Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ റിഫൈനറിക്കെതിരെ സമരം; നാട്ടുകാരായ 111 പേരെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര രത്‌നഗിരി ജില്ലയിലെ ബര്‍സു ഗ്രാമത്തില്‍ ആരംഭിക്കുന്ന റിഫൈനറി ആന്റ് പെട്രോകെമിക്കല്‍സ് പ്രോജക്ടിനെതിരെ (ആര്‍ആര്‍എല്‍പി) നാട്ടുകാരുടെ പ്രക്ഷോഭം. പദ്ധിക്കുവേണ്ടിയുള്ള സര്‍വേക്കെതിരെ പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരം ചെയ്ത 111 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍വേ നടപടികള്‍ക്കായെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും ഉദ്യോഗസ്ഥരുടെ വണ്ടികള്‍ ഗ്രാമത്തിലേക്ക് കടക്കാതിരിക്കാന്‍ വഴിയില്‍ കിടന്ന് പ്രതിഷേധിച്ചെന്നുമാണ് പൊലീസിന്റെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ആരോപണം. 1800ഓളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപശ്രമം എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ രത്‌നഗിരിയിലെ രാജപ്പൂര്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി), ശിവസേന തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളുടെ എതിര്‍പ്പുകളുയര്‍ന്ന സാഹചര്യത്തില്‍ സര്‍വേ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

അതേസമയം, കൊങ്കണ്‍ തീരദേശ മേഖലയോട് ചേര്‍ന്ന ബര്‍സു ഗ്രാമത്തില്‍ റിഫൈനറി വരുന്നത് മേഖലയുടെ ജൈവവൈവിധ്യത്തെയും തങ്ങളുടെ ഉപജീവനത്തെയും ബാധിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സൗദി ആരാംകോ, അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നിവയുടെ സഹായത്തോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവക്കായി മെഗാ റിഫൈനറിയും പെട്രോകെമിക്കല്‍ പ്ലാന്റും സ്ഥാപിക്കുന്ന പദ്ധതിയാണ് ആര്‍ആര്‍എല്‍പി പദ്ധതിക്കായി നിലവില്‍ 20 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

 

Eng­lish Sam­mury: strike against refin­ery in Maharashtra’s Rat­na­giri; 111 peo­ple were arrested

Exit mobile version