Site iconSite icon Janayugom Online

ആലപ്പുഴയില്‍ സഹപാഠിയെ എയർഗൺ ഉപയോഗിച്ച്​ അടിച്ച സംഭവം: വിദ്യാര്‍ത്ഥിയുടെ കൈയില്‍ തോക്കുണ്ടായിരുന്നു, വെടിവച്ചിട്ടില്ലെന്ന് അധികൃതര്‍

gungun

സ്കൂളിലെ തർക്കത്തിന്​ പിന്നാലെ നടുറോഡിൽ വെച്ച്​​ വിദ്യാർഥിയായ സഹപാഠിയെ എയർഗൺ ഉപയോഗിച്ച്​ അടിക്കുകയും ഭീഷണിപെടുത്തുകയും ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തിട്ടില്ലെന്ന് അധികൃതര്‍. സ്കൂൾവിട്ട്​ വീട്ടിലേക്ക്​ മടങ്ങിയ വിദ്യാർഥിയാണ്​ സഹപാഠികളായ മൂവർസംഘത്തിന്റെ ആക്രമണത്തിന്​ ഇരയായത്​. മാരകമാവുന്ന ആയുധം ഉപയോഗിച്ച സംഭവത്തിൽ മൂന്ന്​ പ്ലസ്​വൺ വിദ്യാർഥികളു​ടെ സോഷ്യൽ ബാക്ക്​ ഗ്രൗണ്ട്​ (എസ്​പിആർ) റിപ്പോർട്ട്​ പൊലീസ്​ ജുവൈനൽ കോടതിക്ക്​ കൈമാറി.

ചൊവ്വാഴ്ച വൈകിട്ട്​ അഞ്ചിനായിരുന്നു സംഭവം. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നു. ഇതിന്​ പിന്നാലെ സ്കൂൾ വിട്ടശേഷം ബസ് സ്റ്റോപ്പിലേക്ക്​ നടന്നുപോയ സഹപാഠിയെ പിടിച്ചുവലിച്ചുകൊണ്ടുപോയിട്ടായിരുന്നു ആക്രമണം. കത്തികാണിച്ച്​ ഭീഷണിപ്പെടുത്തി എയർപിസ്റ്റലിന്റെ പത്തിഭാഗം ഉപയോഗിച്ച്​ വിദ്യാർഥിയെ അടിക്കുകയായിരുന്നു.

പിന്നീട്​ വടികളുമായി കൂടെയുള്ള മറ്റ്​ കുട്ടികളെയും ആക്രമിച്ചു. എയർഗണുമായി എത്തിയ വിദ്യാർഥി രണ്ട്​ കൂട്ടുകാരെയും കൂടെ കൂട്ടിയിരുന്നു. സംഭവസമയത്ത്​ ഒപ്പമുണ്ടായിരുന്ന രണ്ട്​ വിദ്യാർഥികളും അന്നേദിവസം സ്കൂളിൽ ഹാജരായിരുന്നില്ല. പിറ്റേന്ന്​ സ്കൂളി​​ലെത്തി മർദനമേറ്റ വിദ്യാർഥി സ്കൂൾ പ്രിൻസിപ്പലിനോട്​ എയർഗൺ ഉപയോഗിച്ച്​ തന്നെ ഭീഷണിപെടുത്തിയ വിവരം പറഞ്ഞു.
സ്കൂളിലെ വിദ്യാർഥിയുടെ കൈയിൽ എയർഗൺ കണ്ടതിനെക്കുറിച്ച്​​ അന്വേഷണം ആവശ്യപ്പെട്ട്​ സ്​കൂൾ അധികൃതർ സൗത്ത്​ പൊലീസിൽ പരാതി നൽകി. തുടർന്ന്​ മർദ്ദനമേറ്റ വിദ്യാര്‍ഥികളടക്കമുള്ളവരുടെ മൊഴിയെടുത്തു. പൊലീസ്​ പരിശോധനയിൽ എയർഗണ്ണും കത്തിയും വീട്ടിൽനിന്നും കണ്ടെത്തി. പെല്ലറ്റ് കുടുങ്ങി ഉപയോഗ ശൂന്യമായ എയർഗണ്ണിൽനിന്ന്​ വെടിപൊട്ടിയോയെന്ന്​ തിരിച്ചറിയാൻ ബാലസ്റ്റിക്​ പരിശോധന നടത്തും.

പ്രാഥമിക പരിശോധനയിൽ ഉപയോഗശൂന്യമായ തോക്കാണെന്ന്​ കണ്ടെത്തി. കാഞ്ചിവലിച്ചാൽ പെല്ലറ്റ് പുറത്തേക്ക് വരാത്ത മോശമായ എയർഗണ്ണുമായി സഹപാഠിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥി എത്തിയതെന്ന് പൊലീസ്​ പറഞ്ഞു. കൂട്ടുകാരന്റെ അമ്മാവനാണ് എയർഗൺ നൽകിയതെന്നാണ്​ വിദ്യാർഥിയുടെ മൊഴി. അടിപിടി കേസുകളിൽ പ്രതിയായ കളർകോട്​ സ്വദേശി​യുടെ ഉടമസ്ഥതയിലുള്ള തോക്കിന്​ ​ലൈസൻസ്​ ആവ​ശ്യമില്ല. ഒരാഴ്ചമുമ്പ്​ വീട്​ സന്ദർശിച്ച സമയത്ത്​ വിദ്യാർഥി എടുത്തുകൊണ്ടുപോയതാണെന്നാണ്​ ​പ്രാഥമിക നിഗമനം. സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ യോഗം ചേർന്നു. തുടർനടപടിക്കായി വിശദവിവരങ്ങൾ ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ വിദ്യാഭ്യാസ വകുപ്പിന്​ റിപ്പോർട്ട്​ അയച്ചു.

തോക്കിൽനിന്ന്​ വെടിയുതിർന്നിട്ടില്ല: ഡിവൈഎസ്പി

ആലപ്പുഴ: പ്ലസ്​ വൺ വിദ്യാർഥി തോക്കുമായി സഹപാഠിയെ ​വെടിയുതിർത്തുവെന്ന വാർത്ത തെറ്റാണെന്ന്​ ആലപ്പുഴ ഡിവൈഎസ്​പി എം ആർ മധു ബാബു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീതിയുളവാക്കുന്ന വാർത്തയാണ്​ പ്രചരിപ്പിക്കുന്നത്​. ചീത്തവിളിയുമായ ബന്ധപ്പെട്ട തർക്കമാണ്​ ആ​ക്രമണത്തിൽ കലാശിച്ചത്​. ബസ്​ സ്​റ്റോപ്പിലേക്ക്​ നടന്നുപോയ സഹപാഠിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി മൂവർസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഇതിനിടെ എയർപിസറ്റലിന്റെ പത്തിഭാഗം ഉപയോഗിച്ച്​ വിദ്യാർഥിയുടെ പള്ളക്ക്​ അടിക്കുകായിരുന്നു. കുട്ടിയുടെ മൊഴിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്​. പ്രാഥമിക പരിശോധനയിൽ പെല്ലറ്റ് കുടുങ്ങി ഉപയോഗശൂന്യമായ എയർഗണ്ണാണിതെന്ന് ബോധ്യമായി. അടുത്തകാലത്ത്​ ഇതിൽനിന്ന്​ വെടിപൊട്ടിയോയെന്ന്​ തിരിച്ചറിയാൻ ബാലസ്റ്റിക്​ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: stu­dent assault­ed with air­gun: Offi­cials say the stu­dent had a gun in his hand and did not fire

You may also like this video

Exit mobile version