കടൽ മത്സ്യത്തിന്റെ വരവ് കുറഞ്ഞതോടെ ഇടുക്കിയിൽ മത്സ്യകൃഷി നടത്തുന്നവർക്ക് ചാകര. വളർത്തു മത്സ്യങ്ങൾക്കാണ് ഇപ്പോൾ ഇടുക്കിയിലെ മത്സ്യ മാർക്കറ്റുകളിൽ ഏറ്റവും അധികം ഡിമാൻഡ്. കടൽ മത്സ്യത്തിന്റെ വില കുതിച്ചു ഉയർന്നതും ഉപഭോക്താക്കളെ വളർത്തു മത്സ്യങ്ങളിലേക്ക് ആകർഷിച്ചു..
ഹൈറേഞ്ചുകാരുടെ ഇഷ്ട മത്സ്യമായ മത്തിക്ക് പോലും 400 രൂപയ്ക്ക് മുകളിൽ വില എത്തി. അതോടെ, മത്തിയെയും മാറ്റി നിര്‍ത്തുകയല്ലാതെ മാര്‍ഗ്ഗമില്ലാതായി. മാത്രമല്ല, ആവശ്യത്തിന് മീൻ ലഭിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് വളർത്തു മത്സ്യങ്ങൾ വൻതോതിൽ വിൽപ്പനയ്ക്കായി എത്തുന്നത്. 100 മുതൽ 150 രൂപ വരെ നിരക്കിൽ വളർത്തു മത്സ്യങ്ങൾ ലഭിക്കും. പിരാന, വാള, തിലോപ്പിയ, കണമ്പ്, കട്ട്ള, കാരി തുടങ്ങിയ മീനുകളാണ് കൂടുതലായും മത്സ്യ മാർക്കറ്റുകളിൽ ഇപ്പോൾ ലഭിക്കുന്നത്. ഇതിൽ പിരാനക്കും തിലോപ്പിയക്കും ആണ് ആവശ്യക്കാർ ഏറെയും. ട്രോളിംഗ് നിരോധനം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരുന്ന വളർത്തു മത്സ്യ കൃഷിക്ക് കൂടിയാണ് പ്രയോജനമായിട്ടുള്ളത്. കടൽ മത്സ്യത്തിന്റെ ലഭ്യത വർധിക്കുന്നതോടെ വളർത്തു മത്സ്യങ്ങൾക്ക് വീണ്ടും വില ഇടിയുവാനാണ് സാധ്യത.
ഇടുക്കിയിലെ മത്സ്യ കര്‍ഷകര്‍ക്ക് ചാകര

