Site iconSite icon Janayugom Online

‘സ്ത്രീ ഭാഷ എഴുത്ത് അരങ്ങ്’: പുരുഷൻമാർ സൃഷ്ടിച്ച ഭാഷയിൽ എഴുത്തുകാരികൾക്ക് തങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിക്കേണ്ട സ്ഥിതി: കെ സച്ചിദാനന്ദൻ

സാഹിത്യത്തിൽ ഇന്നും സ്വന്തമായി ഒരുമിടമില്ലാത്തവരാണ് എഴുത്തുകാരികളെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ. വെള്ളിമാട്കുന്ന് ജെൻഡർ പാർക്കിൽ കേരള സാഹിത്യ അക്കാദമി, കാളാണ്ടി താഴം ദർശനം സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘സ്ത്രീ ഭാഷ എഴുത്ത് അരങ്ങ്’ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിലും തൊഴിൽ ശാലയിലും വീട്ടിലും സമൂഹത്തിന്റെ മറ്റു മേഖലകളിലെല്ലാം തങ്ങളുടെ ഇടം കണ്ടെത്തുകയെന്ന അന്വേഷണമാണ് ഇത്തരം കൂട്ടായ്മകളിലൂടെ നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

നിർഭാഗ്യവശാൽ പുരുഷൻമാർ സൃഷ്ടിച്ച ഭാഷയിൽ എഴുത്തുകാരികൾക്ക് തങ്ങളുടെ അനുഭവങ്ങൾ അവതരിപ്പിക്കേണ്ട സ്ഥിതി വിശേഷമാണിന്നുമുള്ളത്. സ്ത്രീകൾക്കുള്ളത് സ്വകാര്യ ഇടങ്ങളാണ് എന്ന പൊതുബോധത്തെ തിരുത്തണം. ഇന്ത്യൻ യാഥാർത്ഥ്യത്തെ കണക്കിലെടുത്തുകൊണ്ട് തന്നെ പുതിയ രീതിയിലുള്ള വായന നടത്തുകയെന്നതാണ് സ്ത്രീപക്ഷ എഴുത്തുകാരുടെയും നിരൂപകരുടെയുമൊക്കെ പുതിയ കാലത്തെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമി സെക്രട്ടറി സി പി അബൂബക്കർ അധ്യക്ഷത വഹിച്ചു. 

ദർശനം സാംസ്കാരികവേദി സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും പ്രസിഡന്റ് ടി കെ സുനിൽകുമാർ നന്ദിയും പറഞ്ഞു. കഥയിലെ സ്ത്രീയും സമൂഹവും എന്ന വിഷയത്തിൽ ലതാ ദേവി, സ്ത്രീക്ക് ഒരു ഭാഷയുണ്ടോ എന്ന വിഷയത്തിൽ ഡോ. ആർ രാജശ്രീ, മലയാളത്തിലെ സ്ത്രീ കവിത എന്ന വിഷയത്തിൽ ഡോ. രോഷ്നി സ്വപ്ന, അരങ്ങിലെ സ്ത്രീ എന്ന വിഷയത്തിൽ സജിത മഠത്തിൽ എന്നിവർ പ്രഭാഷണം നടത്തി. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിലധികം സാഹിത്യ തല്പരരായ സ്ത്രീ എഴുത്തുകാരികളാണ് ശില്പശാലയിൽ പങ്കെടുത്തത്.

Eng­lish Summary:‘Stree Bhasha Ezhuth Arangam’ One Day Workshop
You may also like this video

Exit mobile version