ഹൈദരാബാദില്‍ നിന്നുള്ള 27 കാരി ലണ്ടനിലെ വെമ്പ്ലീയില്‍ കുത്തേറ്റ് മരിച്ചു ഉന്നതവിദ്യാഭ്യാസത്തിനായി ലണ്ടനിലെത്തിയ കൊന്തം തേജസ്വിനി റെഡ്ഡി എന്ന യുവതിയാണ് ബ്രസീലിയൻ യുവാവിന്റെ കുത്തേറ്റ് മരിച്ചത്. സുഹൃത്തായ അഖില എന്ന യുവതിക്കും കുത്തേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. തേജസ്വിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന നീല്‍ഡ് ക്രസന്റിലുള്ള ഫ്ലാറ്റില്‍ ഒരാഴ്ച മുൻപാണ് ബ്രസീലിയൻ യുവാവ് താമസമാക്കിയതെന്ന് തേജസ്വിനിയുടെ ബന്ധു വ്യക്തമാക്കി.
ഹൈദരാബാദിലെ തുര്‍കയംജലിലെ ശ്രീരാം നഗറിലാണ് തേജസ്വിനിയുടെ വീട്. മാസ്റ്റര്‍ ഡിഗ്രി പഠനത്തിനായി മൂന്ന് വര്‍ഷം മുമ്പാണ് തേജസ്വിനി ലണ്ടനിലെത്തിയത്. നോട്ടിങ്ഹാം യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നാട്ടില്‍ വന്ന് മടങ്ങിയതായിരുന്നു. വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് അടുത്തിടെ നാട്ടില്‍ മടങ്ങിയെത്താൻ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവം.
സംഭവ സ്ഥലത്തുനിന്ന് 24 വയസ്സുള്ള യുവാവിനേയും 23 വയസ്സുള്ള യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവ് ഇപ്പോഴും കസ്റ്റഡിയിലാണെന്നും യുവതിയെ തിരികെ അയച്ചതായും പൊലീസ് വ്യക്തമാക്കി. പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു 23 വയസുകാരനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിലേക്ക് നയിച്ച കാരണങ്ങളെന്തെന്ന് ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് വ്യക്തമാക്കിയിട്ടില്ല. തേജസ്വിനിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാറിനോടും തെലങ്കാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Student from Hyderabad stabbed to death in London, 2 arrested
You may also like this video