Site iconSite icon Janayugom Online

കാക്കി സൃഷ്ടിച്ച കഥാകൃത്ത്

വെറും അഞ്ചേ അഞ്ച് സിനിമകള്‍. ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡുകളും ഒരു കാലത്ത് സൂപ്പര്‍ താരങ്ങളുടെ പേരു കണ്ട് തിയേറ്ററിലെത്തിയിരുന്ന മലയാളികള്‍ ഇന്ന് തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും പേരു കണ്ട് തിയേറ്ററിലെത്തുന്നു. അത്തരമൊരു ബ്രാന്‍ഡ് നെയിമാണ് ഷാഹി കബീര്‍. ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവാതെ പൊലീസ് സേനയില്‍ സാധാരണ കോണ്‍സ്റ്റബിളായി കരിയര്‍ തുടങ്ങിയ ഒരു മനുഷ്യന്‍. കുട്ടിക്കാലത്തോ കോളജ് പഠനകാലത്തോ കലയുമായി ബന്ധപ്പെട്ട് ഒരു വേദിയില്‍ പോലും കയറിയിട്ടില്ലാത്ത ചെറുപ്പക്കാരന്‍, സിനിമാമോഹം ഒട്ടുമില്ലാതെ, കിട്ടിയ ജോലി കൊണ്ട് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചുറപ്പിച്ച യുവാവ്. ജീവിതത്തിന്റെ ഒരു വഴിത്തിരിവില്‍ അയാള്‍ വഴി മാറി നടന്നപ്പോള്‍ മലയാള സിനിമാപ്രേക്ഷകര്‍ക്ക് സ്വന്തമായത് അവര്‍ ജീവിതത്തിലൊരിക്കലും മറക്കാത്ത അഞ്ച് ഹിറ്റുകളാണ്. ജോസഫ്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ഇലവീഴാപൂഞ്ചിറ, റോന്ത് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ഷാഹി കബീര്‍. ഇലവീഴാപൂ‍ഞ്ചിറ ഒഴിച്ച് നാലു ചിത്രങ്ങളിലും തിരക്കഥയെഴുതിയ ഷാഹി കബീറിന് ഇലവീഴാപൂ‍ഞ്ചിറ മികച്ച നവാഗത സംവിധായകനുളള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. 2021ല്‍ പുറത്തിറങ്ങിയ നായാട്ടിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ഷാഹിയെ തേടിയെത്തി.

