Site iconSite icon Janayugom Online

തെരുവുനായ വിഷയം : ഇരകള്‍ക്ക് കക്ഷിചേരാന്‍ ഇളവ് അനുവദിച്ചു

തെരുവു നായ അക്രമണത്തിന്റെ ഇരകള്‍ക്ക് കേസില്‍ കക്ഷി ചേരാന്‍ ഇളവനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്രത്തിന്റെ അപേക്ഷ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

തെരുവുനായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തികള്‍ക്ക് ഇടപെടല്‍ ഹര്‍ജി ഫയല്‍ ചെയ്യാന്‍ 25,000 രൂപയും സന്നദ്ധ സംഘടനകള്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടതെന്ന നിബന്ധന കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. മുനിസിപ്പാലിറ്റികള്‍ക്ക് തെരുവു നായകളെ സംരക്ഷിക്കാനുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഒരുക്കാന്‍ ഈ തുക വിനിയോഗിക്കാനാണ് കോടതി ലക്ഷ്യമിട്ടത്.

തെരുവുനായ അക്രമണത്തിന്റെ ഇരകള്‍ക്കും പറയാന്‍ അവസരം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം അംഗീകരിച്ചാണ് രജിസ്ട്രിയില്‍ തുക കെട്ടിവയ്ക്കാതെ ഇരകള്‍ക്ക് കേസില്‍ ഇടപെടല്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. കേസില്‍ മൃഗക്ഷേമ ബോര്‍ഡിനെ കക്ഷിയാക്കിയ കോടതി അവര്‍ക്ക് നോട്ടീസയക്കാന്‍ ഉത്തരവിട്ടു.
കേസില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കോടതി ഉടന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

Exit mobile version