Site icon Janayugom Online

ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ നിന്ന് ജനങ്ങള്‍ അകലുന്നു

ആകർഷകമായ വാഗ്ദാനങ്ങളുമായി കളം നിറയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ നിന്ന് വിവിധ കാരണങ്ങളാൽ ജനങ്ങൾ അകലുന്നതായി പഠനങ്ങൾ. തടസമില്ലാത്ത ക്ലെയിം സെറ്റിൽമെന്റ് എന്നൊക്കെ അവകാശ വാദമുണ്ടെങ്കിലും ആ ഘട്ടമെത്തുമ്പോൾ കടമ്പകൾ കഠിനമാണെന്ന് പരാതിപ്പെടുന്നവർ ഏറെയാണ്.
ഇത്തരം പ്രശ്നങ്ങൾ മൂലം ആരോഗ്യ ഇൻഷുറൻസ് അധികമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും. അതേസമയം, ആരോഗ്യ രംഗത്തെ ചെലവിന്റെ വർധനയിൽ മറ്റേത് ഏഷ്യൻ രാജ്യത്തിന്റെയും മുന്നിലുമാണ്. ഓൺലൈൻ ഇൻഷുറൻസ് സേവന വിതരണ പ്ലാറ്റ്ഫോമായ പോളിസി ബസാർ നടത്തിയ സർവേയിലാണ് കണ്ടെത്തലുകൾ.
അടയ്ക്കേണ്ടുന്ന ഉയര്‍ന്ന പ്രീമിയം തുകയും ക്ലയിം ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ നിന്ന് നല്ലൊരു ശതമാനം ജനങ്ങളെ പിന്തിരിപ്പിക്കുന്നുണ്ട്. ഇൻഷുറൻസ് പദ്ധതികൾ കൃത്യമായി മനസിലാക്കാൻ ജനങ്ങൾക്ക് കഴിയാതെ പോകുന്നത് ഈ രംഗത്തെ പ്രധാന വീഴ്ചയാണ്. ആരോഗ്യ ഇൻഷുറൻസ് എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് സാധാരണക്കാർക്ക് എളുപ്പം ഗ്രഹിക്കാവുന്ന വിധത്തിലല്ല വിശദീകരണങ്ങൾ. ഇതിനു പുറമെ, പ്രീമിയം കുറയ്ക്കാൻ ഒരേ പോളിസിയിൽ പല രീതികൾ പ്രയോഗിക്കുന്നത് ഉപഭോക്താക്കളിലും ആശയക്കുഴപ്പമുണ്ടാക്കുന്നു.
പോളിസി പുതുക്കുമ്പോൾ പ്രീമിയം ഉയരുന്ന പതിവ് വലിയൊരു വിഭാഗത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. അവർ പോളിസി പിൻവലിക്കാൻ നിർബന്ധിതരാകുന്നു. 55 ശതമാനത്തോളം പേർ, പോളിസി എടുക്കുന്നതിന് കുറഞ്ഞ പ്രീമിയം ആഗ്രഹിക്കുന്നവരാണ്. എല്ലാ രോഗങ്ങൾക്കും ചികിത്സാച്ചെലവ് ലഭിക്കാത്തതിനാൽ പദ്ധതിയിൽ നിന്ന് പിന്മാറുന്നവരും ഏറെയാണ്. ക്ലയിം ചെയ്യുമ്പോൾ മോശം അനുഭവമുണ്ടായതായി പരാതിപ്പെടുന്ന ഉപഭോക്താക്കൾ 21 ശതമാനത്തിലധികമാണ്. രാജ്യത്തെ 27 കേന്ദ്രങ്ങളിലായി 3500‑ൽ താഴെ ആളുകളിലായിരുന്നു സർവേ. രാജ്യത്ത് 52 കോടി പേർ മാത്രമാണ് ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷയ്ക്കു കീഴിൽ വരുന്നുള്ളൂ എന്നാണ് ഔദ്യോഗിക വിലയിരുത്തൽ.

eng­lish summary;Studies show that peo­ple are mov­ing away from health insur­ance plans for var­i­ous reasons

you may also like this video;

Exit mobile version