Site iconSite icon Janayugom Online

ശക്തമായ കാറ്റ്; ക്ഷേത്രം ചുറ്റമ്പല പുനരുദ്ധാരണത്തിനായി സ്ഥാപിച്ച താൽക്കാലിക പന്തൽ തകർന്നുവീണു

കഞ്ഞിക്കുഴി ചെറുവാരണം അയ്യപ്പൻചേരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചുറ്റമ്പലം നിർമ്മാണത്തിനായി സ്ഥാപിച്ച താൽക്കാലിക പന്തലാണ് ശക്തമായ കാറ്റിൽ തകർന്നുവീണത്. പുലർച്ചെ അഞ്ച് മണിയോടെ ഉണ്ടായ കാറ്റാണ് നാശം വിതച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിലുള്ള അയ്യപ്പൻചേരി ക്ഷേത്രത്തിൽ ചുറ്റമ്പലം നിർമ്മാണത്തിനായി ഏഴര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഇരുമ്പ് പൈപ്പും ഷീറ്റുകളും ഉപയോഗിച്ച് താൽക്കാലിക പന്തൽ നിർമ്മിച്ചത്. 

ഒരാഴ്ച മുമ്പ് സ്ഥാപിച്ച പന്തലാണ് ശക്തമായ കാറ്റിൽ നിലം പതിച്ചത്. പൈപ്പുകൾ വളഞ്ഞ് ഷീറ്റുകൾ തെറിച്ചുപോയ അവസ്ഥയിലാണ്. ക്ഷേത്രം പൂജാരിയും ജീവനക്കാരും ഈ സമയം സ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. തണ്ണീർമുക്കം വടക്ക് വില്ലേജ് ഓഫീസ് അധികൃതരും കഞ്ഞിക്കുഴി പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. പന്തൽ പുനഃസ്ഥാപിക്കാൻ 12 ലക്ഷത്തോളം രൂപയെങ്കിലും ചെലവഴിക്കേണ്ടി വരുമെന്ന് ക്ഷേത്രം അധികാരികൾ പറഞ്ഞു.

Exit mobile version