കുട്ടികളിൽ പഞ്ചസാരയുടെ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ ഷുഗർ ബോർഡ് പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ലഘുപാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന ബോധവത്ക്കരണ ബോർഡ് സ്കൂളുകളിൽ സ്ഥാപിച്ച് കുട്ടികളിൽ പഞ്ചസാരക്കെതിരെ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അമിതമായ പഞ്ചസാരയുടെ ഉപയോഗം പ്രമേഹം, പൊണ്ണത്തട്ടി, ഹൃദയ രോഗങ്ങൾ, ശാരീരിക- മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഒരാൾക്ക് ഒരു ദിവസം പരമാവധി മൂന്ന് ടീ സ്പൂൺ പഞ്ചസാര വരെയാണ് ഐ സി എം ആർ ശുപാർശ ചെയ്യുന്നത്.
ഇത് രണ്ട് നേരത്തെ ചായയിലൂടെയോ പാനീയങ്ങളിലൂടെയോ ലഭിക്കും. ലഘുപാനീയങ്ങളിൽ പതിനഞ്ച് ശതമാനം വരെ പഞ്ചസാരയുണ്ട്. ഇടവേളകളിൽ കുടിക്കുന്ന പാനീയങ്ങളിലൂടെ പഞ്ചസാര അധികമായി ശരീരത്തിലെത്തുകയാണ്. ഇത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഈ സാഹചര്യത്തിലാണ് ജില്ലാ തല ഭക്ഷ്യ സുരക്ഷ അഡ്വൈസറി കമ്മിറ്റിയിൽ ജില്ലാ കലക്ടർ വെച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പം വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിച്ചു.
നടക്കാവ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. ഇത്തരം ബോർഡുകൾ ജില്ലയിലെ മുഴുവൻ ഹയർ സെക്കന്ററി സ്കൂളുകളിലും സ്ഥാപിക്കാൻ ലക്ഷ്യമിടുന്നതായി ഭക്ഷ്യ സുരക്ഷ അസി. കമ്മീഷണർ എ സക്കീർ ഹുസൈൻ പറഞ്ഞു.