Site iconSite icon Janayugom Online

വിദ്യാർത്ഥിനിയുടെ ബസ് കൺസഷൻ കാർഡ് പുറത്തേക്ക് വീണു; കാര്‍ഡെടുത്ത് തിരിച്ചെത്തുന്നതുവരെ കെഎസ്‍ആർടിസി ബസ് കാത്തുനിന്നു, കുറിപ്പ് വൈറലാകുന്നു

കെഎസ്‍ആർടിസി ബസിലെ കണ്ടക്ടറുടെ പ്രവൃത്തിയെക്കുറിച്ച് വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ടി ബി ലാൽ പങ്കുവച്ച പോസ്റ്റ് നിരവധിപ്പേർ ഷെയർ ചെയ്തിട്ടുണ്ട്. കഴക്കൂട്ടം ബൈപ്പാസിലൂടെ ഓടുന്ന ബസിൽ നിന്നും സ്കൂൾ വിദ്യാർത്ഥിനിയുടെ ബസ് കൺസഷൻ കാർഡ് പുറത്തേക്ക് പറന്ന് പോയപ്പോൾ കണ്ടക്ടർ അതിനോട് എന്ത് സമീപനം കാണിച്ചു എന്നാണ് കുറിപ്പില്‍ വിവരിക്കുന്നത്.

കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആർടിസിയിൽ ബസ്സിൽ പാറ്റൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ്. കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികൾ കയറി. ഏറെയും പെൺകുട്ടികൾ.ഒരുകുട്ടിയുടെ ബസ് കണ്‍സെഷന്‍ കാര്‍ഡ് പുറത്തേക്ക് പറന്ന് പോയി. സബ് കണ്ടക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളോട് മനുഷ്യത്വമില്ലാതെ പെരുമാറുന്ന വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുമ്പോള്‍ കെഎസ്‍ആർടിസി കണ്ടക്ടര്‍ എന്തു ചെയ്തു എന്നതാണ് ശ്രദ്ധനേടുന്നത്. ബെപ്പാസിന്റെ പണി നടക്കുന്ന തിരക്കേറിയ റോഡില്‍ സ്ഥലം കണ്ടെത്തി ബസ് ഓരം ചേര്‍ത്ത് നിര്‍ത്തി. കാര്‍ഡ് കണ്ടുപിടിച്ച് പെണ്‍കുട്ടി തിരിച്ചെത്തുന്നത് വരെ അവര്‍ക്കായി കാത്തു നിന്നു. 

ഒടുവിൽ കണ്ടക്ടർ രാജേഷ് താൻ ചെയ്തതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; ‘അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്. ആ കുട്ടികൾക്ക് ഈ സമൂഹ സെറ്റപ്പിനോടൊക്കെ തീരെ വിശ്വാസമില്ലാതെ വരും. ഒരു പ്രശ്നത്തിൽപ്പെട്ടാൽ കൂടെ നിൽക്കാൻ ആളും ആൾക്കാരുമൊക്കെയുണ്ടെന്ന് അവർക്കു തോന്നണം. അതു ചെയ്യേണ്ടത് വലിയവരാണ്. അവരു കുട്ടികളാണ്. വിശ്വാസം ഉണ്ടാക്കണം. പെൺകുട്ടികളല്ല അവര് ആൺകുട്ടികൾ ആയിരുന്നാലും ഞാൻ വണ്ടി നിർത്തിക്കൊടുക്കുമായിരുന്നു.’ എത്ര വലിയ കരുതലും സന്ദേശവുമാണ് രാജേഷ് സിംപിളായി പറഞ്ഞത് എന്ന് പറഞ്ഞുകൊണ്ടാണ് ലാൽ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. ആ ബസില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാരും പ്രായമായവരും തിരക്കുള്ളവരുമുണ്ടായിരുന്നു. ആരും തിരക്ക് കൂട്ടിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.

Exit mobile version