Site iconSite icon Janayugom Online

പത്തില്‍ ഒരാള്‍ക്ക് ദീര്‍ഘകാല കോവിഡെന്ന് പഠനം

കോവിഡിന്റെ ഉപവകഭേദമായ ഒമിക്രോണ്‍ ബാധിച്ചവരില്‍ പത്തില്‍ ഒരാള്‍ വീതം ദീര്‍ഘകാല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതായി അമേരിക്കന്‍ പഠനം. 10,000 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ദേശീയ ആരോഗ്യ ഇന്‍സ്റ്റിസ്റ്റ്യൂട്ട് നേരത്തെ നടത്തിയ പഠനത്തില്‍ ദീര്‍ഘകാല കോവിഡിന്റെ നിരവധി ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ചെറിയ രീതിയില്‍ കോവിഡ് ബാധിച്ചവരില്‍ പോലും ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നതായി പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ലക്ഷക്കണക്കിന് ആളുകളാണ് ദീര്‍ഘകാല കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. തലവേദന, മാനസിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഇവരെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത് ചിലരെ മാത്രം ബാധിക്കുന്നത്, ഇത് എങ്ങനെ ചികിത്സിക്കാം, ഇത്തരം രോഗബാധയെ എങ്ങനെ തിരിച്ചറിയാം തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കോവിഡ് ബാധിതരാകാത്ത 1100 പേരെയും കോവിഡ് പിടിപെട്ട 8600 പേരെയുമാണ് പഠനത്തിന് വിധേയരാക്കിയത്. കോവിഡ് രോഗികളില്‍ മൂന്നിലൊന്നും ദീര്‍ഘകാല കോവിഡ് ബാധിതരായിരുന്നു. ഇതിന്റെ ലക്ഷണങ്ങളില്‍ കൂടുതല്‍ വ്യക്തതവരുത്തുന്നതോടെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോവിഡ് ബാധിതരായി ആറുമാസത്തിന് ശേഷം 2230 പേരില്‍ നടത്തിയ പഠനത്തില്‍ പത്തില്‍ ഏഴുപേര്‍ക്കും ദീര്‍ഘകാല കോവിഡ് കണ്ടെത്തുകയായിരുന്നു. ഒമിക്രോണ്‍ വ്യാപനത്തിന് ശേഷം ദീര്‍ഘകാല കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

Eng­lish Summary;Study that one in ten has chron­ic covid

You may also like this video

Exit mobile version