്ടും ശബ്ദിച്ചു.
“സോറി.. നേരത്തെ കട്ടായിപ്പോയി.. എടാ ഞാനിപ്പോഴും എന്റെ മരണവാർത്ത ആസ്വദിക്കുകയാണ്..”
മദ്യഗ്ലാസ് താഴെ വീണു ചിതറി.
” എന്താടോ.. ഞാൻ മരിക്കാത്തതിലുള്ള സന്തോഷമോ.. അതോ തെറ്റായ വാർത്തയുമായി നിന്റെ പത്രമിറങ്ങുന്നതിലുള്ള സങ്കടമോ.. “പതിവ് ശൈലിയിൽ മനുശങ്കറിന്റെ ചോദ്യം.
മറുപടിയൊന്നുമില്ലാതെ ഞാൻ പകച്ചിരിക്കവെ മനുശങ്കർ സംസാരം തുടർന്നു — “എന്താടേ നാളത്തെ നിന്റെ പത്രത്തിന്റെ തലക്കെട്ട്… വാർത്തയെന്താവുമെന്ന് എനിക്കറിയാം. . സംഘർഷത്തിനിടയിൽ അബദ്ധത്തിൽ ഞാൻ മരണപ്പെട്ടെന്നാവും ല്ലേ…
എന്നാ നീ കേട്ടോ.. ബോധപൂർവ്വം ട്രക്ക് ‍ഞങ്ങൾക്കിടയിലേക്ക് അവർ ഇടിച്ചു കയറ്റുകയായിരുന്നു… ഒരു പെഗ് കൂടി കഴിച്ച് നീ കിടന്നോ.. ഓവറാക്കരുത്… നിന്റെ കരച്ചിൽ കാണാൻ എനിക്ക് വയ്യെടാ.….”
ഫോൺ ചാർജ് തീർന്ന് ഓഫായി. മെഴുകുതി കത്തിച്ച് ഷെൽഫിൽ നിന്ന് മനുശങ്കർ എഴുതിയ പുസ്തകമെടുത്തു. അവൻ കൈയ്യൊപ്പിട്ട് തന്ന ചുവന്ന ചട്ടയുള്ള പുസ്തകം. . ‘മരണാനന്തരം. . ’

Exit mobile version