Site icon Janayugom Online

കോവിഡ് കാലയളവിൽ പ്രമേഹം ബാധിച്ചവർക്ക് ഗുരുതര ലക്ഷണങ്ങളെന്ന് പഠനം

കോവിഡ് കാലയളവിൽ പ്രമേഹം പിടിപെട്ടവർക്ക് ഗുരുതരമായ രോഗലക്ഷണങ്ങളെന്ന് പഠനം. ലോക്ഡൗൺ കാലയളവായ കഴിഞ്ഞ വർഷം ഏപ്രിലിനും ഒക്ടോബറിനുമിടയിൽ ഡൽഹിയിലെയും ചെന്നെയിലെയും ആശുപത്രികളിൽ ടൈപ്പ് — 2 പ്രമേഹം പിടിപെട്ട് ചികിത്സയിലായവരെ പഠന വിധേയമാക്കിയപ്പോഴാണ് കോവിഡ് കാലഘട്ടത്തിനു മുൻപ് ഉള്ളതിനേക്കാൾ ഗുരുതരമായ ലക്ഷണങ്ങളും പ്രത്യാഘാതങ്ങളും പ്രമേഹ രോഗികളിൽ കണ്ടെത്തിയത്. ‘ഡയബറ്റിസ് ആന്റ് മെറ്റബോളിക് സിൻഡ്രോം: ക്ലിനിക്കൽ റിസർച്ച് ആന്റ് റിവ്യൂ’ വിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുളത്. 

എന്നാൽ കോവിഡ് വൈറസിന്റെ സ്വാധീനം മൂലമാണ് പ്രമേഹ രോഗ ലക്ഷണങ്ങൾ തീവ്രമായതെന്ന് കണ്ടെത്താനായിട്ടില്ല. ലോക്ഡൗൺ കാലയളവിലെ വ്യായാമക്കുറവും ജീവിത ശൈലിയുമാകാം ഇതിന് കാരണമായതെന്നാണ് ഗവേഷകരുടെ അനുമാനം. കോവിഡ് ഭീതിമൂലം ആശുപത്രിയിൽ പോകാനുള്ള വൈമനസ്യം മൂലം പ്രമേഹ രോഗ നിർണയത്തിൽ വന്ന കാലതാമസവും ഇതിന് കാരണമായിട്ടുണ്ടെന്നാണ് നിഗമനം. 

കോവിഡ് വ്യാപനത്തിനു ശേഷം പ്രമേഹം ബാധിച്ചവരിൽ ബ്ളഡ് ഷുഗറിന്റെ അളവ് ക്രമാതീതമാണ്. മാനസിക സമ്മർദ്ദവും പിരിമുറുക്കവും ഇവരിൽ ഉയർന്ന നിലയിലാണെന്ന് പഠനം തെളിയിക്കുന്നു. കോവിഡിനു മുൻപുള്ള കാലയളവിൽ പ്രമേഹം ബാധിച്ചവരിൽ ഉയർന്ന മാനസിക സമ്മർദ്ദമുള്ളവർ 13 ശതമാനം മാത്രമായിരുന്നു. ലോക്ഡൗൺ മൂലമുള്ള ഒറ്റപ്പെടൽ പലരേയും വിഷാദ രോഗത്തിന് അടിമയാക്കിയതും ഒറ്റപ്പെട്ട സാമൂഹ്യ അവസ്ഥയിൽ ഉത്ക്കണ്ഠ വർദ്ധിച്ചതുമാകാം ഇതിന് കാരണമായതെന്നാണ് അനുമാനം.
നാഷണൽ ഡയബറ്റിസ് ഒബിസിറ്റി ആന്റ് കൊളസ്ട്രോൾ ഫൗണ്ടേഷൻ, ഡയബറ്റിസ് ഫൗണ്ടേഷൻ(ഇൻഡ്യ), ഫോർട്ടിസ് സി ‑ഡോക്, ഡോ. മോഹൻ സ് ഡയബറ്റിസ് സ്പെഷ്യാലിറ്റീസ് സെന്റർ എന്നീ സ്ഥാപനങ്ങൾ സംയുക്തമായാണ് പഠനം നടത്തിയത്. ക്രമമായ വ്യായാമം, സമീകൃത ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പിന്തുടർന്നാൽ ടൈപ്പ്-2 പ്രമേഹത്തെ ഒഴിച്ചു നിർത്താനാകുമെന്നും ഗവേഷകർ പറയുന്നു.

ENGLISH SUMMARY:Study shows severe symp­toms in peo­ple with dia­betes dur­ing the Covid period
You may also like this video

Exit mobile version