Site iconSite icon Janayugom Online

മികച്ച ക്യാരക്ടറുകളിൽ തിളങ്ങി സുധി കോപ്പ

മലയാള ചലച്ചിത്ര രംഗത്ത് ചെറിയ ക്യാരക്ടറുകളിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച് ആമേൻ, ഇലവീഴാപൂഞ്ചിറ എന്നീ ചിത്രങ്ങൾ തുടങ്ങി അടുത്തിടെ തീയേറ്ററിലെത്തിയ നടന്ന സംഭവം വരെയുള്ള ചിത്രങ്ങളിൽ മികച്ച ക്യാരക്ടറുകളിൽ സജീവമാകുന്ന സുധി കോപ്പ സംസാരിക്കുന്നു… 

ചെറിയ ക്യാരക്ടറുകളിലൂടെ തുടക്കം പിന്നീട് മികച്ച കഥാപാത്രങ്ങൾ?
സത്യത്തിൽ എല്ലാം ഒരു ഭാഗ്യമായി കാണുന്നു. ചില ക്യാരക്ടറുകളെല്ലാം ഞാൻ പോലും അറിയാതെ എന്നിലേക്ക് വന്ന് ചേരുന്നു എന്നതിൽ അതീവ സന്തോഷമുണ്ട്. സിനിമ എന്നത് എന്റെ സ്വപ്നമാണ്. 

നടന്ന സംഭവത്തിലെ ലിങ്കനെ കുറിച്ച്?
അടൂർഭാസി സാറിന്റെ കാലത്ത് തന്നെ ലിങ്കനെ പോലുള്ള കഥാപാത്രങ്ങളെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങൾ നാം കണ്ടതാണ്.
നടന്ന സംഭവം എന്ന ചിത്രത്തിലൂടെ എന്റെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. 

സാഗർ ഏലിയാസ് ജാക്കി മുതൽ നടന്ന സംഭവം വരെ?
അതെ, ചലച്ചിത്ര മേഖലയിൽ തന്നെ ഓഡീഷനുകൾ സജീവമായി തുടങ്ങുന്ന ഒരു വേളയിലാണ് ഞാൻ സാഗർ ഏലിയാസ് ജാക്കി ചിത്രത്തിൽ എത്തപ്പെടുന്നത്. അന്ന് അത്രയേറെ ഹൈപ്പുള്ള ഒരു ചിത്രമായിരുന്നു സാഗർ ഏലിയാസ് ജാക്കി. ആ ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു എന്നുള്ളത് എന്റെ വലിയൊരു ഭാഗ്യമായി കാണുന്നു. 

കുടുംബത്തിന്റെ സപ്പോർട്ട്?
ഞാൻ സ്വപ്നം കണ്ട മേഖലയാണ് സിനിമ. എന്റെ സ്വപ്നത്തിന് കൂടെ സഞ്ചരിച്ചവരാണ് എന്റെ കൂടുംബം, അവരോടൊപ്പം ചേർത്ത് വയ്ക്കാവുന്നവരാണ് എന്റെ കൂട്ടുക്കാരും. ഇരുവരും നൽകുന്ന പിന്തുണ വളരെ വലുതാണ്. 

കിങ് ഓഫ് കൊത്തയിൽ മൂകനായ കഥാപാത്രത്തെക്കുറിച്ച്?
ദുൽഖറിന്റെ കൂടെ അഭിനയിക്കുകയെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അദ്ദേഹത്തെ അത്രമാത്രം ഇഷ്ടമാണ് എനിക്ക്. കിങ് ഓഫ് കൊത്തയിലൂടെ അത് സാധിച്ചു. മാത്രവുമല്ല വ്യത്യസ്തമായ ഒരു മൂകനായ കഥാപാത്രം ചെയ്യാനും കഴിഞ്ഞു. 

അന്യഭാഷയിലേക്ക്?
ഇതുവരെ ക്ഷണിച്ചിട്ടില്ല. പക്ഷെ അന്യഭാഷകളിൽ അഭിനയിക്കണമെന്നത് എന്റെ ആഗ്രഹമാണ്. 

പുതിയ പ്രൊജക്ടുകൾ
ജെക്സൺ ആന്റണി സംവിധാനം ചെയ്യുന്ന അഞ്ച് സെന്റും സെലീനയും, ആസിഫ് അലിയുടെ കൂടെ മറ്റൊരു ചിത്രം, ഒരു വെബ് സീരീസ് തുടങ്ങി ഈ വർഷം കുറച്ചധികം ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും കൂടെ ഉണ്ടാകണം. 

Exit mobile version