Site icon Janayugom Online

വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതി: മുഖ്യമന്ത്രി

കേരളത്തിന്റെ വ്യവസായ മേഖലയിൽ ഗണ്യമായ പുരോഗതിയാണ് ഉണ്ടായതെന്നും മൂന്നര മാസംകൊണ്ട് 42,372 സംരംഭങ്ങൾ ആരംഭിച്ചതായും മുഖ്യന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭക വർഷം പദ്ധതിയിലൂടെയാണ് ഇത് യാഥാർത്ഥ്യമായത്. നാലു ശതമാനം പലിശയ്ക്കാണ് വായ്പ നൽകുന്നത്. മൂന്നു മുതൽ നാലു ലക്ഷം വരെ തൊഴിൽ ഇതിലൂടെ ലഭ്യമാകും. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ച നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. 75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്‌സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി. കാക്കനാട് രണ്ട് ഘട്ടങ്ങളിലായി 1200 കോടി രൂപ നിക്ഷേപമുള്ള, 20,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്ക് ടിസിഎസുമായി ധാരാണാ പത്രം ഒപ്പുവച്ചു. ദുബായ് വേൾഡ് എക്‌സ്‌പോയിൽ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങൾ കേരളത്തിലേക്ക് വന്നു. 

കൊച്ചി ‑ബംഗളുരു വ്യവസായ ഇടനാഴിക്കായുള്ള 2220 ഏക്കർ ഭൂമിയുടെ 70 ശതമാനം ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാരണം പ്രതിസന്ധിയിലായ എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി. 50 കോടിയിൽ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങൾക്ക് അതിവേഗ അനുമതി നൽകുന്നതിന് കെ സ്വിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. 

കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാർക്കുകളുടെ പ്രകടനം വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിൽ കിൻഫ്രയ്ക്ക് കീഴിലുള്ള അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 1522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങൾ കേരളത്തിൽ എത്തിക്കാനും 20,900 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞത് കിൻഫ്രയുടെ നേട്ടമാണ്. ഇൻഫോപാർക്കിനടുത്ത് 10 ഏക്കർ ഭൂമിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് ആന്റ് കൺവെൻഷൻ സെന്റർ ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Sub­stan­tial progress in indus­tri­al sec­tor: CM
You may also like this video

Exit mobile version