ദിവസേനയുള്ള ബദാം ഉപയോഗം മലബന്ധം തടയുന്നത് ഉൾപ്പെടെ, വയറിന്റെ ആരോഗ്യത്തിന് സഹായകരമാവുമെന്ന് വിദഗ്ധ പഠനം. ബദാം കഴിക്കുന്നത് വയറിന്റെയും കുടലിന്റെയുമൊക്കെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ബ്യൂടറൈറ്റ് എന്ന ഒരു തരം ഷോർട്ട് ചെയിൻ ഫാറ്റി ആസിഡ് ഉല്പാദനം ഗണ്യമായി വർധിപ്പിക്കുമെന്നും പുതിയ ഗവേഷണ പഠനത്തിൽ കണ്ടെത്തി.
ലണ്ടൻ കിങ്സ് കോളജിലെ പ്രൊഫസർ കെവിൻ വീലന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഗവേഷകരാണ്, ബദാം ഉപഭോഗം ഗട്ട് മൈക്രോബയോട്ടയുടെ ഘടനയിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പഠനം നടത്തിയത്. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. ആൽമണ്ട് ബോർഡ് ഓഫ് കാലിഫോർണിയ ആണ് പഠനത്തിനുള്ള ധനസഹായം ലഭ്യമാക്കിയത്. വയറിനും കുടലിനുമൊക്കെ ആവരണം തീർക്കുന്ന കോശങ്ങൾക്കുള്ള ഇന്ധനമാണ് ബ്യൂടറൈറ്റ്. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, എരിച്ചിലിനെതിരെയുള്ള പ്രതിരോധം, വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കൽ എന്നിങ്ങനെ മനുഷ്യന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒന്നിലധികം പ്രക്രിയകളിൽ ഈ കോശങ്ങൾ സഹായകരമാണ്.
ഡയറ്ററി ഫൈബർ കഴിക്കാത്തവരും ചോക്ലേറ്റ്, ചിപ്സ് പോലുള്ളവ അനാരോഗ്യകരമായ സ്നാക്സ് കഴിച്ചിരുന്നവരുമായ 87 മുതിർന്നവരിലാണ് ഗവേഷണം നടത്തിയത്. നാലാഴ്ചയോളം പരീക്ഷണം നീണ്ടു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, ബ്യൂടറൈറ്റ് ഉൾപ്പെടെയുള്ള ഷോർട്ട്ചെയിൻ ഫാറ്റി ആസിഡിന്റെ അളവ് ഉയർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പഠനത്തിലൂടെ വ്യക്തമാവുന്നതെന്ന് പ്രമുഖ ന്യൂട്രീഷൻ ആൻഡ് വെൽനസ് കൺസൾട്ടന്റ് ഷീല കൃഷ്ണസ്വാമി പറഞ്ഞു. ടോട്ടൽ ഫൈബർ, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് പോഷകങ്ങൾ എന്നിവയുടെ വർധിച്ച ഉപഭോഗം പോലുള്ള ഗുണങ്ങളും ഇത് നൽകുമെന്നും അവർ ചൂണ്ടിക്കാട്ടി.
English Summary:Studies show that consumption of almonds is beneficial for stomach health
You may also like this video
