സ്വകാര്യബസ് കണ്ടക്ടർ സ്‌കൂൾ വിദ്യാർത്ഥിയെ ബസിൽ നിന്ന് തള്ളിയിട്ടതായി പരാതി. വിദ്യാർത്ഥിയുടെ വലതുകൈക്ക് സാരമായി പരുക്കേറ്റു. കടനാട് ഒറ്റപ്ലാക്കൽ ജെയ്‌സിയുടെ മകൻ ആൻജോയാണ് (13) കണ്ടക്ടറുടെ ക്രൂരതക്ക് ഇരയായത്. ഇന്ന് രാവിലെ പാലാ ടൗൺ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
മുത്തോലി ടെക്‌നിക്കൽ സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആൻജോ. കടനാട് നിന്നും രാവിലെ 7.10നുള്ള കാവുംകണ്ടം- കോട്ടയം റൂട്ടിൽ സർവ്വീസ് നടത്തുന്ന മാറാനാത്ത ബസിലാണ് ആൻജോ സ്‌കൂളിൽ പോയിരുന്നത്. കഴിഞ്ഞ 16ന് യൂണിഫോമും കൺസഷൻ കാർഡും ഇല്ലാത്തതിനാൽ കൺസഷൻ തരാൻ കഴിയില്ലെന്ന് അറിയിച്ച് കണ്ടക്ടർ കുട്ടിയെ സ്‌കൂളിൽ നിന്നും നാല് കിലോമീറ്റർ അകലെ പാലാ ടൗണിൽ ഇറക്കി വിട്ടിരുന്നു. എന്നാൽ ക്ലാസ് ആരംഭിച്ച സമയമായതിനാൽ യൂണിഫോമും കാർഡുകളും ലഭിച്ചിട്ടില്ലെന്ന് കുട്ടി അറിയിച്ചെങ്കിലും കണ്ടക്ടർ വഴങ്ങിയില്ല. കൺസഷൻ ലഭിക്കാൻ ചില ചിട്ടയും നിയമങ്ങളും ഉണ്ടെന്ന് പറഞ്ഞ് കുട്ടിയെ പാതിവഴിയിൽ ഇറക്കിവിടുകയായിരുന്നു.
തുടർന്ന് ഇന്ന് ഇതേ ബസിൽ യാത്രചെയ്യവേയാണ് കണ്ടക്ടർ ദേഷ്യപ്പെടുകയും ബസിൽ നിന്ന് തള്ളിയിടുകയും ചെയ്തത്. സ്‌കൂൾ ഐഡി കാർഡ് കാണിച്ചിട്ടും കണ്ടക്ടർ കൺസഷൻ അനുവദിക്കാതെ കഴുത്തിന് പിടിച്ച് തള്ളുകയായിരുന്നെന്ന് ആൻജോ പറയുന്നു. തുടർന്ന് പാലായിൽ നിന്ന് മറ്റൊരു ബസിൽ കയറി സ്‌കൂളിലെത്തുകയും വിവരം സ്‌കൂൾ അധികൃതരെ ധരിപ്പിക്കുകയുമായിരുന്നു. കൈക്ക് നീര് കണ്ടതിനെ തുടർന്ന് അധ്യാപകർ ആൻജോയെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സ്‌കൂൾ അധികൃതർ കിടങ്ങൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളോടും യാത്രക്കാരോടും കണ്ടക്ടർ ദാർഷ്ട്യത്തോടെ പെരുമാറുന്നതും ഇറങ്ങാൻ താമസിക്കുന്നവരെ കഴുത്തിൽ പിടിച്ച് തള്ളുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു. കണ്ടക്ടറുടെ നടപടിയിൽ പാലാ പോലീസിലും ഗതാഗത- വിദ്യാഭ്യാസ വകുപ്പുകൾക്കും പരാതി നൽകിയിട്ടുണ്ട്.
English Summary: student complaints against bus conductor
You may also like this video
