Site iconSite icon Janayugom Online

കോവിഡ് മുക്തരില്‍ ഹൃദ്രോഹ സാധ്യതയെന്ന് പഠനം; മഹാമാരി ഒഴിയാബാധയെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് മുക്തി നേടിയവരില്‍ ഹൃദ്രോഹം വര്‍ധിക്കുന്നുവെന്ന് പഠനം. കോവിഡില്‍ നിന്നു രോഗമുക്തി നേടിയവരില്‍ ബുദ്ധിനാശവും ബീജശോഷണവും ഉണ്ടാകുന്നുവെന്ന പഠന റിപ്പോര്‍ട്ട് നേരത്തേ ‘ജനയുഗം’ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് ഹൃദ്രോഗബാധയും വ്യാപകമാവുന്നുവെന്ന പഠനം.
കഴിഞ്ഞ രണ്ടു വര്‍ഷം കോവിഡ് ഭേദമായവരും മറ്റ് രോഗങ്ങളൊന്നുമില്ലാത്തവരുമായ 50,000 പേരാണ് പ്രതിവര്‍ഷം മരിച്ചതെന്ന് ഇന്ത്യന്‍ ആരോഗ്യ ഗവേഷണ കൗണ്‍സില്‍ വെളിപ്പെടുത്തുന്നു. കോവിഡിനു മുമ്പുള്ള വര്‍ഷങ്ങളില്‍ 2016ല്‍ 21,914 പേരും 17ല്‍ 23,246 പേരും 18ല്‍ 25,764 പേരും 19ല്‍ 28,005 പേരുമാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞതെന്നാണ് നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്ക്. അതായത് പ്രതിവര്‍ഷം ശരാശരി രണ്ടായിരം മരണങ്ങളുടെ വര്‍ധന.

കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചശേഷം മരണസംഖ്യ പൊടുന്നനേ ഇരട്ടിയായതിനെ തുടര്‍ന്നാണ് ഇതിന്റെ കാരണങ്ങളെക്കുറിച്ച് കൗണ്‍സില്‍ പഠനമാരംഭിച്ചത്.
കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടവരില്‍ മൂന്ന് ശതമാനത്തിനു താഴെ മാത്രമേ ഹൃദ്രോഗമുണ്ടായിരുന്നുള്ളു. 97 ശതമാനവും ഹൃദ്രോഗം, പ്രമേഹം, രക്താതിസമ്മര്‍ദ്ദം തുടങ്ങി ഒരു രോഗവും ഇല്ലാത്തവരായിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് രോഗവിമുക്തി നേടിയശേഷമാണ് ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതും ചിലര്‍ മരണത്തിലേക്ക് വഴുതിവീണതുമെന്നും പഠനത്തില്‍ വ്യക്തമായി. കോവിഡാനന്തരം ഇത്തരം വ്യക്തികളില്‍ നെഞ്ചുവേദന, അമിത ക്ഷീണം, നെഞ്ചിടിപ്പ്, നിരന്തരമായ ശ്വാസംമുട്ടല്‍ എന്നിവയും ദൃശ്യമായി. 

ഇതിനിടെയാണ് കോവിഡ് ഇനി ലോകത്തു നിന്നും ഒരിക്കലും വിടപറയില്ലെന്നും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുമെന്നുമുള്ള ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസിന്റെ ആശങ്കാജനകമായ പ്രഖ്യാപനം. കോവിഡിന്റെ പ്രത്യാഘാതങ്ങളും മരണനിരക്കും രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറയ്ക്കാന്‍ സാധിക്കും. പക്ഷേ, മനുഷ്യരില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര ഹെല്‍ത്ത് റഗുലേഷന്‍ എമര്‍ജന്‍സി കമ്മിറ്റി വ്യക്തമാക്കി.
കോവിഡിനോടു പൊരുതുന്നതിനിടെ മറ്റു രോഗ പ്രതിരോധ നടപടികളിലും പ്രതിസന്ധിയുണ്ടാകുന്നു. കോവിഡ് തലമുറകളിലേക്ക് കൈമാറിക്കൊണ്ടിരിക്കുമെന്നും സെക്രട്ടറി ജനറല്‍ ടെഡ്രോസ് അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Study that risk of heart dis­ease in those free of covid; The World Health Orga­ni­za­tion says the pan­dem­ic is imminent

You may also like this video

Exit mobile version