Site iconSite icon Janayugom Online

പൊതുമുതൽ നശിപ്പിച്ചാല്‍ കര്‍ശന നടപടി; ആയുധങ്ങളുമായി പ്രക്ഷോഭത്തിനെത്തിയാൽ സംഘടനയുടെ നേതാക്കളെ ഉൾപ്പെടെ പിടികൂടും

പ്രക്ഷോഭങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കര്‍ശന നിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ്‌ മേധാവിയുടെ സർക്കുലർ. സുപ്രീം കോടതി നിർദേശപ്രകാരമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ആയുധങ്ങളുമായി പ്രക്ഷോഭത്തിനെത്തിയാൽ സംഘടനയുടെ നേതാക്കളെ ഉൾപ്പെടെ പിടികൂടും, അക്രമങ്ങളും വസ്തുവകകൾക്കും നാശനഷ്ടമുണ്ടാക്കുന്ന സമരമുണ്ടായാൽ അതിന് നേതൃത്വം നൽകുന്ന സംഘടനകളുടെ നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനുള്ളിൽ സംഭവം നടന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

സാഹചര്യം ആവശ്യപ്പെടുന്നപക്ഷം ആൾക്കൂട്ട ആക്രമണം നടക്കുന്ന പ്രത്യേക കാലയളവിൽ നോഡൽ ഓഫിസർമാർക്ക് സമൂഹ മാധ്യമങ്ങളിലും ഇന്റർനെറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ന്യായമായ നിയന്ത്രണം ഏർപ്പെടുത്താനാകും. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം നടപടി സ്വീകരിക്കും. പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ എന്നിവ നടക്കുമ്പോൾ ഏതെങ്കിലും വ്യക്തി ലൈസൻസുള്ളതോ ഇല്ലാത്തതോ ആയ നിരോധിത ആയുധങ്ങൾ കൈവശം വയ്ക്കുന്നതായി കണ്ടെത്തിയാൽ സംഘർഷമുണ്ടാക്കാനാണെന്ന് വിലയിരുത്തി നിയമാനുസൃത നടപടി സ്വീകരിക്കും.

പൊതുമുതൽ നശീകരണം തടയൽ നിയമം കർശനമായി നടപ്പാക്കണമെന്നാണ് നിർദേശം. പ്രകടനത്തിൽ കത്തികൾ, ലാത്തികൾ പോലുള്ള ആയുധങ്ങൾ നിരോധിക്കണം. പ്രകടനം സമാധാനപരമാണെന്ന്‌ അതത്‌ സംഘാടകർ ഉറപ്പാക്കണം. ജില്ലയിൽ മാത്രം ഒതുങ്ങുന്ന പ്രകടനങ്ങൾക്ക് ജില്ലാ പൊലീസ് മേധാവിയും സംസ്ഥാനതലത്തിലുള്ളവര്‍ക്ക് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനും മേൽനോട്ടം വഹിക്കണം. പൊതുമുതൽ നശിപ്പിച്ചാൽ ആനുപാതിക നഷ്ടപരിഹാരം കെട്ടിവച്ചാൽ ജാമ്യം അനുവദിക്കാമെന്നും സംസ്ഥാന പൊലീസ്‌ മേധാവി പ്രസിദ്ധീകരിച്ച സർക്കുലർ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Strict action for destruc­tion of pub­lic property

You may also like this video

Exit mobile version