രാജ്യത്ത് 2011നും 2021നുമിടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ 70 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2015ന് ശേഷം രാജസ്ഥാനിലെ കോട്ടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വര്‍ഷമാണ് ഇത്. രണ്ടു മാസത്തിനിടെ ഐഐടി ഡല്‍ഹിയില്‍ രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.
2021ല്‍ 13,089 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011ല്‍ 7,696 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. അതായത് വിദ്യാര്‍ത്ഥി ആത്മഹത്യയില്‍ 70 ശതമാനം വര്‍ധന രേഖപ്പെടുത്തി. രാജ്യത്താകെയുള്ള ആത്മഹത്യാ നിരക്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2011നെ അപേക്ഷിച്ച് 2.3 ശതമാനത്തിന്റെ വര്‍ധനയാണുള്ളത്. 2021ലെ ആകെ ആത്മഹത്യയുടെ എട്ട് ശതമാനമാണ് വിദ്യാര്‍ത്ഥി ആത്മഹത്യാ നിരക്ക്.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അപകട മരണവും ആത്മഹത്യയും റിപ്പോര്‍ട്ടില്‍ 18 വയസ്സിന് താഴെയുള്ള 30 ശതമാനം(3233) വിദ്യാര്‍ത്ഥി ആത്മഹത്യകളിലും കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് വ്യക്തമാക്കുന്നു. 1495 കേസുകളില്‍ (14 ശതമാനം) പ്രണയനൈരാശ്യവും 1408(13ശതമാനം) കേസുകളില്‍ രോഗങ്ങളും എട്ട് ശതമാനം അഥവാ 864 കേസുകളില്‍ പരീക്ഷകളിലെ പരാജയവും ആത്മഹത്യാ കാരണമായി കരുതുന്നു.
രോഗങ്ങള്‍ മൂലമുള്ള ആത്മഹത്യകളില്‍ 58 ശതമാനം മാനസിക രോഗങ്ങളാണ്. പരീക്ഷാ പരാജയം മൂലം ആത്മഹത്യ ചെയ്ത എല്ലാ വിഭാഗം പേരെയും കണക്കാക്കിയാല്‍ അത് 1.8 ശതമാനവും 2011 മുതല്‍ 2021 വരെ 1.77 ശതമാനവുമായിരുന്നു. 2011നും 2019നുമിടയില്‍ ഇത് 1.8 ശതമാനത്തിനും 2.0 ശതമാനത്തിനുമിടയിലായിരുന്നു. 2020ല്‍ 1.4 ശതമാനമായും 2021ല്‍ 1.0 ശതമാനമായും മാറിയതായും കണക്കുകളില്‍ പറയുന്നു. 2021ല്‍ പരീക്ഷാ തോല്‍വി കാരണം 1673 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 991 പേര്‍ പുരുഷന്മാരും 682 പേര്‍ സ്ത്രീകളുമാണ്. 2021ല്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ നിന്നും ആരും തന്നെ ആത്മഹത്യ ചെയ്തതായി വിവരങ്ങള്‍ ലഭ്യമല്ല.
2019ല്‍ കോട്ടയില്‍ 136 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ ഏഴുപേര്‍ പരീക്ഷാപരാജയം മൂലമാണ് ആത്മഹത്യ ചെയ്തത്. കോട്ട പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് എട്ട് വിദ്യാര്‍ത്ഥികള്‍ 2019ല്‍ ആത്മഹത്യ ചെയ്തു. പിന്നീട് കോവിഡ് മഹാമാരി വേളയില്‍ ക്ലാസുകള്‍ നടന്നിരുന്നില്ല. മഹാമാരിക്ക് ശേഷം ക്ലാസുകള്‍ ഓഫ്‌ലൈനായി മാറിയതോടെ വിദ്യാര്‍ത്ഥി ആത്മഹത്യകളുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തി.
2021ല്‍ വിദ്യാര്‍ത്ഥി ആത്മഹത്യകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെങ്കില്‍ 2022ല്‍ ഇത് 15 ആയി ഉയര്‍ന്നു. ഈ വര്‍ഷം ഇതുവരെ 23 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ നാലുപേര്‍ ഓഗസ്റ്റില്‍ മാത്രം ആത്മഹത്യ ചെയ്തവരാണ്. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2015ല്‍ 17 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥി ആത്മഹത്യ കുറയ്ക്കുന്നതിന്റെ ഭാഗമായി ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് താമസയിടങ്ങളിലും സ്പ്രിങ് ഫാനുകള്‍ സ്ഥാപിക്കാൻ കോട്ട ജില്ലാ ഭരണകൂടം അറിയിപ്പ് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണയും സുരക്ഷയും ഉറപ്പാക്കാനും നിര്‍ദേശിച്ചിരുന്നു.
English summary; Student suicides have increased by 70 percent in ten years
you may also like this video;