Site icon Janayugom Online

സുധീരന്‍റെ രാജി; സംസ്ഥാന കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ അനുരജ്ഞന ശ്രമങ്ങളുമായി ഹൈക്കമാന്‍ഡ്

മുതിർന്ന നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ വി എം സുധീരൻ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും രാജിവെച്ചതിനു പിന്നാലെ എഐസിസി അംഗത്വം രാജിവെച്ചു. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ചു. സംസ്ഥാനത്തെ കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് കത്തിൽ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കെപിസിസി നേതൃത്വം ഇടപെട്ട് നടത്തുന്നതിനിടെയാണ് നേതൃത്വത്തെ കൂടുതൽ വെട്ടിലാക്കി സുധീരന്റെ കടുത്ത നിലപാട്.

സുധീരനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ടെത്തി ചർച്ച നടത്തിയിരുന്നു. താനടക്കമുള്ള നേതൃത്വത്തിന് തെറ്റ് പറ്റിയെന്നും തിരുത്തുമെന്നും സുധീരനെ വിഡി സതീശൻ അറിയിച്ചിരുന്നു. എന്നാൽ രാജിയിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സുധീരൻ. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തി വിഡി സതീശനോട് സുധീരൻ അറിയിക്കുകയും ചെയ്തു.അദ്ദേഹം ഒരു നിലപാടെടുത്ത് കഴിഞ്ഞാൽ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അത്ര എളുപ്പമല്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം സതീശൻ പറഞ്ഞത്.

അതേസമേയം എഐസിസി അംഗത്വം രാജിവെച്ച് കൊണ്ടുള്ള കത്തിൽ സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിലാണ് സുധീരൻ വിമർശിച്ചത്. സംസ്ഥാന നേതൃത്വം മറ്റ് നേതാക്കളുമായി കൂടിയാലോചന നടത്താതെ ഏകപക്ഷീയമായാണ് ഇടപെടുന്നതെന്നാണ് കത്തിലെ ആക്ഷേപം. നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്നും കത്തിൽ സുധീരൻ പരാതിപ്പെടുന്നു.കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിലും സുധീരൻ അതൃപ്തി പ്രകടിപ്പിച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം ഇടപെടാൻ താത്പര്യം കാണിക്കുന്നില്ലെന്നും അതിൽ ദുഖമുണ്ടെന്നും സുധീരൻ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് ഗ്രൂപ്പ് അതീതമായി പുതിയ നേതൃത്വം വന്നപ്പോൾ തുടക്കത്തിൽ ‚സ്വാഗതം ചെയ്ത നേതാവായിരുന്നു സുധീരൻ. എന്നാൽ പിന്നീട് ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുധീരൻ ഇടയുകയായിരുന്നു.മതിയായ ചർച്ച നടത്താൻ നേതൃത്വം തയ്യാറാകുന്നില്ലെന്നായിരുന്നു ഫേസ്ബുക്കിലൂടെ സുധീരൻ പരസ്യമായി തുറന്നടിച്ചത്. മുതിർന്ന നേതാവ് ഇടഞ്ഞതോടെ കെപിസിസി അധ്യക്ഷൻ നേരിട്ടെത്തി സുധീരനുമായി കൂടിക്കാഴ്ച നടത്തുകയും തുടർ ചർച്ചകളിൽ നേതാക്കളിൽ നിന്ന് അഭിപ്രായം തേടുമെന്ന ഉറപ്പും നൽകി. എന്നാൽ കെപിസിസി പുനഃസംഘടനയിലും ചർച്ചകൾ നടത്താൻ കെപിസിസി നേതൃത്വം തയ്യാറാക്കാത്ത പശ്ചാത്തലത്തിലാണ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി പ്രഖ്യാപിച്ചതെന്നാണ് സുധീരനോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചത്.