ആലപ്പുഴയില്‍ ജനിച്ചു വളര്‍ന്ന ഷാഹി കബീര്‍ കാര്‍മ്മല്‍ അക്കാദമിയിലും എസ്‌ഡിവി സ്കൂളിലും ആര്യാട് ഗവ. വിഎച്ച്എസ്‌സിയിലുമാണ് സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. ഷാഹി വീട്ടിലെ ഇളയ മകനായിരുന്നു. കരാര്‍ പണിക്കാരനായിരുന്ന ഷാഹിയുടെ അച്ഛന്‍ എ പി കബീര്‍. നാടകവും അഭിനയവുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. കബീറാണ്, ഇളയ മകൻ ഷാഹിയുടെ മനസിലേക്ക് എഴുത്തിന്റെ പ്രതിഭ പകര്‍ന്നുകൊടുത്തത്. കുട്ടിക്കാലത്തെ ഷാഹിയുടെ വായനാശീലം പ്രോത്സാഹിപ്പിച്ചിരുന്ന കബീര്‍ ഞായറാഴ്ചകളില്‍ ടിവികളില്‍ സംപ്രേഷണം ചെയ്തിരുന്ന ദേശീയ അവാര്‍ഡ് ചിത്രങ്ങള്‍ മകനെ മുടങ്ങാതെ കാണിക്കുമായിരുന്നു. എഴുത്തിനോടും വായനയോടും സിനിമയോടുമുള്ള ഹൃദയബന്ധം ഷാഹിക്കതായിരുന്നു. മറ്റ് മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായി മകന്‍ സിനിമക്കാരനാവണം, എഴുത്തുകാരനാവണം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിക്കണമെന്നൊക്കെ സ്വപ്നം കണ്ട പിതാവ്. പക്ഷേ പിതാവിന്റെ ദീര്‍ഘവീക്ഷണം എന്തുകൊണ്ടോ മകന് അന്ന് ഉള്‍ക്കൊള്ളാനായില്ല. ആലപ്പുഴ എസ്ഡി കോളജിലാണ് ഷാഹി കബീര്‍ ആദ്യം ഡിഗ്രിക്ക് ചേര്‍ന്നത്. ഇംഗ്ലീഷ് സാഹിത്യമായിരുന്നു വിഷയം. കൂട്ടുകാരൊക്കെ എന്‍ട്രന്‍സ് നേടിപ്പോയപ്പോള്‍ കോളജില്‍ ഒറ്റയ്ക്കായി. ചെസുകളിയും ലൈബ്രറിയിലെ വായനയുമൊക്കെയായി ക്ലാസില്‍ കയറാതെ പഠനം ഉഴപ്പി. ഡിഗ്രി പൂര്‍ത്തിയാക്കിയില്ല. ഇതിനിടെ കുടുംബം കോട്ടയത്തേക്ക് താമസം മാറി. അവിടെ കോട്ടയം ബസേലിയസ് കോളജില്‍ ഡിഗ്രിക്കു ചേര്‍ന്നു. സ്കൂള്‍ പഠനകാലത്ത് രാഷ്ട്രീയമുണ്ടായിരുന്നതുകൊണ്ട് ചെറിയ തോതില്‍ കോളജിലും രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിരുന്നു. എസ്എഫ്ഐ യൂണിയന്റെ എംജി സര്‍വകലാശാലയുടെ കലാജാഥയില്‍ അംഗമായി. കലാജാഥയില്‍ അംഗമായാല്‍ അക്കാലയളവിലെ ഹാജര്‍ ലഭിക്കും. എന്നാല്‍ പരീക്ഷാ ഫീസടയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് അറിയുന്നത് ഹാജരില്ലാത്തതിനാല്‍ തനിക്ക് പരീക്ഷയെഴുതാനാവില്ല എന്ന്. ഒരു പൊലീസ് കേസോ പരാതിയോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഹാജര്‍ അനുവദിച്ചു തരേണ്ട പാര്‍ട്ടി മെമ്പര്‍ കൂടിയായ വകുപ്പ് മേധാവി ലീവെടുത്തു മാറി നിന്നതോടെ ഷാഹിയുടെ ഡിഗ്രി പഠനം രണ്ടാം തവണയും പാതിവഴിയിലായി.

കോളജ് പഠനകാലത്ത് പിഎസ്‌സി ടെസ്റ്റ് എഴുതിയിരുന്നു. കോളജ് വിട്ടിറങ്ങി മെ‍ഡിക്കല്‍ റെപ്പായി. ഒരിക്കലും മനസില്‍ കാക്കിവേഷമില്ലായിരുന്നു. അപ്പോഴാണ് പൊലീസ് സേനയില്‍ നിയമന ഉത്തരവ് വരുന്നത്. മണിയാര്‍ പൊലീസ് ക്യാമ്പിലായിരുന്നു നിയമനം. ആ സമയത്തും പിതാവ് കബീര്‍ ഷാഹിയെ സിനിമാ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. ക്യാമ്പിലായിരിക്കുമ്പോള്‍ മൂന്നു ദിവസത്തെ തിരക്കഥാ ക്യാമ്പ് നടക്കുന്നുവെന്നറിഞ്ഞ കബീര്‍ ക്യാമ്പിലെത്തി മകനോട് ലീവെടുത്ത് തിരക്കഥാ ക്യാമ്പില്‍ പങ്കെടുക്കാന്‍ പറഞ്ഞു. പക്ഷേ ഷാഹി പോയില്ല. ഇതിനിടെ സബീനയുമായി വിവാഹം. മകന്‍ സഹീന്‍ പിറന്നു 40 ദിവസം കഴിഞ്ഞപ്പോള്‍ അച്ഛന്‍ കബീര്‍ വിട പറഞ്ഞു. ഷാഹിയുടെ ജീവിതത്തില്‍ അതൊരു ആഘാതമായിരുന്നു. വഴിത്തിരിവും അവിടെനിന്നായിരുന്നു. അച്ഛന്റെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, ഒരച്ഛന്‍ കൂടിയായപ്പോഴാണ് ആ മകന്‍ തിരിച്ചറിഞ്ഞത്. ഷാഹി കബീര്‍ എന്ന പൊലീസുകാരന്റെ പിന്നീടുള്ള ഓരോ ദിനവും പിതാവിന്റെ സ്വപ്നത്തിലേക്കുള്ള യാത്രയായിരുന്നു. ‘ജോസഫ്’ എന്ന ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുന്നത് അങ്ങനെയായിരുന്നു. മമ്മൂട്ടിയെ നായകനായി കണ്ട് ഒരു തിരക്കഥ എഴുതിയെങ്കിലും അത് നടക്കാതെ വന്നു. ‘ജോസഫ്’ മുക്കാല്‍ ഭാഗം എഴുതിയപ്പോഴാണ് ദിലീഷ് പോത്തനെ പരിചയപ്പെടുന്നത്. ദിലീഷ് പോത്തന് ഷാഹിയെ പരിചയപ്പെടുത്തുന്നത് ടൊവിനോയാണ്. അങ്ങനെ ജോസഫിന് മുമ്പ് ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക‌്‌സാക്ഷിയും’ ചിത്രത്തില്‍ സഹസംവിധായകനായി തുടക്കം.

