Site iconSite icon Janayugom Online

ശുഭാന്‍ശു ശുക്ലയുടെ ബഹിരാകാശയാത്ര; ഐഎസ്ആര്‍ഒ മുടക്കിയത് 500 കോടി

ശുഭാന്‍ശു ശുക്ലയുടെ ബഹിരാകാശയാത്രയ്ക്ക് ഐഎസ്ആര്‍ഒ 500 കോടി മുടക്കിയെന്ന് ബിബിസി റിപ്പോര്‍ട്ട്. ആക്സിയം-4 ദൗത്യത്തിലെ യാത്രയുടെ കണക്കുകള്‍ കേന്ദ്രസര്‍ക്കാരോ ആക്സിയം കമ്പനിയോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശുക്ലയുടെ പരിശീലനത്തിനും ദൗത്യത്തിനുമായി ഐഎസ്ആര്‍ഒ പണംമുടക്കിയെന്ന് ചെയര്‍മാന്‍ വി നാരായണന്‍ വെളിപ്പെടുത്തി. 60 മുതല്‍ 70 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപിച്ചെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് ഏകദേശം 550 കോടി. ആക്സിയം-4, കേന്ദ്രസര്‍ക്കാര്‍, യൂറോപ്യന്‍ ഏജന്‍സി സ്പോണ്‍സര്‍ ചെയ്യുന്ന ബഹിരാകാശ യാത്രികര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ വാണിജ്യ ബഹിരാകാശ ദൗത്യമാണ്. ഇന്ത്യ, പോളണ്ട്, ഹംഗറി എന്നിവര്‍ 40 വര്‍ഷത്തിന് ശേഷം ബഹിരാകാശ യാത്രയിലേക്ക് മടങ്ങിവരുന്നത് കൂടിയാണിത്. രണ്ടാമത്തെ യാത്രയാണെങ്കിലും മൂന്ന് രാജ്യങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒരു ദൗത്യം നിര്‍വഹിക്കുന്നത് ആദ്യമായാണ്. നാളെയാണ് പേടകം യാത്ര തിരിക്കുക. 

രാകേഷ് ശര്‍മ്മയാണ് (1984) ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍. ഇത്തവണ ശുഭാന്‍ശു ശുക്ലയുടെ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍, സാങ്കേതികവിദ്യ, പ്രത്യാഘാതങ്ങള്‍ എന്നിവയില്‍ വലിയ വ്യത്യാസമുണ്ട്. രാകേഷ് ശര്‍മ്മയുടെ ദൗത്യം ഇന്ത്യ‑സോവിയറ്റ് പങ്കാളിത്തത്തോടെയായിരുന്നു. സോവിയറ്റ് ബഹിരാകാശ നിലയമായ സല്യൂട്ട് ഏഴില്‍ രാകേഷ് ശര്‍മ്മ എട്ട് ദിവസം ചെലവഴിച്ചു. ബയോമെഡിസിന്‍, റിമോട്ട് സെന്‍സിങ് എന്നിവയില്‍ 43 പരീക്ഷണങ്ങള്‍ നടത്തി. ശുഭാന്‍ശു ശുക്ലയുടെ ദൗത്യം വാണിജ്യപരമായി ക്രമീകരിച്ചതാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യുഎസ് നടത്തുന്ന സ്വകാര്യ ദൗത്യത്തില്‍ (ആക്സിയം-4) ഇന്ത്യ ഒരു സീറ്റ് കരസ്ഥമാക്കുകയായിരുന്നു. വാണിജ്യ സ്ഥാപനമായ ആക്സിയം സ്പേസാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ശുക്ല രണ്ടാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും. ഏകദേശം 60 പരീക്ഷണങ്ങള്‍ നടത്തും. ഇതില്‍ ഏഴെണ്ണം ഐഎസ്ആര്‍ഒ രൂപകല്പന ചെയ്തിട്ടുണ്ട്. 

Exit mobile version