കെപിസിസി പുനസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയുള്ള സുധീരന്റെ രാജിയോടെ കോൺഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.സുധീരനെ അനുനയിപ്പിച്ച് തിരച്ചുകൊണ്ടുവന്നേ മതിയാകൂവെന്നാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. പാർട്ടിയിൽ എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോകാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സുധീരന്റെ രാജി പിൻവലിക്കാൻ ഹൈക്കമാന്‍ഡ് ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ എംപി ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു.

അതേസമയം സുധീരനെ അനുനയിപ്പിക്കുന്നത് സംബന്ധിച്ച് രണ്ട് തട്ടിലാണ് കെപിസിസി. നേരത്തേ സുധീരനെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ സുധാകരൻ പിന്നീട് നിലപാട് മാറ്റിയിരുന്നു. വിഎം സുധീരനോട് മതിയായ അഭിപ്രായങ്ങൾ തേടിയിരുന്നുവെന്നും എന്നാൽ അദ്ദേഹം അവസരങ്ങൾ ഒന്നും വിനിയോഗിച്ചില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. മാത്രമല്ല എല്ലാ വിഷയങ്ങളിലും രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും സുധാകരൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

പുതിയ കെപിസിസി നേതൃത്വം ഹൈക്കമാന്റ് ആശിർവാദത്തോടെ തന്നെയാണ് പ്രവർത്തിക്കുന്നതെന്നും സുധാകരൻ വീണ്ടും ആവർത്തിച്ചിരുന്നു. നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിഡി സതീശന്റെ പ്രതികരണത്തിലും സുധാകരൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അതേസമയം സംസ്ഥാന കോൺഗ്രസിലെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് സുധീരനുമായി കൂടിക്കാഴ്ച നടത്താൻ തിരുമാനിച്ചതായി താരിഖ് അറിയിച്ചെങ്കിലും പിന്നീട് കൂടിക്കാഴ്ച മാറ്റി വെച്ചിരുന്നു.

എന്നാൽ എഐസിസി അംഗത്വത്തിൽ നിന്നും സുധീരൻ രാജിവെച്ചതോടെ പ്രശ്ന പരിഹാരത്തിനുള്ള ചർച്ചകൾ സജീവമാക്കിയിരിക്കുകയാണ് ഹൈക്കമാന്റ് നേതൃത്വം. ഇതിന്റെ ഭാഗമായി താരിഖ് അൻവർ സുധീരനുമായി ചർച്ച നടത്തും. സുധീരന്റെ രാജി വലിയ തിരിച്ചടിയാകും അതുകൊണ്ട് തന്നെ സുധീരന്‍റെ രാജി പിൻവലിപ്പിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ഹൈക്കമാന്റ്. എന്നാൽ സംസ്ഥാനത്ത് ഗ്രൂപ്പ് അതീതമായിട്ട് തന്നെയാകണം പാർട്ടിയുടെ പ്രവർത്തനമെന്നാണഅ ഹൈക്കമാന്റ് നേതൃത്വവും ആവർത്തിക്കുന്നത്.

എന്നിരുന്നാലും പുതിയ കെപിസിസി നേതൃത്വം എല്ലാവരേയും ഒറ്റക്കെട്ടായി കൊണ്ടുപോകാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഹൈക്കമാൻറ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുള്ള വി എം സുധീരൻ്റെ രാജിയിൽ നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസിൽ നിന്ന് ആരെയും ഒറ്റപ്പെടുത്താനോ മാറ്റിനിർത്താനോ ശ്രമിച്ചിട്ടില്ല. അഭിപ്രായം പറയാൻ എല്ലാവർക്കും സമയം നൽകിയിട്ടുണ്ട്. സുധീരൻ അത് വേണ്ടവിധത്തിൽ വിനിയോഗിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. എഐസിസി നേതൃത്വത്തിൻ്റെ അറിവോടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. നേതൃത്വത്തിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Sud­heer­an resigns; High Com­mand with con­cil­i­a­tion efforts in State Con­gress crisis

you may also like this video;

Exit mobile version