Site icon Janayugom Online

രാജിയിലുറച്ച് സുധീരന്‍; അനുനയം പാളി

രാഷ്ട്രീയകാര്യസമിതിയിൽ നിന്നുള്ള വി എം സുധീരന്റെ രാജി കോണ്‍ഗ്രസിന് വീണ്ടും കുരുക്കാകുന്നു.
അനുനയിപ്പിക്കാനുള്ള നീക്കം നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ഉരുള്‍പ്പൊട്ടല്‍ ശക്തമാകുമെന്നുറപ്പായി. അതേസമയം അനുനയനീക്കത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രണ്ട് തട്ടിലായി.

സുധീരന്റെ രാജിയിൽ പ്രതിസന്ധിയിലായത് കെപിസിസിയായതിനാല്‍ ഒത്ത് തീര്‍പ്പ് നടത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ടെങ്കിലും കെ സുധാകരന് സുധീരന്റെ നീക്കത്തോട് അമര്‍ഷമുണ്ട്. അനാവശ്യവിവാദങ്ങളിലേക്ക് വീണ്ടും പാര്‍ട്ടിയെ വലിച്ചിഴയ്ക്കാന്‍ സുധീരന്റെ രാജി വഴിവച്ചുവെന്നാണ് സുധാകരന്റെ അഭിപ്രായം. ഇന്നലെ പ്രതിപക്ഷ നേതാവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലും സുധാകരന്റെ അതൃപ്തി വ്യക്തമായിരുന്നു.

സുധീരനുമായി പലവട്ടം സംസാരിച്ചു. എല്ലാവിഷയങ്ങളും രാഷ്ട്രീയകാര്യസമിതിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, ആരെയും ഒറ്റപ്പെടുത്താനോ മാറ്റിനിര്‍ത്താനോ ശ്രമിച്ചിട്ടില്ല. നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്നാണ് സുധാകരന്റെ നിലപാട്. എഐസിസിയുടെ അറിവോടെയാണ് കെപിസിസി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍ തന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്നും അത് അറിയിക്കാനാണ് സുധീരനെ കാണാനെത്തിയതെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നേതൃത്വത്തിന് ചില വീഴ്ചകളുണ്ടായി. തന്റെ പിഴവുകൾക്ക് ക്ഷമ ചോദിച്ചു. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നയാളാണ് സുധീരനെന്നായിരുന്നു സതീശന്‍ പറഞ്ഞത്. വൈകിട്ട് കെ സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇതേ നിലപാട് സതീശന്‍ ആവര്‍ത്തിച്ചു. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ട് പോകണമെന്നും സുധീരനെപ്പോലെ മുതിര്‍ന്ന നേതാവിനെ അവഗണിച്ചു മുന്നോട്ടുപോകില്ലെന്നും സതീശന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെടുന്നതും സുധീരനുമായി ഒത്തുതീര്‍പ്പ് നടത്തി ഒപ്പം ചേര്‍ക്കാനാണ്.

എന്നാല്‍ വീട്ടിലെത്തി കണ്ട സതീശനോടും തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് സുധീരന്‍ വ്യക്തമാക്കിയത്. പുതിയ നേതൃത്വത്തിന് താന്‍ തുടക്കത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും എന്നാല്‍ നേതൃത്വം ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സുവർണ്ണ അവസരം കളഞ്ഞു എന്നും സതീശനോട് സുധീരൻ തുറന്നടിച്ചു. സംസ്ഥാനത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അടക്കമുള്ള നേതാക്കളും സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളിലാണ്.

Eng­lish sum­ma­ry; Sud­heer­an resigns; Consensus

You may also like this video;

Exit mobile version