Site iconSite icon Janayugom Online

വാക്‌സിനേഷന്‍ യജ്ഞം വിജയം; ആദ്യ ദിനം വാക്‌സിനേഷന്‍ സ്വീകരിച്ചത് 38,417 കുട്ടികള്‍

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികള്‍ക്ക് ആദ്യദിനം കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കുട്ടികള്‍ക്ക് കോവാക്‌സിനാണ് നല്‍കുന്നത്. 9338 ഡോസ് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 5018 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്.

551 കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ആര്‍ക്കും തന്നെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 9338, കൊല്ലം 6868, പത്തനംതിട്ട 1386, ആലപ്പുഴ 3009, കോട്ടയം 1324, ഇടുക്കി 2101, എറണാകുളം 2258, തൃശൂര്‍ 5018, പാലക്കാട് 824, മലപ്പുറം 519, കോഴിക്കോട് 1777, വയനാട് 1644, കണ്ണൂര്‍ 1613, കാസര്‍ഗോഡ് 738 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഒമിക്രോണ്‍ സാഹചര്യത്തില്‍ എല്ലാവരും കുട്ടികളെ വാക്‌സിന്‍ എടുപ്പിക്കേണ്ടതാണ്.

18 വയസിന് മുകളിലുള്ളവരില്‍ വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവരും രണ്ടാം ഡോസെടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്‌സിന്‍ എടുക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഞായറാഴ്ച രാത്രി 5,02,700 ഡോസ് കൊവാക്‌സിന്‍ സംസ്ഥാനത്തെത്തിയിരുന്നു. ഇന്ന് എറണാകുളത്ത് 57,300 ഡോസ് കൊവാക്‌സിന്‍ കൂടി എത്തിയിട്ടുണ്ട്.

eng­lish sum­ma­ry; Suc­cess of vac­ci­na­tion campaign

you may also like this video;

Exit mobile version