സബ്സിഡി തുകയെത്തുന്നതോടെ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജനകീയ ഹോട്ടലുകളുടെ കുടിശ്ശികയുളള സബ്സിഡി തുക നൽകാൻ സർക്കാർ തീരുമാനിച്ചത്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളുടെ കഴിഞ്ഞ ഡിസംബർ മുതൽ ആഗസ്റ്റ് വരെയുളള സർക്കാർ സബ്സിഡിയാണ് കുടിശ്ശികയായുളളത്. ഇത് നൽകുന്നതിന് സർക്കാർ കഴിഞ്ഞദിവസം 33.6 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെയാണ് ജില്ലയിലെ ജനകീയ ഹോട്ടലുകൾക്കും മുടങ്ങിക്കിടന്ന സബ്സിഡി തുക ലഭിക്കാൻ വഴി തെളിയുന്നത്. സബ്സിഡി തുക നൽകാനുള്ള സർക്കാർ തീരുമാനം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാരായ ജില്ലയിലെ മുന്നൂറോളം കുടുംബശ്രീ സംരംഭകർക്കാണ് ആശ്വാസമേകുന്നത്. ഇത് വഴി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട പല സ്ഥാപനങ്ങൾക്കും പുതുജീവൻ ലഭിക്കും. സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുളള ജില്ലയാണ് ആലപ്പുഴ. കഴിഞ്ഞ എൽ ഡിഎഫ് സർക്കാരിന്റെ ജനപ്രിയ സംരംഭങ്ങളിലൊന്നായിരുന്നു ജനകീയ ഹോട്ടലുകൾ.
2019–20ലെ സംസ്ഥാന ബജറ്റിലാണ് സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതി പ്രഖ്യാപിച്ച് നടത്തിപ്പ് സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനെ ഏൽപിച്ചത്. നിർധനർക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യ നിരക്കിൽ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഊണൊന്നിന് സബ്സിഡിയായി 10 രൂപ സർക്കാർ നൽകുന്നതോടൊപ്പം ഹോട്ടലിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനായി കുടുംബശ്രീ 50, 000 രൂപ വായ്പയും നൽകിയിരുന്നു. നടത്തിപ്പിനായി തദേശ സ്ഥാപനങ്ങൾ കെട്ടിടങ്ങളും വെളളം, വൈദ്യുതി അടക്കമുളള സംവിധാനങ്ങളും സൗജന്യമായി നൽകി.
സിവിൽ സപ്ലൈസ് കോർപറേഷൻ വിലക്കിഴിവിൽ അരിയും നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. കോവിഡ് പ്രതിസന്ധിയുടെ കാലത്തും തുടർന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. സർക്കാർ തീരുമാനത്തിന്റെ ചുവട് പിടിച്ച് ജില്ലയിൽ മാത്രം നൂറു കണക്കിന് ജനകീയ ഹോട്ടലുകളാണ് പ്രവർത്തിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ജനകീയ ഹോട്ടലുകൾക്കും വെല്ലുവിളിയായത്. മാസങ്ങളോളം സബ്സിഡി തുക നിലച്ചതോടെ ഹോട്ടലുകളുടെ നിലനിൽപ് ഭീഷണിയിലായി. സബ്സിഡി പ്രതീക്ഷിച്ച് 20 രൂപക്ക് വയറ് നിറച്ച് ഊണ് വിളമ്പിയ ജനകീയ ഹോട്ടലുകൾ പലതും പ്രതിസന്ധിയിലായി. പിന്നാലെ ചിലതെല്ലാം പ്രവർത്തനം നിർത്തിയിരുന്നു.
English Summary: Subsidise amount will be credited to janakeeya hotels
You may also like this video