വിദ്യാര്‍ത്ഥി ആത്മഹത്യകളിലെ ആശങ്കാജനകമായ വര്‍ദ്ധനവില്‍ ഇടപ്പെടലുകളുമായി സുപ്രിം കോടതി. വിഷയത്തെ അവഗണിക്കാനാവാത്ത വ്യവസ്ഥാപിത പരാജയം എന്ന വിശേഷിപ്പിച്ച കോടതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാനസിക സുരക്ഷാ നടപടികള്‍ നിര്‍ബന്ധമാക്കി വിപുലമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ, സ്വകാര്യ കോച്ചിങ് സെന്ററുകൾ, പരിശീലന അക്കാദമികൾ, ഹോസ്റ്റലുകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബാധകമാകുന്നതാണ് വിധി.
ഭരണഘടനയുടെ 32, 141 അനുച്ഛേദങ്ങൾ പ്രകാരം ഔദ്യോഗിക നിയമനിർമ്മാണം ഉണ്ടാകുന്നതുവരെ കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്തെ നിയമമായി കണക്കാക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ 2023 ജൂലൈയിൽ വിശാഖപട്ടണത്തെ ആകാശ് ബൈജൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 17 കാരി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ സുപ്രാധാന ഇടപ്പെടൽ.
പെൺകുട്ടിയുടെ പിതാവിന്റെ ഹർജി പരിഗണിച്ച കോടതി, ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ട് കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് (സിബിഐ) കൈമാറി. ഇന്ത്യയിലെ യുവതയ്ക്കിടയിലെ മാനസിക സമ്മർദ്ദം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള ഘടനാപരമായ രോഗാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, 2022‑ൽ ഇന്ത്യയിൽ 1,70,924 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 7.6% (ഏകദേശം 13,044) വിദ്യാർഥികളായിരുന്നു. ഇവയിൽ 2,200‑ൽ അധികം മരണങ്ങൾ പരീക്ഷാ പരാജയവുമായി നേരിട്ട് ബന്ധപ്പെട്ടവയായിരുന്നു.
കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
മാനസികാരോഗ്യ വിദഗ്ദരുടെ സേവനം : 100‑ൽ കൂടുതൽ വിദ്യാർഥികളുള്ള സ്ഥാപനങ്ങളിൽ യോഗ്യതയുള്ള ഒരു മാനസികാരോഗ്യ വിദഗ്ദ്ധനെയെങ്കിലും (സൈക്കോളജിസ്റ്റ്, കൗൺസിലർ, അല്ലെങ്കിൽ സോഷ്യൽ വർക്കർ) നിയമിക്കണം. ചെറിയ സ്ഥാപനങ്ങൾക്ക് പുറത്തുള്ള വിദഗ്ദ്ധരുമായി റഫറൽ
സംവിധാനങ്ങൾ ഉണ്ടായിരിക്കണം.
ഹെല്‍പ്പ് ലൈനുകള്‍ : ടെലി-മനസ്സ് ഉൾപ്പെടെയുള്ള ഹെൽപ്പ് ലൈൻ നമ്പറുകൾ ക്യാമ്പസുകൾ, ഹോസ്റ്റലുകൾ, പൊതുഇടങ്ങൾ, വെബ്സൈറ്റുകൾ എന്നിവിടങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം.
വേര്‍തിരിവ് അവസാനിപ്പിക്കണം : കോച്ചിങ് സെന്ററുകളും സ്കൂളുകളും പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബാച്ച് വേർതിരിവ്, പരസ്യമായ അധിക്ഷേപം, മുതലായവ ഒഴിവാക്കണം.
ജീവനക്കാര്‍ക്കുള്ള പരിശീലനം : എല്ലാ ജീവനക്കാർക്കും വർഷത്തിൽ രണ്ടുതവണയെങ്കിലും പരിശീലനം നൽകണം. എസ് സി, എസ് ടി, ഒബിസി, ഇഡബ്ലൂഎസ്, എല്‍ജിബിറ്റിക്യൂ പ്ലസ് വിദ്യാർഥികളും, വൈകല്യമുള്ളവരും, മാനസികാഘാതം നേരിട്ടവരുമായ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമായി ഇടപഴകുന്നതിന് പ്രത്യേക പരിശീലനം നിർബന്ധമാണ്.
റിപ്പോര്‍ട്ടിങ്& സപ്പോര്‍ട്ട് സംവിധാനങ്ങള്‍: ലൈംഗികാതിക്രമം, റാഗിങ്, ജാതി, ലിംഗം, മതം, എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം മുതലായവ റിപ്പോർട്ട് ചെയ്യുന്നതിനായി സ്ഥാപനങ്ങൾക്ക് രഹസ്യ സംവിധാനങ്ങൾ ഉണ്ടായിരിക്കണം. ഒപ്പം അടിയന്തര മാനസിക‑സാമൂഹിക പിന്തുണയും നൽകണം.
സമഗ്ര വികസനം : വിജയത്തിന്റെ നിർവചനങ്ങൾ വികസിപ്പിച്ചും, പാഠ്യേതര പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചും, വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താൽപ്പര്യങ്ങൾക്കനുസരിച്ചുള്ള കരിയർ കൗൺസിലിങ് ഉറപ്പാക്കിയും പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണം.
പാർലമെന്റോ സംസ്ഥാന നിയമസഭകളോ ഒരു സമഗ്രമായ നിയമ നിർമാണം നടപ്പിലാക്കുന്നതുവരെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വകാര്യ കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രണ്ട് മാസത്തിനകം നിയമങ്ങൾ രൂപീകരിക്കണം. കേന്ദ്ര സർക്കാർ 90 ദിവസത്തിനകം ഒരു സത്യവാങ്മൂലം ഫയൽ ചെയ്യണം. വിഷയത്തിൽ സ്വീകരിച്ച നടപടികൾ, ഏകോപനം, വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനായുള്ള ദേശീയ ടാസ്ക് ഫോഴ്സിന്റെ പുരോഗതി എന്നിവ സത്യവാങ്മൂലത്തിൽ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

