Site iconSite icon Janayugom Online

ഇടുക്കിയില്‍ പൊറോട്ട കഴിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

ഇടുക്കിയില്‍ അലര്‍ജി രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. താന്നിക്കണ്ടം സ്വദേശിയായ വെളിയത്തുമാരിയില്‍ സിജുവിന്റെ മകള്‍ നയന്‍ മരിയയാണ് (16) മരിച്ചത്. വാഴത്തോപ്പ് സെന്റ്. ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ ബയോളജി സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. മൈദ, ഗോതമ്പ് എന്നിവ അലര്‍ജിയായിരുന്ന കുട്ടി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് കുട്ടിക്ക് ചെറിയതോതില്‍ ഭക്ഷണങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചപ്പോള്‍ കുട്ടിക്ക് കാര്യമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് പൊറോട്ട കഴിച്ചപ്പോള്‍ നയന്‍ മരിയ കുഴഞ്ഞു വീഴുകയും ആരോഗ്യനില മോശമാവുകയും ചെയ്തു. ഉടന്‍തന്നെ കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തീര്‍ത്തും മോശമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിന്റെ സഹായത്തോടെയാണ് നയന്‍മരിയയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ രണ്ടിന് വാഴത്തോപ്പ് കത്തീഡ്രലില്‍. അമ്മ: ലിന്‍സി, സഹോദരന്‍: നവീന്‍.

Eng­lish Sum­ma­ry: stu­dent died due to food allergy
You may also like this video

 

Exit mobile version