സമകാലിക മലയാള സിനിമയില്‍ റിയലിസ്റ്റാക്കിയ കഥ പറച്ചിലുകാരില്‍ ഒന്നാം സ്ഥാനത്താണ് ഷാഹി കബീര്‍. 20 വര്‍ഷത്തെ പൊലീസ് സേനയിലെ അനുഭവങ്ങള്‍ ഷാഹിയുടെ എഴുത്തിലുണ്ട്. സേനയിലെ കേഡര്‍ സ്വഭാവവും അധികാര പ്രയോഗവും ഉദ്യോഗസ്ഥരുടെ സമ്മര്‍ദവും കീഴുദ്യോഗസ്ഥരുടെ ആത്മസംഘര്‍ഷങ്ങളുമെല്ലാം ഷാഹിയുടെ ഓരോ പൊലീസ് കഥാപാത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. പൊലീസ് സേനയെ അന്ധമായി വെള്ളപൂശാതെ, നാം കണ്ടുമടുത്ത ഹീറോ പരിവേഷമുളള പൊലീസ് വേഷങ്ങള്‍ക്കുപരിയായി വ്യവസ്ഥിതിയിലെ ജീര്‍ണതകളും പരിമിതികളും ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മാനസികതലങ്ങളിലേക്ക് പതിപ്പിക്കുകയാണ് ഷാഹിയുടെ ഓരോ സിനിമകളും. പൊലീസ് സേനയിലെ അനുഭവങ്ങളും നേരിട്ട സംഭവങ്ങളുമെല്ലാം തന്റെ ചിത്രങ്ങളിലുണ്ടെന്ന് ഷാഹി പറയുന്നു. ‘റോന്ത്” സിനിമയില്‍ അക്രമാസക്തനായ ഭ്രാന്തനായ പിതാവില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കുന്ന റോഷന്റെ സീന്‍ ഷാഹി സ്വന്തം ജീവിതത്തില്‍ നേരിട്ട അത്തരം ഒരനുഭവമായിരുന്നു. സൂപ്പര്‍ ഹീറോ പൊലീസ് വേഷങ്ങള്‍ക്ക് പകരം സേനയിലെ സമ്മര്‍ദങ്ങളും പൊലീസുകാരുടെ ആത്മസംഘര്‍ങ്ങളും ജീര്‍ണതകളും എഴുത്തില്‍ പ്രകടമാവുന്നതിനെക്കുറിച്ച് ഷാഹിക്ക് ഒന്നേ പറയാനുള്ളു, “എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. സാഹചര്യങ്ങളാണ് അതിലേക്കെത്തിക്കുന്നത്. പുറമെ കാണുന്നതല്ല ഓരോ തൊഴിലും. ഓരോ തൊഴിലിനും അതിന്റേതായ സമ്മര്‍ദങ്ങളുണ്ട്.” മുഴുവന്‍ സമയം സിനിമാ പ്രവര്‍ത്തനത്തിനായി ജോലിയില്‍ നിന്നും വിരമിച്ച ഷാഫി കബീര്‍. റോന്തിനുശേഷം കുഞ്ചാക്കോ ബോബനെ മുഖ്യ കഥാപാത്രമാക്കി വീണ്ടുമൊരു പൊലീസ് സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ്.

Exit mobile version