Site icon Janayugom Online

ജെഎന്‍യുവിനുനേരെ എബിവിപി, ആര്‍എസ്എസ് അക്രമം നിരവധി പേര്‍ക്ക് പരിക്ക്

JNU

ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ഹോസ്റ്റലിനു നേരെ എബിവിപി, ആര്‍എസ്എസ് അക്രമം. 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സന്ധ്യയോടെയാണ് സര്‍വകലാശാല ഹോസ്റ്റലില്‍ മാംസാഹാരം പാകം ചെയ്യരുതെന്നാവശ്യപ്പെട്ട് നാല്പതോളം സംഘം അക്രമം അഴിച്ചുവിട്ടത്. വടികള്‍, ഇഷ്ടിക, കല്ലുകള്‍ക്കും പുറമെ ട്യൂബ് ലൈറ്റുകള്‍, പൂച്ചട്ടികള്‍ എന്നിവയും അക്രമികള്‍ ആയുധമാക്കി. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അക്തരിസ്റ്റയുടെ തലയ്ക്ക് ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റ് ആഴത്തില്‍ മുറിവുണ്ട്.

ലൈംഗികാതിക്രമം നടത്താനും എബിവിപിക്കാര്‍ ശ്രമിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍ കുറ്റപ്പെടുത്തി. ഹോസ്റ്റലിലെ ഭക്ഷണശാലയില്‍ പാകം ചെയ്ത മാംസാഹാരം കഴിക്കുന്നത് തടയുകയും ചെയ്തു. രാമനവമി ദിവസം മാംസാഹാരം ഭക്ഷിക്കരുതെന്നാക്രോശിച്ചായിരുന്നു അക്രമം. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ വിവരമറിയിച്ചതനുസരിച്ച് വസന്ത്കുഞ്ച് സ്റ്റേഷനില്‍ നിന്ന് എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ തയാറായില്ല. പിന്നീട് എഐഎസ്എഫ്, എസ്എഫ്ഐ, ഐസ തുടങ്ങിയ ഇടതുവിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ഇറു വിഭാഗത്തിനുമെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. രാംമനവമി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൂജ ഇടതുവിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തടഞ്ഞുവെന്നാരോപിക്കുന്ന പരാതി എബിവിപിക്കാരില്‍ നിന്ന് എഴുതി വാങ്ങിയാണ് ഇടതു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

Eng­lish Sum­ma­ry: Stu­dents clash on JNU cam­pus, sev­er­al stu­dents injured

You may like this video also

Exit mobile version