മാലിന്യം വലിച്ചെറിഞ്ഞാൽ കർശന ശിക്ഷ ഉറപ്പാക്കുന്ന 2024 ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി), 2024 ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസാക്കി. ഓൺലൈൻ ഗെയിമിങ്ങിന് ഉൾപ്പെടെ 28 ശതമാനം ജിഎസ്‌ടി നിശ്ചയിച്ച 2024ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലും സഭ പാസാക്കി. ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ പ്രാപ്തമാക്കുന്നതാണ് ആദ്യ രണ്ട് ബില്ലുകൾ. ഇതുപ്രകാരം മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷ 50, 000 രൂപയും ഒരു വർഷം വരെ തടവുമാക്കി. പൊതുഇടത്തേക്കും സ്വകാര്യ ഭൂമിയിലേക്കും മാലിന്യം വലിച്ചെറിഞ്ഞാൽ 5000 രൂപ വരെ പിഴ ഈടാക്കും. ശിക്ഷാനടപടികൾ സ്വീകരിക്കാൻ സെക്രട്ടറിക്കുള്ള അധികാരം വർധിപ്പിച്ചു. നോട്ടീസ് കൊടുത്ത്, കുറ്റാരോപിതനായ വ്യക്തിയെ കേട്ട ശേഷം പിഴ ചുമത്താനാണ് അധികാരം. യൂസർഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ഏതൊരു സേവനവും സെക്രട്ടറിക്ക് നിരസിക്കാം. അത്യാവശ്യഘട്ടത്തിൽ പ്രസിഡന്റിനെ അറിയിച്ചുകൊണ്ട് രണ്ട് ലക്ഷം രൂപ ഈ മേഖലയിൽ ചെലവഴിക്കാനുള്ള അധികാരവുമുണ്ട്. യൂസർഫീ നൽകുന്നതിൽ വീഴ്ചവരുത്തിയാൽ പ്രതിമാസം 50 ശതമാനം പിഴയോടു കൂടി വസ്തുനികുതിയോടൊപ്പം കുടിശികയായി ഈടാക്കും. 90 ദിവസത്തിനു ശേഷവും യൂസർഫീ കൊടുത്തില്ലെങ്കിൽ മാത്രമേ പിഴ ഈടാക്കൂ. അതിദാരിദ്ര്യ വിഭാഗത്തിൽപ്പെടുന്നവരെ യൂസർഫീയില്‍ നിന്ന് ഒഴിവാക്കി. സർക്കാർ മാർഗ നിർദേശങ്ങൾക്കനുസൃതമായി തദ്ദേശ സ്ഥാപനത്തിന് ഉചിതമെന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസർഫീയിൽ നിന്നും ഒഴിവാക്കാം. എന്നാൽ തത്തുല്യമായ യൂസർഫീ തദ്ദേശ സ്ഥാപനം ഹരിതകർമ്മസേനയ്ക്ക് നൽകണം.
മാലിന്യ സംസ്കരണത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾക്ക് അനുസൃതമായ തീരുമാനങ്ങൾ ഒരു മാസത്തിനുള്ളിൽ എടുത്തില്ലെങ്കിൽ സർക്കാരിന് സ്ഥാപനത്തിന് മേൽ പിഴ ചുമത്താം. മാലിന്യ സംസ്കരണ കുറ്റങ്ങൾ സെക്രട്ടറിയെ തെളിവ് സഹിതം അറിയിച്ചാൽ പാരിതോഷികം നൽകും.
പണംവച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് ഉൾപ്പെടെ 28 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തുന്നതാണ് 2024ലെ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബിൽ. വാതുവയ്പ്, കാസിനോ, ചൂതാട്ടം, കുതിരപന്തയം, ഓൺലൈൻ ഗെയിമുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ജിഎസ്‌ടി കൗൺസിൽ 28ശതമാനം ജിഎസ്‌ടി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ ജിഎസ്‌ടി നിയമ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ് സംസ്ഥാനത്തിന്റെ ദേദഗതി ബിൽ.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സപ്ലൈകോ ഇടപെടും
കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഫലപ്രദമായ ഇടപെടല്‍ സപ്ലൈകോ തുടര്‍ന്നും നടത്തുമെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ . പ്രതിപക്ഷത്തുനിന്ന് ഷാഫി പറമ്പില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിക്ക് കാരണക്കാരായ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെയുള്ള അന്തര്‍ധാര ജനങ്ങള്‍ക്ക് മനസിലാക്കാന്‍ പര്യാപ്തമായതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സപ്ലൈകോയെ ബാധിച്ചിട്ടുള്ള പ്രതിസന്ധി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍. സപ്ലൈകോയെ തകര്‍ത്ത് ചില്ലറ വില്പന മേഖലയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന കുത്തക ശക്തികളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്ന് മന്ത്രി ജി ആര്‍ അനില്‍ ഓര്‍മ്മിപ്പിച്ചു. സപ്ലൈകോയെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള ഉത്തരവാദിത്തം സർക്കാർ നിർവഹിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2014ലെ അതേ വിലയില്‍ തന്നെയാണ് ഇപ്പോഴും 13 ഇനം സബ്സിഡി സാധനങ്ങള്‍ സപ്ലൈകോയിലൂടെ ജനങ്ങള്‍ക്ക് നല്‍കിവരുന്നത്. പ്രളയത്തിന്റെ ഉള്‍പ്പെടെ സാഹചര്യങ്ങളില്‍ ഭക്ഷ്യകിറ്റ് നല്‍കിയതിലൂടെയും മറ്റുമായി വലിയ ബാധ്യതയാണ് സപ്ലൈകോയ്ക്ക് ഉണ്ടായിട്ടുള്ളത്. നികുതി വിഹിതവും നഷ്ടപരിഹാരവും അടക്കം സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട തുകയിൽ 57,000 കോടി രൂപ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
English Summary:Strict punishment for littering: Bills passed
You may also like this video