Site iconSite icon Janayugom Online

വിദ്യാർത്ഥികൾക്ക് ആവേശമായി കുട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പ്

schoolschool

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ എല്ലാ ചിട്ടവട്ടങ്ങളും ആവേശവും ചുനക്കര ഗവണ്‍മെന്റ് യു പി സ്കൂൾ അങ്കണത്തിൽ പ്രകടമായിരുന്നു. ജനാധിപത്യരീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കുട്ടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഉദ്യോഗസ്ഥരും, പോളിംഗ് ഏജന്റുമാരും, പോലീസുമെല്ലാം കുട്ടികൾ തന്നെയായിരുന്നു. സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റേതായിരുന്നു കുട്ടി പഞ്ചായത്തെന്ന ആശയം.

12 ക്ലാസ്സുകളെ 12 വാർഡുകളായി തിരിച്ച് വിജ്ഞാപനമിറക്കി. 24 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ബോർഡുകൾ സ്ഥാപിക്കുകയും പോസ്റ്ററുകൾ പതിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥികൾ മുൻകൂറായി ക്ലാസുകളിൽ പ്രചാരണവും വോട്ടഭ്യർത്ഥനയും നടത്തി. വരണാധികാരിയായിരുന്ന പ്രമാധ്യാപിക ജെ നിസ്സ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു. തുടർന്ന് വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. പോളിംഗ് ബൂത്തുകളിൽ വോട്ടുചെയ്യുവാനായി കുട്ടികളുടെ നീണ്ട നിരയായിരുന്നു.

നിയന്ത്രണത്തിനായി കുട്ടി പോലീസും ഡ്യൂട്ടിക്കുണ്ടായിരുന്നു. ഐ ഡി കാർഡുമായി ബൂത്തുകളിൽ പ്രവേശിച്ച വോട്ടർമാരുടെ പേരുകൾ പരിശോധിച്ച് വിരലിൽ മഷിപുരട്ടിയാണ് വോട്ടു ചെയ്യുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഭാഗത്തേക്ക് വിട്ടത്. 95 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകുന്നേരത്തോടെ വോട്ടെണ്ണൽ നടന്നു. 12 വാർഡുകളിൽ നിന്നും വിജയിച്ചവരുടെ പട്ടിക വരണാധികാരി പ്രഖ്യാപിച്ചതോടെ വർഷാരവങ്ങളുയർന്നു. സോഷ്യൽ സർവ്വീസ് സ്കീംകോർഡിനേറ്റർ എസ് രാജിയ്ക്കായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല. എസ് എം സി ചെയർമാൻ പി പ്രവീണിന്റെ നേതൃത്വത്തിൽ അംഗങ്ങളും അധ്യാപകരും തെരഞ്ഞെടുപ്പ് പ്രകിയയ്ക്ക് വേണ്ട സഹായ പ്രവർത്തനങ്ങൾ നടത്തി.

Eng­lish Sum­ma­ry: Stu­dents are excit­ed about Kut­ti Pan­chay­at elections

You may also like this video

Exit mobile version