Site iconSite icon Janayugom Online

ജീവിത അരങ്ങിലെ ദുരിതങ്ങള്‍… ശാന്തി കാത്തിരിക്കുന്നു കൈത്താങ്ങിനായി

KPACKPAC

പൊന്നരിവാളമ്പിളിയിൽ കണ്ണെറിഞ്ഞവൾ… എന്ന പാട്ട് കേള്‍ക്കുമ്പോള്‍ കൈലിയും ബ്ലൗസുമണിഞ്ഞ് കൊയ്ത്തരിവാളുമായി അരങ്ങിലെത്തിയ മാല എന്ന കഥാപാത്രത്തെ ഓര്‍ക്കാത്തവരായി ആരുമുണ്ടാകില്ല. തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ’ കെപിഎസി പുനരവതരിപ്പിച്ചപ്പോൾ നായിക മാലയായി പകര്‍ന്നാടിയ കെപിഎസി ശാന്തി ഇന്ന് ദുരിതക്കയത്തിലാണ്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിനിയായ ശാന്തി ഒരുനേരത്തെ ഭക്ഷണത്തിനായി സുമനസുകളുടെ സഹായവും കാത്ത് തിരശീലയ്ക്കു പിന്നിലുണ്ട്. 

പത്താം വയസില്‍ അഭിമന്യു എന്ന നാടകത്തില്‍ സുമയായി അഭിനയിച്ചാണ് അരങ്ങത്തേക്കുള്ള ശാന്തിയുടെ രംഗപ്രവേശം. 19-ാം വയസില്‍ കെപിഎസിയില്‍ എത്തി. പിന്നീട് എണ്ണമറ്റ വേദികള്‍, ജീവിതം തന്നെ മാറിമറിഞ്ഞു. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം ശാന്തിയുടെ സ്വപ്നത്തെ തച്ചുടച്ചു. വീട് വൃത്തിയാക്കുന്നതിനിടെ ശാന്തിയുടെ അച്ഛന്‍ മുകളിലത്തെ നിലയില്‍ നിന്ന് വീണു പരിക്കേറ്റു. അതോടെ അച്ഛനെ പരിചരിക്കാനായി നാടകാഭിനയം നിര്‍ത്തേണ്ടി വന്നു. ചികിത്സാ ചെലവിന് തുക കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ വീട് വിറ്റു. ഇതിനിടെ ഇലക്ട്രീഷ്യനായ സതീഷുമായി ശാന്തിയുടെ വിവാഹം. സതീഷിന്റെ കരം പിടിച്ച് സ്വപ്നം കണ്ട ലോകത്തേക്ക് നടന്നു നീങ്ങുന്നതിനിടെ ദുരന്തങ്ങള്‍ ഒരോന്നായി ശാന്തിയെ പിന്തുടര്‍ന്നു. രണ്ട് വര്‍ഷത്തിനിടെ സതീഷ് മൂന്ന് വാഹനാപകടങ്ങളില്‍പ്പെട്ടു. അക്യുപങ്ചര്‍ ചികിത്സയാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ ചികിത്സ നടന്നില്ല. ഒന്നരമാസം മുമ്പ് ശാന്തിക്ക് വാഹനാപകടത്തില്‍ കൈക്ക് പരിക്കേറ്റതോടെ ജീവിതം ആകെ താളംതെറ്റി. 

വാടകവീടുകൾ മാറിമാറി കഷ്ടപ്പെടുന്ന ശാന്തിയും കുടുംബവും നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ കഷ്ടപ്പെടുകയാണ്. പണമില്ലാത്തതിനാല്‍ ഭർത്താവിന്റെ ചികിത്സ മുടങ്ങിയിട്ട് മാസങ്ങളായി. അപകടത്തില്‍ മുഖത്തിന് പരിക്ക് പറ്റിയതോടെ നാടകത്തിലേക്ക് ഇനി ഒരു മടങ്ങി വരവുണ്ടാകില്ലെന്നതാണ് ശാന്തിയുടെ ഇപ്പോഴുള്ള സങ്കടം. സിനിമയും സീരിയലും സ്വപ്നം കണ്ട് നാടകവേദിയിലേക്ക് എത്തിയ ഈ നടിക്ക് ഇനി അവസരങ്ങള്‍ കിട്ടുമോ എന്നറിയില്ല. സതീഷിന്റെ ചികിത്സ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ശാന്തിയുടെ ആഗ്രഹം. അതിന് സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. പ്രീ പ്രൈമറിയില്‍ പഠിക്കുന്ന ആദിത്യനും ആതിരയുമാണ് മക്കള്‍.
ശാന്തിയേയും കുടുംബത്തേയും സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്: ശാന്തി എസ് നായര്‍, എസ്ബിഐ ഫോര്‍ട്ട് ബ്രാഞ്ച്, തിരുവനന്തപുരം, അക്കൗണ്ട് നമ്പര്‍ : 20198756539, ഐഎഫ്എസ്‌സി കോ‍ഡ് എസ്ബിഐഎന്‍ 0060333, ഗൂഗിള്‍ പേ നമ്പര്‍ 9048936334. 

Eng­lish Sum­ma­ry: Suf­fer­ings in the are­na of life… Shan­ti is wait­ing for a help­ing hand

You may also like this video

Exit mobile version