Site iconSite icon Janayugom Online

തേനൂറുന്ന സ്നേഹത്തോടെ മന്ത്രി വിളിച്ചു; ചേനൻ കാടിറങ്ങും

ministersministers

പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിലുണ്ടായ നാശനഷ്ടങ്ങളും തിരച്ചിലിന്റെ പുരോഗതിയിയും വിലയിരുത്താനെത്തിയപ്പോഴാണ് റവന്യു മന്ത്രി കെ രാജൻ, കാട്ടിൽ താമസക്കാനിഷ്ടപ്പെടുന്ന പണിയ വിഭാഗത്തിൽ പെട്ട ചേനനെ കാണുന്നത്. ജൂലൈ 30ന് പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിന്റെ ഭീതിദമായ അവസ്ഥ ചേനൻ മന്ത്രിയെ ധരിപ്പിച്ചു. ശ്രദ്ധിച്ച് കേട്ട മന്ത്രി ചേനനുമായി കുശലാന്വേഷണം നടത്തി സൗഹൃദം സ്ഥാപിച്ചു. മലമുകളിൽ താമസിക്കുന്നതിന്റെ അപകടാവസ്ഥ മന്ത്രി ചേനനെ ബോധ്യപ്പെടുത്തി. തേൻ ശേഖരിച്ച് വിൽക്കലാണ് ജോലിയെന്ന് പറഞ്ഞ ചേനനോട് തേനുണ്ടെങ്കിൽ വാങ്ങാമെന്ന് മന്ത്രി അറിയിച്ചു. ഉടൻ തന്നെ ചേനൻ തേനുമായി എത്തി.

പണം നൽകി തേൻ വാങ്ങിയ മന്ത്രി സുരക്ഷിതസ്ഥാനത്തേക്ക് താമസം മാറ്റണമെന്നും വേണ്ട സൗകര്യം ചെയ്ത് തരാമെന്നും ഉറപ്പ് നൽകി. ഇതോടെ ഭാര്യ ചെണ്ണയുമായി കാടിറങ്ങാമെന്ന് ചേനൻ സമ്മതിച്ചു. അങ്ങനെയെങ്കിൽ മുഴുവൻ തേനും വാങ്ങാമെന്ന് മന്ത്രിയുടെ ഓഫർ. കൂടെ ഉണ്ടായിരുന്ന വനംമന്ത്രി എ കെ ശശീന്ദ്രനും സ്നേഹപൂർവ്വം നിർബന്ധിച്ചതോടെ കാടിറങ്ങാമെന്ന് ചേനൻ സമ്മതിച്ചു. കൂടെ ഉണ്ടായിരുന്ന വയനാട് സൗത്ത് ഡിഎഫ്ഒ കെ അജിത്തും ഇതിന് സാക്ഷിയായി. ഐടിഡിപി പ്രൊജക്ട് ഓഫിസർ ജി പ്രമോദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ രജനികാന്ത്, എസ് ടി പ്രൊമോട്ടർ രാഹുൽ, അക്രെഡിറ്റഡ് എന്‍ജിനീയർ അഭിഷേക് എന്നിവരെ ചേനന്റെയും കുടുംബത്തിന്റെയും സുരക്ഷാകാര്യങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

You may also like this video

Exit mobile version