സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് വിളിച്ചു ചേർത്ത തിരുവനന്തപുരം ജില്ലയിലെ മൊത്ത വ്യാപാരി സംഘടനകളുടെ പ്രതിനിധികളുടെയും ഭക്ഷ്യ പൊതുവിതരണ വകുപ്പിലെയും ലീഗൽമെട്രോളജി വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുയായിരുന്നു മന്ത്രി.
നിത്യോപയോഗ സാധനങ്ങളായ മുളക്, ചെറുപയർ, കശ്മീരി മുളക് എന്നിവയ്ക്ക് ഒരു ജില്ലയിലെ പല പ്രദേശങ്ങളിൽ പല വില എന്നത് ആശാസ്യമല്ല. അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നതിനും യോഗത്തിൽ ധാരണയായി. ചില ഭക്ഷ്യോല്പന്നങ്ങൾക്ക് രാജ്യത്ത് വില ഉയരുന്നതിന്റെ ഭാഗമായി ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഇവയുടെ വിലയിൽ പ്രകടമായ വ്യത്യാസങ്ങൾ പ്രതിഫലിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യ പൊതുവിതരണ വകുപ്പും സപ്ലൈകോയും ഭക്ഷ്യോല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കുന്നതാണ്. ഇന്നലെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിന്റെ തുടർച്ചയായാണ് ഇന്നലെ യോഗം ചേർന്ന് വില നിലവാരം നിയന്ത്രിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, പൊലീസ് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കുന്നതിന് തീരുമാനിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരം കൃത്യമായി പ്രദർശിപ്പിക്കണമെന്നും പരിശോധനകളിൽ വ്യാപാര സംഘടകളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദേശിച്ചു. ആഴ്ചയിലൊരിക്കൽ വിലനിലവാരം സംബന്ധിച്ച് ജില്ലാ കളക്ടർമാർ അവലോകനം നടത്തണമെന്നും തീരുമാനിച്ചു.
യോഗത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ ഐഎഎസ്, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ ഡോ. ഡി സജിത് ബാബു ഐഎഎസ്, ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൾ ഖാദിർ, തിരുവനന്തപുരം എഡിഎം അനിൽ ജോൺ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികളായ പോൾ രാജ്, ധനീഷ് ചന്ദ്രൻ, ഹഫ്സർ, വിജയൻ, ചിത്തരഞ്ചൻദാസ്, മണികണ്ഠൻ, ഷെയ്ഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
english summary;Strong measures will be taken to control price rise: Minister GR Anil
you may also like this video;